പല കൊല്ലത്തെ പരിശീലനംകൊണ്ട് പരിപുഷ്ടമാക്കപ്പെട്ട കായികബലത്തോടുകൂടിയ ഒരു മല്ലയുദ്ധ പ്രവീണന്‍ തന്റെ മുറിക്കുള്ളില്‍ സ്വസ്ഥനായിരിക്കുകയാണെങ്കില്‍ തന്റെ സാമര്‍ത്ഥ്യവും ശക്തിയും കഴിവും പരീക്ഷിക്കപ്പെടാനോ അനുഭവിക്കാനോ സന്ദര്‍ഭം ലഭിക്കുകയില്ല. എന്നാല്‍ മറ്റൊരു കായികാഭ്യാസി വന്ന് വെല്ലുവിളിക്കട്ടെ അപ്പോള്‍ മാത്രമാണ് ഒരു രാക്ഷസന്റെ ശക്തിയോടെ പ്രതിയോഗിയെ ഏറ്റുമുട്ടാന്‍ സന്ദര്‍ഭം ലഭിക്കുന്നത്.
അതുപോലെ ഗുഹാന്തര്‍ഭാഗത്ത് കഴിയുന്ന ഒരു താപസന് തന്റെ ജ്ഞാനവും തപഃശക്തിയും പരീക്ഷിക്കപ്പെടാന്‍ അവസരമില്ല. എന്നാല്‍ പ്രശ്‌നങ്ങളും വെല്ലുവിളികളും നിറഞ്ഞ ലോകജീവിതം നിങ്ങളുടെ വിശ്വാസത്തേയും ആദ്ധ്യാത്മികശക്തിയേയും പരീക്ഷിക്കാന്‍ വേണ്ടുവോളം സന്ദര്‍ഭങ്ങള്‍ നല്‍കും.
ധാര്‍മ്മികമേഖലയില്‍ വികസിക്കാനുള്ള അവസരങ്ങളും സമ്മാനിക്കും.
അനാരോഗ്യം മഹത്വാഞ്ചല്യം വിശ്വാസരാഹിത്യം ധര്‍മ്മാചരണപഥത്തില്‍ നിന്നുള്ള വ്യതിയാനം ഇവയാണ് ആധുനിക സമൂഹത്തിന്റെ നാല് ശാപങ്ങള്‍. ഈ ശാപങ്ങള്‍ കാരണം ഈശ്വരസാക്ഷാത്കാരം അത്യന്തം ദുഷ്‌ക്കരമായി ഭവിച്ചിരിക്കുന്നു. ആരോഗദൃഢമായ ശരീരവും സുരക്ഷിതമായ മനസ്സും ഈശ്വരനില്‍ സുസ്ഥിരമായ വിശ്വാസവും ധര്‍മ്മനിഷ്ഠാ നിരതമായ സ്വഭാവവും വളര്‍ത്തിയെടുക്കുക.
ആദ്ധ്യാത്മിക ജീവിതത്തിന്റെ തത്വങ്ങളും ആദര്‍ശങ്ങളും മുമ്പില്‍ തിങ്ങിക്കൂടിയ സാധകന്മാരെ അനുസ്മരിച്ചുകൊണ്ട് പരാശക്തി മാതാവ് ഇങ്ങിനെ തുടര്‍ന്ന്.
നിങ്ങളില്‍ അധികപേരും ഉപദേശദീക്ഷ സ്വീകരിച്ചവരാണ്. അമ്മ നിങ്ങളെ ആന്തരിക പഥത്തിലേക്ക പ്രവേശിച്ചിട്ടുണ്ട്. നിങ്ങളെ നയിക്കാനും പ്രചോദനമരുളാനും തെറ്റ് തിരുത്താനും ലക്ഷ്യത്തിലെത്താനുള്ള പ്രയാണത്തിന് ശക്തിതരാനും നിങ്ങള്‍ക്ക് ഗുരുവചനം ശക്തിയായുണ്ട്.
അമ്മയുടെ കൃതികളും അമ്മയുടെ സമ്പര്‍ക്കവും നിങ്ങള്‍ക്കിന്നുണ്ട്. പക്ഷേ, സുശക്തമായ അന്തഃപ്രചോദനം നിങ്ങളിലുണ്ടായിരിക്കണം. പ്രജ്ഞ ഗാഢമായ ഈശ്വരവിശ്വാസത്തില്‍ നങ്കൂരമുറപ്പിച്ചിരിക്കണം. മനസ്സ് എപ്പോഴും പ്രശാന്തവും പ്രസന്നവും വിശാലവും നിശ്ചലമാക്കപ്പെട്ടതുമായിരിക്കണം.
ശ്രീ രമാദേവി
















