പത്തനംതിട്ട: യുവാവിന് ജീവന് രക്ഷാപതക്ക് നിഷേധിക്കപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ച് അന്വേഷണം. അപകടത്തില്‍നിന്ന് മൂന്ന് കെഎസ്ഇബി ജീവനക്കാരെ രക്ഷിച്ച പത്തനംതിട്ട മല്ലശേരി കൈലാസത്തില്‍ ഗോപാലകൃഷ്ണന്റെ മകന് ധനേഷ്കൃഷ്ണനാണ് ധീരതക്കുള്ള അവാര്‍ഡ് നിഷേധിക്കപ്പെട്ടത്.
പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിലെ സീക്രട്ട് വിഭാഗത്തില്‍ നിന്നും യഥാസമയം ഫയല്‍ നീങ്ങാതിരുന്നതാണ് അര്‍ഹതപ്പെട്ട അവാര്‍ഡ് ധനേഷിന് നഷ്ടമാക്കിയത്. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിക്ക് സമീപമുള്ള 11കെവി ട്രാന്‍സ്ഫോര്‍മറില്‍ അറ്റകുറ്റപ്പണികള്‍ക്കിടെ 3 ജീവനക്കാര്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. അതിസാഹസികമായി ധനേഷ്നടത്തിയ ഇടപെടലാണ് മൂന്നുപേരുടെയും ജീവന് രക്ഷിച്ചത്.
2013 നവംബര്‍ 27നായിരുന്നു സംഭവം.ഇത് ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ വിപുലമായ സ്വീകരണം നല്‍കുകയും ചെയ്തിരുന്നു. മന്ത്രി ധനേഷിനെ ജീവന്രക്ഷാപതക്കിന് പരിഗണിക്കാന്‍ പൊതുഭരണവകുപ്പിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും കൈക്കൊണ്ടു. വിശദാംശങ്ങളും മാധ്യമ വാര്‍ത്തകളും 2014 ജൂലൈ 11ന് പത്തനംതിട്ട കളക്ടറേറ്റില്‍ സമര്‍പ്പിച്ചു.
2015ലെ റിപ്പബ്ലിക് ദിനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ബഹുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ധനേഷും കുടുംബവും നാട്ടുകാരും. എന്നാല്‍ അവാര്‍ഡിന് പരിഗണിച്ചവരുടെ കൂട്ടത്തില്‍ ധനേഷ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കളക്ട്രേറ്റിലെ സീക്രട്ട് സെക്ഷനില്‍ ഫയല്‍ പൂഴ്ത്തിവച്ചതായി വെളിവായത്.
പരാതിയുമായി ധനേഷ് രംഗത്തെത്തിയതിനെ തുടര്‍ന്ന് അടുത്തയിടെ ഫയല്‍ കോന്നി താലൂക്ക് ഓഫീസിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് എഡിഎം സുരേഷ്കുമാര്‍ പറഞ്ഞു. ജീവന് പണയംവെച്ച് മൂന്നുപേരെ രക്ഷിച്ച ധനേഷിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ടൗണിലെ ഹോട്ടല്‍ ജീവനക്കാരനാണ് ധനേഷിന്റെ പിതാവ് ഗോപാലകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: