തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദ്ദിച്ചും അതിക്രൂരമായി കൊന്ന ബിസിനസുകാരന് നിസാമിനെതിരായ കേസ് മുക്കാന്‍ തുടക്കം മുതല്ക്കേ ശ്രമങ്ങള്‍ നടന്നിരുന്നു. ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ കാണാതായ സംഭവവും ഡിജിപിക്കെതിരായ വെളിപ്പെടുത്തലും ഏറ്റവും ഒടുവിലത്തെ തെളിവുകളാണ്.
സംഭവം നടന്ന വിവരമറിഞ്ഞെത്തിയ പോലീസ് നിസാമിനെ കൈയാമംവെക്കാതെയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പത്തു രൂപ മോഷ്ടിച്ചവരെപ്പോലും വിലങ്ങു വച്ച് ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ് ഈ കൃത്യവിലോപം. അരുംകൊല നടക്കുമ്പോള്‍ നിസാമിന്റെ ഭാര്യ കാറിലുണ്ടായിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിട്ടും അവരെ കസ്റ്റഡിയിലെടുക്കുവാനോ ചോദ്യം ചെയ്യാനോ തയ്യാറായിട്ടില്ല.വിവാദം ആയതോടെ അവരില്‍ നിന്ന് മൊഴിയെടുത്ത് പോലീസ് തലയൂരി.
നിസാമിന് എറണാകുളത്ത് പിടിയിലായ കൊക്കൈയ്ന്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് വെളിവായിരുന്നു. ഇതിന്റെ മറവില്‍ തെളിവെടുപ്പിനെന്ന പേരില്‍ ബംഗളൂരിലേക്ക് തിരക്കിട്ട് കൊണ്ടുപോയതിന് പിന്നിലും ദുരൂഹതയുണ്ട്. നിസാമിന്റെ വാഹനത്തിലാണ് പോലീസ് ബംഗളൂരുവിലേക്ക് പോയത്. പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈലാണ് നിസാം ഉപയോഗിച്ചത്.
നിസാമിന് തമിഴ്നാട്ടിലും കര്‍ണാടകയിലുമായി കോടികളുടെ സ്വത്താണുള്ളത്. ബംഗളൂരിലേക്ക് കൊണ്ടുപോയതു വഴി ഇത് തന്റെ ബന്ധുക്കളുടേയും മറ്റു ബിനാമി പേരുകളിലേക്കും മാറ്റുന്നതിനുള്ള അവസരമുണ്ടാക്കിക്കൊടുക്കുകയാണ് പോലീസ് ചെയ്തതെന്നാണ് സംശയം.
ഇതിനിടെയാണ് മുന്‍സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെതിരെ ആരോപണം ഉയര്‍ന്നത്. നിസാമിനെ ഒറ്റയ്ക്ക് ഒന്നരമണിക്കൂറോളം തന്റെ മുറിയിലിരുത്തി സംസാരിപ്പിച്ചതില്‍ സംശയമുണ്ടെന്ന് കാണിച്ച് ഐ.ജി. നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. ഇതിന്റെ വിവാദവും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
നാടിന് ഭീഷണിയായ നിസാമിനെതിരെ ഇതുവരെ കാപ്പ ചുമത്തിയിട്ടില്ല. കാപ്പ ചുമത്താന്‍ പറ്റില്ലെന്ന വാദം വരെ ഉയര്‍ന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട് മുന്‍ കമ്മീഷണര്‍ പേരാമംഗലം സി.ഐയോട് റിപ്പോര്‍ട്ട് തേടി. ഇതിന്റെ പകര്‍പ്പ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചു എന്നു പറഞ്ഞെങ്കിലും ഇത് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലും വലിയ ദുരൂഹതയുണ്ട്.
ഇതിനിടെ കര്‍ണാടകയില്‍നിന്നും വാറണ്ടുമായെത്തി നിസാമിനെ അങ്ങോട്ടു കൊണ്ടുപോയതിലും ഉന്നതതല ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സംശയം. അവിടെ മലയാളിയാണ് ആഭ്യന്തരമന്ത്രി. ഭരിക്കുന്നത് കോണ്‍ഗ്രസും.ഭരണ-പ്രതിപക്ഷ കക്ഷികളിലെ ഉന്നതരുമായി നിസാമിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി ചിത്രങ്ങള്‍ ജന്മഭൂമി പുറത്ത് വിട്ടിരുന്നു.
തൃശൂര്‍ ഡിസിസി പ്രസിഡന്റ് ഒ.അബ്ദുറഹിമാന് കുട്ടി നിസാമിനെ ജയിലില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സിപിഎം എംഎല്‍എ കെ.വി.അബ്ദുള്‍ ഖാദര്‍,സിപിഐ എംഎല്‍എ വി.എസ്.സുനില്‍കുമാര്‍, കോണ്‍ഗ്രസ് എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന് എന്നിവരും ഡിഡിസി ജനറല്‍ സെക്രട്ടറിമാരും നിസാമിന് ഒപ്പം നില്ക്കുന്ന ചിത്രങ്ങള്‍ ജന്മഭൂമി പുറത്തുവിട്ടത്. നിസാമിനെതിരായ കേസ് മുക്കാന്‍ ഇരുമുന്നണിയിലുള്ളവരും ഇടപെടുമെന്നുമുറപ്പാണ്. കേസ് ഒതുക്കാന്‍ ഡിജിപി ഇടപെട്ടെന്നും രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ നിസാമില്‍ നിന്ന് ആറുകോടി രൂപ വാങ്ങിയെന്നുമുള്ള പി.സി. ജോര്‍ജ് വെളിപ്പെടുത്തിയതോടെ കേസ് പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: