293. അധ്യുഷ്ടവലയാ ദീപ്താ: – മൂന്നരചുറ്റുള്ളവളായി ശോഭിക്കുന്നവള്‍. മൂന്നരച്ചുറ്റുമായി ചുരുണ്ടുകിടക്കുന്ന ഒരു സര്‍പ്പത്തിന്റെ ആകൃതിയില്‍ മിന്നല്‍ക്കൊടിപോലെ പ്രകാശിക്കുന്നവളായി കുണ്ഡലിനീശക്തിയെ സ്തുതിക്കുന്നു.
294. ബിസതന്തുതനീയസീ: – ബിസതന്തു- താമരനൂല്‍. താമര തണ്ടിനകത്തുള്ള നാളംപോലെ ഏറ്റവും ചെറുതായവള്‍ എന്ന പ്രയോഗം സുഷുമ്‌നാനാളത്തിനകത്തുള്ള കുണ്ഡലിനിയുടെ സ്ഥിതിയെക്കുറിക്കുന്നു. സുഷുമ്‌നാനാഡി തന്നെ താമരനാളത്തെക്കാള്‍ എത്രയോ നേര്‍ത്തതാണ്. വലിപ്പം കുറിക്കുന്ന ആലങ്കാരികപ്രയോഗമല്ല ഈ നാമം.
295. മൂലാധാരാംബുജാരൂഢാ: – മൂലാധാരം എന്ന ആധാരപദ്മത്തില്‍ സ്ഥിതിചെയ്യുന്നവള്‍. നട്ടെല്ലിന്റെ കീഴറ്റത്തുള്ള ത്രികോണാസ്ഥിക്കുള്ളിലുള്ള മജ്ജാകേന്ദ്രത്തില്‍നിന്നു മുകളിലോട്ട് തലയോട്ടിക്കുള്ളിലുള്ള സഹസ്രദളപദ്മം വരെയാണ് സുഷുമ്‌നാനാഡിയുടെ വ്യാപ്തി. ആ സുഷുമ്‌നാനാഡിയില്‍നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങണളിലേയ്‌ക്കു പോകുന്ന നാഡീസമൂഹം കെട്ടിപിണഞ്ഞ് താമരപ്പൂവുപോലെയോ പല ആരക്കാലുകളുള്ള ചക്രംപോലെയോ ആകുമെന്നതിനാല്‍ മൂലാധാരപദ്മമെന്നും മൂലാധാരചക്രമെന്നും ഈ നാഡീകേന്ദ്രത്തിനു പേര്. മൂലാധാരപദ്മത്തിനുള്ളില്‍ കുണ്ഡലിനീദേവി സ്വതന്ത്രമൂര്‍ത്തിയുള്ള ഒരു ദേവീമൂര്‍ത്തിയായി സ്ഥിതിചെയ്യുന്നു.
296. ശ്രുതിപത്രവിലാസിനീ: – ശ്രുതി എന്ന പദത്തിനു വേദം എന്നര്‍ത്ഥം. സംഖ്യയെ കുറിക്കാന്‍ ശ്രുതി എന്നോ വേദം എന്നോ പറയുമ്പോള്‍ വേദങ്ങളുടെ സംഖ്യ നാലാകയാല്‍ നാല് എന്നര്‍ത്ഥം. ശ്രുതിപത്രം- നാല് ഇതളുകള്‍. മൂലാധാര പദ്മത്തിന് നാലിതളുകളാണ്. മഹാദേവി നാലിതളുകളുള്ള മൂലാധാരപത്രത്തില്‍ പ്രകാശിക്കുന്നു. (നാല് അരക്കാലുകളുള്ള മൂലാധാര ചക്രത്തില്‍ പ്രകാശിക്കുന്നു എന്നുപറയാം.
…. തുടരും
















