ഇടുക്കി: ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം വന്യജീവികള്‍ കാടിറങ്ങുന്നു. മൂന്നാര്‍, പീരുമേട് എന്നിവിടങ്ങളില്‍ പുലിയിറങ്ങിയതാണ് അവസാന സംഭവം. മറയൂര്‍, അടിമാലി, എന്നിവിടങ്ങളില്‍ കാട്ടാനയുടെ ശല്യവും മുന്‍കാലങ്ങളെക്കാള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.
നഗരവത്കരണത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടിവന്നതും വനത്തിനുള്ളിലെ ഭക്ഷ്യവസ്തുക്കളുടെ കുറവും കാലാവസ്ഥ വ്യതിയാനവും മൃഗങ്ങളെ കാട് വിട്ട് നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചുവെന്നാണ് പരിസ്ഥിതി പഠന വിദഗ്ധനായ സുധീറിന്റെ നിരീക്ഷണം. കാട് ശുഷ്കമായതും വനങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെട്ടതും വന്യമൃഗങ്ങളുടെ സഞ്ചാര കേന്ദ്രത്തിനും പ്രജനനകേന്ദ്രങ്ങള്ക്കും തടസ്സം സൃഷ്ടിച്ചുവെന്ന് പരിസ്ഥിതി പ്രവര്ത്തകന് ജോണ്‍ പെരുവന്താനം പറഞ്ഞു.
കടുവക്ക് വനത്തിനുള്ളില്‍ 10 കിലോമീറ്റര്‍ ദൂരപരിധിയാണ് അതിന്റെ സൈ്വര്യവിഹാരത്തിന് വേണ്ടത്. കുറഞ്ഞത് മാനുള്‍പ്പെടെ 700 ചെറു മൃഗങ്ങളെയാണ് ഒരു വര്‍ഷത്തേക്ക് ഭക്ഷിക്കാന്‍ വേണ്ടത്. വനത്തിലെ കുടിവെള്ളത്തിന്റെ കുറവ് മൂലം ജലാംശം കൂടുതലുള്ള കാര്‍ഷിക വിളകളായ വാഴ, തെങ്ങ്, എന്നിവ ഭക്ഷ്യയോഗ്യമാക്കാന്‍ വേണ്ടിയാണ് ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്. സാമ്പത്തിക സന്തുലനത്തോടൊപ്പം പാരിസ്ഥിതിക സന്തുലനവും മനുഷ്യന്റെ നിലനില്‍പ്പിന് ആവശ്യമാണ്. കാടിറങ്ങയി വന്യജീവികള്‍ കഴിഞ്ഞ വര്‍ഷം ആയിരത്തോളം ഏക്കര്‍ പ്രദേശത്തെ കൃഷി നശിപ്പിച്ചിട്ടുണ്ട്. അന്‍പതോളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2013-14 വര്‍ഷങ്ങളില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന് നാശനഷ്ടങ്ങള്‍ക്കുള്ള ധനസഹായമായി 472315 ലക്ഷം രൂപ നല്കി.
സുരക്ഷ ഒരുക്കുന്നു
ഇടുക്കി: ജനവാസ മേഖലയില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ സുരക്ഷ നടപടികള്‍ പുരോഗമിക്കുന്നു.സോളാര്‍ വൈദ്യുതി ഉപയോഗിച്ച് ഇടുക്കിയില്‍ 16.30 കിലോമീറ്ററും തേക്കടിയില്‍ 12.10 കിലോമീറ്ററും വൈദ്യുത വേലികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
വൈല്‍ഡ് ലൈഫ് ഇടുക്കി ഡിവിഷന്റെ ക്യാംപുകളുടെ സമീപത്ത് 750 മീറ്ററില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി ട്രഞ്ചുകളും ഇടുക്കി ആദിവാസി സെറ്റില്‍മെന്റ് മേഖലകളില്‍ അഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ കയ്യാലയുടെ നിര്‍മ്മാണവും പൂര്‍ത്തിയായി.
മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ ഭാഗമായി ചിന്നാര്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് സോളാര്‍ വൈദ്യുത വേലികളും മറ്റ് ഇടങ്ങളില്‍ ട്രഞ്ചുകളും സ്ഥാപിച്ചു. ഇരവികുളം നാഷണല്‍ പാര്‍ക്ക്, ചിന്നാര്‍ തുടങ്ങിയ മേഖലകളിലെ ആനയുടെ ആക്രമണം തടയുന്നതിന് കയ്യാലകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: