ബോയ്‌സെ (അമേരിക്ക): അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ഇഡാഹോ സ്‌റ്റേറ്റിന്റെ സെനറ്റ് യോഗത്തിന്റെ പ്രാരംഭത്തില്‍ ഹിന്ദു പുരോഹിതന്‍ പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തില്‍ അസാധാരണ സംഭവമാണിത്. ഔദ്യോഗികമായി ക്ഷണിക്കപ്പെട്ടതനുസരിച്ചു നടന്ന ഈ സംഭവത്തില്‍ പ്രതിഷേധവുമുണ്ടായി.
അമേരിക്ക ക്രിസ്തുമതപ്രധാനമായ രാജ്യമാണെന്നും ഹിന്ദുപ്രാര്‍ത്ഥന വിശ്വാസങ്ങള്‍ക്കെതിരാണെന്നും ആരോപിച്ച് ചില സെനറ്റര്‍മാര്‍ ഇറങ്ങിപ്പോയി. കഴിഞ്ഞ മാസം ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ട വാഷിങ്ടണിലെ പ്രദേശങ്ങള്‍ ഇഡാഹോയുടെ അതിര്‍ത്തിമേഖലയിലാണ്.
യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് രാജന്‍ സേദ് ആണ് പ്രാര്‍ത്ഥനാ ഗീതം ആലപിച്ചത്. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും അദ്ദേഹം പാടി. വൈയക്തിക നേട്ടത്തെക്കുറിച്ചാലോചിക്കാതെ നിസ്വാര്‍ത്ഥ സേവനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ഗീതത്തിന്റെ ഉള്ളടക്കം. അതിന് ഭൂമിയിലും ആകാശത്തും ജലത്തിലും സ്വര്‍ഗ്ഗത്തിലുമുള്ള സര്‍വശക്തനോടു പ്രാര്‍ത്ഥിക്കാമെന്നായിരുന്നു സന്ദേശം.
സെനറ്റിന്റെ ഇടക്കാല അദ്ധ്യക്ഷന്‍ ബ്രെന്റ് ഹില്‍ ആണ് രാജന്‍ സേദിനെ ചടങ്ങില്‍ അതിഥി പുരോഹിതനാകാനും സെനറ്റുയോഗത്തിനു മുമ്പ് പതിവായി ക്രിസ്തീയ പുരോഹിതന്മാര്‍ പ്രാര്‍ത്ഥന പാടുന്നതിനു പകരം പ്രാര്‍ത്ഥനാ ഗീതം ആലപിക്കാനും ക്ഷണിച്ചത്. ബോയിസെ ഇഡാഹൊ സെനറ്റിന്റെ ആദ്യസമ്മേളന ദിവസം ക്രിസ്തീയ പുരോഹിതരുടെ പ്രാര്‍ത്ഥനയോടെയാണ് സാധാരണ തുടങ്ങുക.
പ്രാര്‍ത്ഥന ആരംഭിച്ചപ്പോള്‍തന്നെ ചില സെനറ്റര്‍മാര്‍ പ്രതിഷേധിച്ചു. അവരുടെ പ്രതിഷേധത്തിനുള്ള കാരണം പരിശോധിക്കുമെന്നും പക്ഷേ, തനിക്ക് ഈ പ്രാര്‍ത്ഥനയില്‍ ഒരു അപാകതയും തോന്നിയില്ലെന്നും ഹില്‍ പറഞ്ഞു. പ്രാര്‍ത്ഥനയില്‍ പരാമര്‍ശിക്കുന്നത് സര്‍വശക്തനെയാണ്, അദ്ദേഹം വിശദീകരിച്ചു.
അമേരിക്ക ക്രിസ്തുദര്‍ശനത്തില്‍ പടുത്തുയര്‍ത്തിയതാണ്, അതിനെ അട്ടിമറിക്കുന്ന ഹിന്ദു പ്രാര്‍ത്ഥന പാടില്ല, അവര്‍ പശുവിനെ ആരാധിക്കുന്നവരാണ് തുടങ്ങിയ വാദങ്ങളാണ് എതിര്‍ത്തവര്‍ ഉയര്‍ത്തിയത്.
ഭൂരിപക്ഷം സെനറ്റര്‍മാരും പ്രാര്‍ത്ഥന സ്വാഗതം ചെയ്തതായി സേദ് പറഞ്ഞു.
ഓഹിയോ പാര്‍മയിലെ ശിവക്ഷേത്ര പൂജാരിയായിരുന്ന വെങ്കടാചലപതി സാമുല്‍ദ്രാലാ 2000-ല്‍ വാഷിങ്ടണ്‍ സെനറ്റിന്റെ പ്രാരംഭദിനത്തില്‍ പ്രാര്‍ത്ഥന ആലപിച്ചതാണ് ഇതിനുമുമ്പുള്ള ഏക സംഭവം.
















