ബ്രഹ്മാണ്ഡമണ്ഡലവ്യാപ്താ ചിച്ഛക്തിര്‍ വിശ്വചേതനാ
മഹാശക്തിഃ കുണ്ഡലിനീ പിണ്ഡാണ്ഡപരിവൃദ്ധിദാ
288. ബ്രഹ്മാണ്ഡമണ്ഡലവ്യാപ്താ – ബ്രഹ്മാണ്ഡമണ്ഡലത്തിലാകെ വ്യാപിച്ചവള്‍. ബ്രഹ്മാണ്ഡമണ്ഡലങ്ങളായി വ്യാപിച്ചവള്‍ എന്നും വ്യാഖ്യാനിക്കാം. കോടിക്കണക്കിനു ബ്രഹ്മാണ്ഡങ്ങള്‍, അവയിലോരോന്നിലും ബഹുകോളി ലോകങ്ങള്‍, അവയില്‍ ഓരോന്നിലും ചരവും അചരവും ജീവിയും ജഡവുമായി അനേകമനേകം വസ്തുക്കളും പ്രതിഭാസങ്ങളും പ്രവര്‍ത്തനങ്ങളും. എല്ലാത്തിലും വ്യാപിച്ചിരിക്കുന്നത് ഒരേ ചൈതന്യം. എല്ലാത്തിലും വ്യാപിച്ചിരിക്കുന്നതും എല്ലാമായി വ്യാപിക്കുന്നതും മൂകാംബികാക്ഷേത്രത്തില്‍ കുടികൊള്ളുന്ന പരാശക്തിതന്നെയാണ്.
289. ചിച്ഛക്തി – ചിത്ത് രൂപമായ ശക്തി. ചിത് എന്ന പദത്തിന് ജ്ഞാനം, ബുദ്ധി, ധാരണ എന്നീ അര്‍ത്ഥങ്ങളുണ്ട്. ജ്ഞാനമായും ബുദ്ധിയാലും ധാരണയായും പ്രവര്‍ത്തിക്കുന്ന സര്‍വാതീതമായ ശക്തി. പരാശക്തിയെന്നോ പരബ്രഹ്മമെന്നോ വാഴ്‌ത്തപ്പെടുന്ന മൂകാംബികയെന്ന നാമം കുറിക്കുന്നു. സര്‍വപ്രാണികളിലും സര്‍വ പ്രപഞ്ചത്തിലും നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം എന്നു വ്യാഖ്യാനിക്കാം.
290. വിശ്വചേതനാ – വിശ്വത്തിന്റെ ചേതന, വിശ്വമാകെ വ്യാപിക്കുന്ന അഖണ്ഡചൈതന്യം, വിശ്വത്തെ അപഗ്രഥിച്ചാല്‍ പലപ്പോഴും പല തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നെന്നുവരും. ചൈതന്യവും ജഡവുമായുള്ള ചേര്‍ച്ചയാണു വിശ്വം എന്നത് അതില്‍ ഒരു തീരുമാനമാണ്. ജഡമെന്നു നാം കരുതുന്നത് ചൈതന്യത്തിന്റെ ഒരു രൂപമാണ്. ജഡമായ ചൈതന്യം പ്രവര്‍ത്ത്യുന്മുഖമാകുമ്പോള്‍ ജീവനുള്ളതായി മാറും. വിശ്വത്തിന്റെ ഓരോ ഘടകത്തിനും ജഗത്തിനു മൊത്തത്തിലും ഈ നിയമം ബാധകമാണ്. വിശ്വമായി രൂപംകൊള്ളുകയും വിശ്വചേതനയായി അതിനെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന പരാശക്തിതന്നെയാണു വിശ്വചേതന.
… തുടരും
















