ലണ്ടന്‍: ‘ജിഹാദി ജോണ്‍’ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ ബ്രിട്ടീഷ് പൗരനാണെന്ന് തിരച്ചറിഞ്ഞു. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും തട്ടിക്കൊണ്ട് പോയവരെ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന മുഹമ്മദ് ഇംവാസി എന്ന ഈ ഭീകരന്‍ പടിഞ്ഞാറന്‍ ലണ്ടന്‍ സ്വദേശിയാണെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.
ലണ്ടനിലെ കിങ്‌സ് കോളേജ് ഇയാളെ കൃത്യമായി തിരിച്ചറിഞ്ഞതായി ബിബിസിയും, ദി ഗാര്‍ഡിയനും, ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മാധ്യമങ്ങളുടെ കണ്ടെത്തലുകളെ മെട്രോ പൊളിറ്റന്‍ പോലീസ് തള്ളി. പഠനകാലത്ത് വളരെ നല്ല സ്വഭാവമായിരുന്നു ഇയാളുടെതെന്ന് പറയുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് വിദ്യാര്‍ത്ഥിയായിരുന്ന ഇയാള്‍ ദിവസവും പള്ളിയില്‍ പോകുമായിരുന്നു. ആറു വര്‍ഷം മുമ്പാണ് ഇയാള്‍ അപ്രത്യക്ഷനാവുന്നതെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ ജേണലിസ്റ്റ് ജെയിംസ് ഫോളിയെ കഴുത്തറുത്തുകൊണ്ട് ഇയാള്‍ 2014 ആഗസ്റ്റിലാണ് ആദ്യമായി വീഡിയോവില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മറ്റൊരു അമേരിക്കന്‍ ജേണലിസ്റ്റ് സ്റ്റിവാന്‍ സോട്ട് ലോഫ്, ബ്രിട്ടീഷ് എയ്ഡ് വര്‍ക്കര്‍ ഡേവിഡ് ഹെയ്ന്‍സ്, ബ്രിട്ടീഷ് ടാക്‌സി ഡ്രൈവര്‍ അലന്‍ ഹെന്നിങ്, അമേരിക്കന്‍ എയ്ഡ് വര്‍ക്കര്‍ അബ്ദുള്‍ റഹ്മാന്‍ കാസിഗ് എന്നിവരുടെയും തലയറുക്കുന്ന വീഡിയോവില്‍ ഇയാള്‍ ഉണ്ടായിരുന്നു. ജപ്പാന്‍കാരെ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോവിലും ഇയാള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കറുത്ത വസ്ത്രത്താല്‍ മൂടപ്പെട്ട ഇയാളുടെ കണ്ണുകള്‍ മാത്രമെ പുറത്ത് കാണുമായിരുന്നുള്ളു. യുഎസിന്റെ ആക്രമണത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി യുകെ അവകാശപ്പെട്ടിരുന്നു.
















