കഴുതയോട് പ്രാര്‍ത്ഥിക്കുമെങ്കില്‍ നിങ്ങള്‍ ആനന്ദവാനായിത്തീരുമെന്ന് ആരെങ്കിലും പറഞ്ഞുതന്നിരുന്നെങ്കില്‍ നിങ്ങള്‍ അങ്ങനെ ചെയ്യുമായിരുന്നില്ലേ. ദൈവത്തെ അറിയാനുള്ളതല്ല നിങ്ങളുടെ ത്വര. ഭയംകൊണ്ടോ അത്യാഗ്രഹംകൊണ്ടോ ആണ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. ക്ഷേത്രങ്ങളില്‍ പോകുന്നത്, അതിനു ദൈവവുമായി ബന്ധമൊന്നുമില്ല. നിങ്ങളുടെ ഈ പ്രവൃത്തിയുടെ പുറകിലൊളിഞ്ഞിരിക്കുന്നത് ഭയവും അത്യാഗ്രഹവും മാത്രമാണ്.
ദൈവികതയ്‌ക്കുവേണ്ടിയുളള ദാഹമാണതെന്ന് ഒരിക്കലും കരുതരുത്. നിങ്ങളുടെ ഭയത്തിനും അത്യാഗ്രഹത്തിനും പരിഹാരമായൊരു വഴി നിങ്ങള്‍ കണ്ടെത്തി. അത്രമാത്രമേയുള്ളൂ. ഇത് ദൈവികതയല്ല. ഈ ജീവിതം ആനന്ദകരമായ ഒന്നായി അനുഭവിച്ചറിയുമ്പോള്‍ മാത്രമേ നിങ്ങള്‍ നിങ്ങളുടെ ഉള്ളിലെ ദൈവികത അറിയുകയുള്ളൂ. ആനന്ദത്തോടെ ഈ സൃഷ്ടിയെ അറിയുമ്പോള്‍ മാത്രമേ അതിനെ സൃഷ്ടിച്ച ശക്തിയെക്കുറിച്ചറിയാനുള്ള ത്വര ഉണ്ടാവൂ.
ഒരു കലാസൃഷ്ടി, ഒരു ചിത്രം നിങ്ങള്‍ കണ്ടുവെന്നിരിക്കട്ടെ. അത് വളരെ സുന്ദരമായിരുന്നുവെന്നും ഇരിക്കട്ടെ. അതു കാണുന്ന വേളയില്‍ത്തന്നെ ആരാണത് സൃഷ്ടിച്ചതെന്നറിയാന്‍ നിങ്ങളാഗ്രഹിക്കില്ലേ. ഒരുപൂവു കാണുമ്പോള്‍ അത് വളരെ സുന്ദരമായിരിക്കുന്നുവെന്ന് നിങ്ങള്‍ക്കുതോന്നുകയും ആരാണതിന്റെ സൃഷ്ടാവെന്നറിയാന്‍ അപ്പോള്‍തന്നെ ആഗ്രഹിക്കുകയും ചെയ്യും. ഈ ഒരു ചോദ്യം ഉള്ളില്‍ നിറയുമ്പോള്‍, ഇങ്ങനെയൊരു ചോദ്യം ഉള്ളിലുദിക്കുമ്പോള്‍ ദൈവത്തെക്കുറിച്ചുള്ള അനേ്വഷണം തുടങ്ങാം. ആ വേളയില്‍ നിങ്ങള്‍ക്ക് ദൈവത്തെ അനേ്വഷിക്കാം. ആനന്ദത്തോടെ ഇരിക്കുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് ദൈവത്തെ അനേ്വഷിക്കാനാവൂ.
















