” യതഃ പ്രവൃത്തിര്‍ഭൂതാനാം യേന സര്‍വ്വമിദം തതം
സ്വകര്‍മ്മണാ തമഭ്യര്‍ച്യ സിദ്ധീം വിന്ദതി മാനവഃ”
”ഈ പ്രാണികളെല്ലാം ഏതൊന്നില്‍നിന്നാണോ ഉണ്ടായിട്ടുള്ളത്, എതൊന്നാണോ ഉപാദാനകാരണവടിവില്‍ ദൃശ്യാദൃശ്യാത്മകമായ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞിരിക്കുന്നത്, ആ ഈശ്വരനെ മനുഷ്യന്‍ ശാസ്ത്രത്തില്‍ തനിക്കു വിധിച്ചിട്ടുള്ള കര്‍മ്മംകൊണ്ടു പൂജിച്ചു സിദ്ധനായിത്തീരുന്നു” എന്നത്രേ ഈ ശ്ലോകത്തിന്റെ അര്‍ത്ഥം.
” യത് കരോഷി യദശ്ശാസി യജ്ജുര്‍ഹോഷി ദദാസി യത്
യത്തപസ്യസി കൗന്തേയ തത് കരുഷ്വ മദര്‍പ്പണം”
(അല്ലയോ കുന്തീപുത്ര, നീ ഏതെല്ലാം കര്‍മ്മം ചെയ്യുന്നുവോ ഏതെല്ലാം വിഷയങ്ങനുഭവിക്കുന്നുവോ ശാസ്ത്രീയമായ ഏതെല്ലാം ഹോമകര്‍മ്മങ്ങള്‍ ചെയ്യുന്നുവോ ഏതുവിധത്തിലുള്ള തപസ്സുകള്‍ ചെന്നുവോ അതെല്ലാം എന്നില്‍ സമര്‍പ്പിക്കുക) എന്ന ശ്ലോകത്തിലും സര്‍വ്വകര്‍മ്മങ്ങളും ഭഗവാനില്‍ അര്‍പ്പിക്കണമെന്നാണ് അവിടുന്നുപദേശിക്കുന്നതെന്നു വ്യക്തമാകുന്നുണ്ട്.
സകലവിധത്തിലുള്ള ബന്ധത്തിനും കാരണം കര്‍മ്മമാണെന്നുള്ളത് ആസ്തികദര്‍ശനങ്ങളെല്ലാം ഒരുപോലെ സമ്മതിക്കുന്നു. കര്‍മ്മമുക്തികൊണ്ടേ സംസാരമുക്തി സിദ്ധിക്കുകയുള്ളു എന്നാണ് ബഹുഭൂരിപക്ഷം ആചാര്യന്മാരും അനുശാസിക്കുന്നത്. എന്നാല്‍ ഭഗവാന്റെ അഭിപ്രായം അതല്ല. കര്‍മ്മം വെറും ജഡമാണ്. കര്‍ത്താവിന്റെ ഭാവനയ്‌ക്കനുസരിച്ചുമാത്രമേ കര്‍മ്മത്തിനു ഫലം സിദ്ധിക്കുകയുള്ളൂ. അതിനാല്‍ ഈശ്വരാര്‍പ്പണബുദ്ധിയോടുകൂടി ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കു ഫലത്തെ നല്‍കാന്‍ കഴിവില്ല എന്നാണ് അവിടുന്നുപദേശിക്കുന്നത്.
‘ശുഭാശുഭഫലൈരേവം മോക്ഷീസേ കര്‍മ്മബന്ധനൈഃ’
(ഇങ്ങനെ ഈശ്വരാര്‍പ്പണമായി ചെയ്യുന്ന കര്‍മ്മങ്ങള്‍ ശുഭങ്ങളോ അശുഭങ്ങളോ ആയ ഫലങ്ങള്‍ നല്‍കുന്നവയായാലും ആ കര്‍മ്മങ്ങളുടെ ബന്ധത്തില്‍നിന്നു നീ മോചിക്കപ്പെടും)
മനുഷ്യന്‍ ഒരു സമൂഹജീവിയാണല്ലോ. വ്യക്തിപരമായ ശ്രേയസ്സിനുവേണ്ടിമാത്രം പ്രവര്‍ത്തിച്ചാല്‍ സമൂഹത്തിനു വിപരീതമായി പലതും അവനു ചെയ്യേണ്ടിവരും. അപ്പോ
ള്‍ സമൂഹം അവന്റെ ശ്രേയസ്സിനും പ്രതിബന്ധമായിത്തീരുന്നത് സ്വാഭാവികമാണ്. അങ്ങനെ വരാതിരിക്കണമെങ്കില്‍ ”ആത്മനഃമോക്ഷാര്‍ത്ഥം ജഗദ്ധിതായ ചഃ എന്ന തത്വമനുസരിച്ച് അവനും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. അതിനു ഏറ്റവും പറ്റിയ ഒരു മാര്‍ഗ്ഗമാണ് ഈശ്വരപാദ സേവനം.
”പാദേളസ്യ വിശ്വാ ഭൂതാനി
ത്രിപാദസ്യാമൃതം ദിവി”
എന്ന ശ്രുതിയനുസരിച്ച് ഈശ്വരന്റെ ഒരു പാദം ജഗത് സ്വരൂപമായി സ്ഥിതിചെയ്യുന്നു എന്നും മറ്റു മൂന്നു പാദങ്ങള്‍ പ്രപഞ്ചാതീതമായി നിത്യമായി പ്രകാശിക്കുന്ന പരംജേ്യാതിസ്സായി വിളങ്ങുന്നു എന്നും മനസ്സിലാക്കാം. അതുകൊണ്ടു ചരാചരാത്മകമായ ഈ ജഗത്തു മുഴുവന്‍ ഈശ്വരപദമാണെന്നറിഞ്ഞു നമ്മുടെ പ്രവൃത്തികള്‍ ഈശ്വരപാദസേവനമായി മാറ്റിയാല്‍ വ്യക്തിക്കും സമൂഹത്തിനും ക്ഷേമമുണ്ടാകുന്നതാണ്. ഈ ദൃഷ്ടിയില്ലാത്ത ഒരു വ്യക്തിക്കു നിഃസ്വാര്‍ത്ഥമായ ലോകസേവനത്തില്‍ ലബ്ധപ്രതിഷ്ഠനാകയാന്‍ ഒരുകാലത്തും സാധിക്കുകയില്ല. പക്ഷേ, ഇത്ര ഉന്നതമായ ആദ്ധ്യാത്മികബോധമുണ്ടാകാന്‍ അത്ര എളുപ്പമല്ലല്ലോ. അതുകൊണ്ട് ആദ്യം ഈശ്വരന്റെ ഏതെങ്കിലും അവതാര രൂപത്തെയോ വിഭൂതിയേയോ ഈശ്വരബുദ്ധിയോടുകൂടി ഉപാസിക്കണം.
വിഷ്ണു, ശിവന്‍, ശക്തി, ഗണപതി, സൂര്യന്‍, സുബ്രഹ്മണ്യന്‍ ഈ ആറു ദേവതകളെയാണ് ഉപാസ്യരൂപത്തില്‍ മഹാത്മാക്കള്‍ അംഗീകരിച്ചിരിക്കുന്നത്. ഇവയിലേതെങ്കിലും ഒരു ദേവതയെ പൂര്‍ണ്ണനായ ഈശ്വരനാണെന്നു കരുതി സ്വധര്‍മ്മമായ വര്‍ണ്ണാശ്രമകര്‍മ്മങ്ങള്‍ ആ ദേവതയും പ്രസാദത്തിനുവേണ്ടി ഭക്തിപൂര്‍വ്വമനുഷ്ഠിച്ചാല്‍ നാം ഈശ്വരപാദ സേവകന്മാരായിത്തീരുന്നതാണ്. ഭഗവത് പാദസേവനത്തിനു പുരാണങ്ങളില്‍ ലക്ഷ്മീദേവിയെയാണു ദൃഷ്ടാന്തമായികാണിച്ചിട്ടുള്ളത്. ലക്ഷ്മീഭഗവതി എപ്പോഴും ഭഗവത് പാദസേവനത്തില്‍ നിരതയായി വിരാജിക്കുന്നു.
…. തുടരും
















