കൊച്ചി: സംസ്ഥാനതലത്തില്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നടത്തിയ റവന്യൂ അദാലത്തിന് നാളെ എറണാകുളത്ത് സമാപനം. അദാലത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായി. ഇന്നു വൈകീട്ടോടെ വിവിധ താലൂക്കുകളില്‍ നിന്നുള്ള പരാതികളും മറ്റും കളക്ട്രേറ്റില്‍ എത്തിക്കാനും നടപടിയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നായി ഏഴുകോടിയോളം രൂപയുടെ ധനസഹായ വിതരണം അദാലത്തിലുണ്ടാകും. മൂവായിരത്തോളം പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നതിനാല്‍ ഒരു മിനി ജനസമ്പര്‍ക്ക പരിപാടിയായി അദാലത്ത് മാറുമെന്നതിനാല്‍ ജനസമ്പര്‍ക്ക പരിപാടിയിലേതിനു തുല്യമായ വിപുലമായ സൗകര്യങ്ങളാണ് അദാലത്തിനായി സജ്ജമാക്കിയിട്ടുള്ളത്.
നിലവിലുള്ള 28000 അപേക്ഷകള്‍ക്കു പുറമെ പതിനായിരത്തോളം പുതിയ അപേക്ഷകരേയും അദാലത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. ജില്ലാതലത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ പരമാവധി റവന്യു മന്ത്രിയുടെ ശ്രദ്ധയിലെത്തിച്ച് പരിഹാരം കാണാനുള്ള ശ്രമമാണ് ജില്ല ഭരണകൂടം നടത്തുന്നത്. ഉച്ചയ്ക്ക് പതിനായിരം പേര്‍ക്കായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സൗജന്യ ഭക്ഷണം വിതരണം ചെയ്യും. ഇതിനായി പ്രത്യേകം ഫുഡ് കോര്‍ട്ടും തുറന്നിട്ടുണ്ട്. സൗജന്യഭക്ഷണത്തിനു പുറമെ വൈദ്യസഹായത്തിനായി ജില്ല മെഡിക്കല്‍ ഓഫീസിന്റെ സജ്ജീകരണം, കുടിവെള്ള വിതരണം, വൈകീട്ട് ചായ തുടങ്ങിയവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ അപേക്ഷകര്‍ ഉള്‍പ്പടെയുള്ളവരെ സ്വീകരിക്കാനായി ജില്ല പഞ്ചായത്തിന് സമീപമുള്ള പ്രധാന കവാടത്തില്‍ സഹായ കേന്ദ്രം പ്രവര്‍ത്തിക്കും. കളക്ട്രേറ്റ് ലാന്റ് റവന്യൂ വകുപ്പിലെ ജീവനക്കാര്‍ക്കാണ് ഇതിന്റെ ചുമതല. ഇവിടെ നിന്ന് ടോക്കണ്‍ വാങ്ങിയാണ് അപേക്ഷകരെ മന്ത്രിയുടെ പക്കലേക്ക് കടത്തിവിടുക. ഇതിനായി ഇവരെ സഹായിക്കാന്‍ അമ്പതോളം സന്നദ്ധസേവകരും സദാസമയം പ്രവര്‍ത്തിക്കും. നെഹ്റു യുവകേന്ദ്ര, കുടുംബശ്രീ, റെഡ്ക്രോസ് എന്നിവയില്‍ നിന്നുള്ളവരാണ് സന്നദ്ധപ്രവര്‍ത്തകര്‍. വികാലംഗര്ക്കും പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും പ്രത്യേക പരിഗണനയുണ്ടാകും.
പരാതിക്കാര്‍ക്ക് താലൂക്കു തിരിച്ച് കൗണ്ടര്‍ ഉണ്ടാകും. ബാര്‍കോഡ് സംവിധാനത്തില്‍ പുതിയ അപേക്ഷകള്‍ക്ക് നമ്പര്‍ നല്‍കാനാണ് തീരുമാനം. ഇതിനായുള്ള സോഫ്ട്വെയര് ജില്ല ഇന്‍ഫര്‍മാറ്റിക്സ് വകുപ്പ് രൂപപ്പെടുത്തിയിട്ടുണ്ട്. മന്ത്രി പരാതിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇവരുടെ ഫയലില്‍ രേഖപ്പെടുത്തി കൗണ്ടര്‍ഫോയില്‍ കൂടി കൊടുത്തശേഷമേ പരാതിക്കാരെ പുറത്തുവിടൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം, വികാലംഗര്ക്കായുള്ള പ്രത്യേക സഹായം തുടങ്ങിയ വിവിധ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച പരാതികള്‍ ഏറെയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരെ പരമാവധി റവന്യുമന്ത്രിയുടെ പക്കല്‍ കാലതാമസമില്ലാതെ എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലഭ്യമാകുന്ന എല്ലാ സംവിധാനത്തോടെയും ഉള്ളതായിരിക്കും ആരോഗ്യസേവനം. അടിയന്തരഘട്ടത്തില്‍ രോഗികളെ കിടത്താനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. വികലാംഗരുടെ ആവശ്യത്തിനായി ആവശ്യത്തിന് വീല്‍ ചെയറും കരുതും. ആംബുലന്‍സ് സേവനവും അദാലത്ത് തീരും വരെ ലഭ്യമായിരിക്കും. പരിപാടി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി രാത്രി ആവശ്യാനുസരണം ബസ് സര്‍വീസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: