ദമാസ്‌ക്കസ്: സിറിയയില്‍ അല്‍ ഹസാക പ്രവിശ്യയില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 90 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. അസീറിയന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെയാണ് തട്ടിക്കൊണ്ടുപോയത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
കുര്‍ദ്ദ് വിഭാഗക്കാര്‍ക്ക് ഭൂമിപക്ഷമുള്ള സിറിയയിലെ തല്‍ ഹുര്‍മോസ് പ്രദേശത്തുനിന്നാണ് 90 പേരെയും തട്ടിക്കൊണ്ടുപോയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. സിറിയയിലെയും ലിബിയയിലെയും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെ വ്യാപകമായ ആക്രമണമാണ് ഭീകര സംഘടനയായ ഇസ് ലാമിക് സ്റ്റേറ്റ് അടുത്തിടെയായി നടത്തുന്നത്.
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അധിനിവേശം ഉറപ്പിച്ചതോടെ സ്വദേശികളായ ക്രൈസ്തവരും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തണമെന്ന ആവശ്യം ഭീകരര്‍ മുന്നോട്ട് വച്ചിരുന്നു. ഇതിന് തയ്യാറാകാത്തവരെ ക്രൂരമായി കൊല ചെയ്യുകയോ നസ്‌റായന്‍ എന്ന പേരിലുള്ള വന്‍ നികുതി ചുമത്തുകയോ ആണ് ഭീകരര്‍ ചെയ്തു വന്നിരുന്നത്.
ഇതേ തുടര്‍ന്ന് പലരും സ്വദേശം വിട്ട് പലായനം ചെയ്തിരുന്നു. ഇത്തരത്തില്‍ രക്ഷപ്പെട്ട ക്രൈസ്തവരെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഈജിപ്തില്‍ നിന്നും തട്ടിക്കൊണ്ടു പോയ 21 ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴിഞ്ഞ ആഴ്ച ലിബിയയില്‍ വച്ച് തല അറുത്തുകൊലപ്പെടുത്തിയിരുന്നു.
















