മട്ടാഞ്ചേരി: കാല്‍നടയായി കാതങ്ങള്‍താണ്ടി കൊച്ചിയിലെത്തിയ ജൈനാചാര്യന്മാര്ക്ക് ജൈനസമൂഹം ഭക്ത്യാദര വരവേല്‍പ്പ് നല്കി. തിങ്കളാഴ്ച രാവിലെയാണ് മൂന്നംഗ ജൈനസന്യാസിസംഘം കൊച്ചിയിലെത്തിയത്. ആചാര്യന്മാരായ പന്യാശ്രീ മഹേന്ദ്രസാഗര്ജി, മുനിശ്രീ രാജ് പത്മസാഗര്ജി, മുനിശ്രീ മേരു പത്മസാഗര്ജി എന്നീ സന്യാസിമാരാണ് ധര്മ്മപ്രചരണയാത്രയുമായി കൊച്ചിയിലെത്തിയത്. മഹാവീര്‍ സന്ദേശപ്രഭാഷണങ്ങള്‍, ധര്‍മ്മാനുഷ്ഠാനങ്ങള്‍, പ്രാര്‍ത്ഥന തുടങ്ങിയവയുമായി മൂന്ന്ദിവസം സന്യാസിസംഘം കൊച്ചി ജൈനക്ഷേത്രത്തിലുണ്ടാകും.
ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്നാണ് ജൈനാചാര്യസംഘം ധര്‍മ്മപ്രചരണ ഭാരതദേശയാത്ര തുടങ്ങിയത്. 1982ല്‍ തുടങ്ങിയതാണ് മഹേന്ദ്രസാഗര്ജിയുടെ ജൈനമത പ്രചരണയാത്ര. 33 വര്‍ഷം പിന്നിട്ട് 76,000 കിലോമീറ്റര്‍ നഗ്നപാദനായാണ് മഹേന്ദ്രസാഗര്ജി ധര്‍മ്മയാത്ര നടത്തുന്നത്. കൊച്ചിയില്‍നിന്ന് മൂന്നാര്‍, കോയമ്പത്തൂര്‍, ഊട്ടി, മൈസൂര്‍ വഴി ജൈനാചാര്യസംഘം ജൂലായ്മാസം ചാതുര്മാസവ്രതാനുഷ്ഠാനത്തിനായി ബാംഗ്ലൂരിലെത്തിച്ചേരും.
സന്യാസിസംഘത്തിന് പരിചരണസേവനമൊരുക്കി കൈലാഷ്, ലെവിഷ്, വിജയ് എന്നിവരും കേരളയാത്രയില്‍ ആചാര്യന്മാര്ക്കൊപ്പമുണ്ട്. ജയഘോഷവും അനുഷ്ഠാനവിധികളുമായി വഴിനീളെ ജൈനാചാര്യന്മാര്ക്ക് സമൂഹാംഗങ്ങള്‍ സ്വീകരണംനല്കി. സ്വീകരണ ചടങ്ങുകള്‍ക്ക് ജൈനക്ഷേത്രം പ്രസിഡന്റ് പ്രവീണ്‍ സി. ഷാ, ഭാരവാഹികളായ ദിലീപ് ഡി. ഖോന, ഭരത് എന്‍. ഖോന, ശരത് എന്‍. ഖോന, ധര്‍മ്മേഷ് നാഗ്രാ തുടങ്ങിയവര്‍ നേതൃത്വംനല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: