ന്യൂയോര്‍ക്ക്: അമേരിക്കയിലെ സിയാറ്റിലില്‍ ക്ഷേത്രത്തിനുനേരെ അക്രമം. അജ്ഞാതര്‍ ക്ഷേത്ര ഭിത്തിയില്‍ പെയിന്റു സ്‌പ്രേ ചെയ്ത് സ്വസ്തികം വരച്ച ശേഷം ഗറ്റ് ഔട്ട് എന്നെഴുതി വയ്‌ക്കുകയായിരുന്നു.
വര്‍ഗീയ വിദേ്വഷം വമിക്കുന്ന നടപടി അമേരിക്കയിലെ ഭാരതീയര്‍ക്കിടയില്‍ വലിയ രോഷം ഉണ്ടാക്കിയിട്ടുണ്ട്. ഏതാനും ദിവസം മുന്‍പാണ് അമേരിക്കയില്‍ ഒരു ഭാരതീയനെ പോലീസ് മര്‍ദ്ദിച്ചവശനാക്കിയത്. ഇത് വര്‍ണ്ണവെറിയാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ക്ഷേത്രത്തില്‍ അക്രമം.വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാഷിംഗ്ടണിലെ സിയാറ്റിനിലെ നഗരത്തില്‍ തന്നെയാണ് സംഭവം. ഈ മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രമാണിത്. ഇന്നലെ മഹാശിവരാത്രി ആഘോഷം നടക്കാനിരിക്കെയാണ് അതിക്രമം.
സ്‌നോഹോമിഷ് ഷെരീഫ് അന്വേഷണം തുടങ്ങി. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ അമേരിക്കയില്‍ നടക്കാന്‍ പാടില്ല.
പുറത്തു പോകാന്‍ പറയാന്‍ നിങ്ങളാരാണ്? ഈ രാജ്യം തന്നെ കുടിയേറ്റക്കാരുടേതാണ്. ഹിന്ദു ടെമ്പിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റ് ചെയര്‍മാന്‍ നിത്യനിരഞ്ജന്‍ പറഞ്ഞു. ഏതാനും വര്‍ഷം മുന്‍പും ആരോ ക്ഷേത്ര ഭിത്തിയില്‍ സ്‌പ്രേ പെയിന്റ് അടിച്ചിരുന്നു. എന്നാല്‍ അന്ന് ഒന്നും എഴുതിയിട്ടില്ലായിരുന്നു.അതിനാല്‍ പരാതി നല്‍കിയിരുന്നില്ല. നിരഞ്ജന്‍ പറഞ്ഞു. ക്ഷേത്രം ഇവിടെ നിര്‍മ്മിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. പുതിയൊരു കെട്ടിടം ഇപ്പോള്‍ നിര്‍മ്മിച്ചുവരികയാണ്. സംഭവത്തെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അപലപിച്ചു.പ്രധാനപ്പെട്ട ഒരു ആഘോഷം നടക്കുന്നതിനിടെയാണ് ക്ഷേത്രത്തില്‍ അക്രമം. അതിനാല്‍ പോലീസിന്റെ പ്രത്യേക ശ്രദ്ധവേണം. ഫൗണ്ടേഷന്‍ ഭാരവാഹി ജേ കന്‍സാര പറഞ്ഞു.
ക്ഷേത്രങ്ങള്‍ക്കു നേരെ അതിക്രമം വ്യാപകം
അടുത്തിടെ അമേരിക്കയില്‍ ക്ഷേത്രങ്ങള്‍ക്കു നേരെ അക്രമം വ്യാപകമാകുകയാണ്. വെര്‍ജീനിയയിലെ ലൗഡൗണ്‍ കൗണ്ടിയിലും ജോര്‍ജിയയിലെ മൊണ്‍റോയിലും അടുത്തിടെ ക്ഷേത്രങ്ങള്‍ അക്രമിക്കപ്പെട്ടു. ആഗസ്റ്റില്‍ ജോര്‍ജിയയിലെ ക്ഷേത്രത്തില്‍ ശിവ ലിംഗത്തില്‍ കറുത്ത പെയിന്റടിക്കുകയായിരുന്നു.മൊണ്‍റോയിയിലെ ക്ഷേത്രത്തിലേക്കുള്ള ഫോണ്‍ലൈനുകള്‍ മുറിക്കുകയും മതവിദേ്വഷം വമിക്കുന്ന വാക്കുകള്‍ അവിടവിടെ പഴുതി വയ്‌ക്കുകയുമായിരുന്നു. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ ഇത്തരം 17 സംഭവങ്ങളാണ് വെര്‍ജീനിയിയില്‍ മാ്രതം ഉണ്ടായത്.
സുരക്ഷിതമായി പ്രാര്‍ഥിക്കാനുള്ള സ്ഥലങ്ങളാണ് ക്ഷേത്രങ്ങള്‍. ഫൗണ്ടേഷന്‍ അംഗം പദ്മ കുപ്പ പറഞ്ഞു. ക്ഷേത്രത്തിലെ അക്രമവും ഹൂസ്റ്റണിലെ മോസ്‌കിലെ തീവയ്‌പ്പും മറ്റുള്ളവരില്‍ ഭയം ഉണ്ടാക്കുകയേയുള്ളൂ. അദ്ദേഹം പറഞ്ഞു.
















