കൊച്ചി: ആര്‍എസ്എസ് ജില്ലാ പ്രചാരകനെ ക്ഷേത്രത്തിനുള്ളില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ച ഞാറക്കല്‍ എസ്‌ഐ ഷോജോ വര്‍ഗീസിനെതിരെ പുതുവൈപ്പില്‍ പ്രതിഷേധം ഇരമ്പി. എസ്‌ഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പുതുവൈപ്പില്‍ പ്രതിഷേധപ്രകടനം നടത്തി. ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം ഗോശ്രീ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം വിഎച്ച്പി ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍ ഉദ്ഘാടനംചെയ്തു.
ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേഷ്ചന്ദ്രന്‍, വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്‍. സുധാകരന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്, വൈസ് പ്രസിഡന്റ് ആര്‍. രഘുരാജ്, ഹിന്ദു ഐക്യവേദി സംസ്ഥാനസമിതി അംഗം ക്യാപ്റ്റന്‍ സുന്ദരന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ലക്ഷ്മീനാരായണന്‍ എന്നിവര്‍ സംസാരിച്ചു.
പരിപാവനമായ അയോധ്യാപുരം ശ്രീരാമക്ഷേത്രത്തിനുള്ളില്‍ എസ്‌ഐ ബൂട്ടിട്ട്കയറി ക്ഷേത്രചടങ്ങുകള്‍ അലങ്കോലപ്പെടുത്തുന്നതിനും സംഘസ്ഥാനില്‍ കയറി പ്രചാരകനെ അറസ്റ്റുചെയ്യാനുമുള്ള നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിഷേധയോഗത്തില്‍ സംസാരിച്ചവര്‍ ആരോപിച്ചു.
എസ്‌ഐക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെയിരുന്ന പ്രദേശത്ത് എസ്‌ഐ ഷോജോ വര്‍ഗീസ് മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെ പ്രതിഷേധപ്രകടനത്തിനുള്ളിലേക്ക് പോലീസ് ജീപ്പ് ഇടിച്ചുകയറ്റി മനപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ശ്രമം നടന്നു. സിവില്‍വേഷധാരികളായ പോലീസുകാരാണ് പ്രകടനത്തിനിടയിലേക്ക് പോലീസ്ജീപ്പ് ഇടിച്ചുകയറ്റാന്‍ ശ്രമിച്ചത്. പ്രവര്‍ത്തകര്‍ ഓടിമാറിയതുകൊണ്ട് അപകടം സംഭവിച്ചില്ല.
ഇന്നലെ രാവിലെയാണ് പുതുവൈപ്പില്‍ ആര്‍എസ്എസ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പരിപാടി സമാപിക്കാറായ സമയത്ത് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘമെത്തി ആക്രോശം നടത്തുകയായിരുന്നു. ഇതിനെ ചോദ്യംചെയ്ത ജില്ലാ പ്രചാരക് ജി.ജി. വിഷുണുവിനോട് എസ്‌ഐ തട്ടിക്കയറി.
കൂടാതെ പരിശീലനപരിപാടിയില്‍ പങ്കെടുത്തവരെയും പോലീസ്‌സംഘം ഭീഷണിപ്പെടുത്തി. സംയമനം പാലിച്ച പ്രവര്‍ത്തകര്‍ പരിപാടി സമാപിച്ചശേഷം പിരിഞ്ഞുപോവുകയായിരുന്നു. ഇതിനിടെ ബൈക്കില്‍ കയറി പോയ പ്രചാരകനെ പോലീസ്ജീപ്പ് ഇടിപ്പിച്ച് വീഴ്‌ത്താനുള്ള ശ്രമവും ഉണ്ടായി. പിന്നീട് അയോധ്യാപുരം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച പ്രചാരകനെ എസ്‌ഐ ഷോജോവര്‍ഗീസ് ക്ഷേത്രത്തിനകത്ത് കടന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ബൂട്ടിട്ട് ക്ഷേത്രത്തിനുള്ളില്‍ കയറിയ എസ്‌ഐ മദ്യപിച്ചിരുന്നതായും പറയുന്നു. നിരവധി ഭക്തര്‍ നോക്കിനില്‍ക്കെയാണ് എസ്‌ഐയുടെ അതിക്രമം. പിന്നീട് പോലീസ്ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ പ്രചാരകനെ ജീപ്പിലിട്ടും എസ്‌ഐ അതിക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസ
്‌സ്‌റ്റേഷന്‍ ഉപരോധിച്ചതിനെത്തുടര്‍ന്നാണ് വിഷ്ണുവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
ഗുരുതരമായി പരിക്കേറ്റ വിഷ്ണു ഇപ്പോഴും ചികിത്‌സയിലാണ്.പുതുവൈപ്പില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് പുതുവൈപ്പ് നഗര്‍ കാര്യവാഹ് സുനില്‍, ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ടി. ബിനീഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഇ.എസ്. പുരുഷോത്തമന്‍, കെ.ആര്‍. കൈലാസന്‍, അനില്‍കുമാര്‍, രാജീവ് നാരായണന്‍, സുമിത്ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















