വാഷിങ്ടണ്‍: ഗുജറാത്ത് സ്വദേശിയായ സുരേഷ്ഭായി പട്ടേലിനെ യുഎസ് പോലീസ് മര്‍ദ്ദിച്ചവശനാക്കിയ സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചു. പോലീസിന്റെ ഭാഗത്തു നിന്നും അതിക്രമം നടന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
യുഎസ് പോലീസ് അന്വേഷണം കൂടാതെയാണ് എഫ്ബിഐയും ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. പട്ടേലിനെ മര്‍ദ്ദിച്ച കേസില്‍ എറിക് പാര്‍ക്കര്‍ എന്ന പോലീസുകാരനെ അറസ്റ്റുചെയ്തിട്ടുണ്ട്. അതേസമയം ഇത് വര്‍ണ്ണവെറിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭാരതീയനെ വര്‍ണ്ണവെറി പിടിച്ച പോലീസുകാരന്‍ മന:പൂര്‍വ്വം ആക്രമിക്കുകയായിരുന്നുവെന്നാണ് സൂചന.
അലബാമയില്‍ എഞ്ചിനീയറായിരുന്ന മകനേയും കുടുംബത്തേയും സന്ദര്‍ശിക്കാന്‍ യുഎസിലെത്തിയതാണ് പട്ടേല്‍. ഫെബ്രുവരി ആറിന് പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹത്തെ രണ്ട് പോലീസുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ പട്ടേലിന് ഭാഷ അറിയാത്തതിനാല്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയാന്‍ സാധിച്ചിരുന്നില്ല.ഇതിനെ തുടര്‍ന്ന് പോലീസ് പട്ടേലിനെ നിലത്തേക്കു തള്ളി വീഴ്‌ത്തി ആക്രമിക്കുകയായിരുന്നെന്നാണ് 11 പേജുള്ള പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
വീഴ്ചയില്‍ പരിക്കേറ്റ് ശരീരം അനക്കാന്‍ പോലുമാകാത്തയവസ്ഥയില്‍ ചികിത്സയിലാണ് 57കാരനായ പട്ടേല്‍. സംഭവം വിവാദമായതിനെ തുടര്‍ന്ന് കേസ് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കണമെന്ന് യുഎസ് സ്ഥാനപതിയോട് ഭാരതം ആവശ്യപ്പെട്ടിരുന്നു.
ഈ സംഭവത്തില്‍ പട്ടേലിനോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി മാഡിസണ്‍ സിറ്റി പോലീസ് ചീഫ് ലാറി മുന്‍സെ അറിയിച്ചു. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ടുപോലീസുകാര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. അതിനിടെ യുഎസ് പോലീസ് പട്ടേലിനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
















