ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് ഉള്ളില്‍ പ്രവൃത്തിക്കുന്ന അമിനിറ്റി സെന്ററിന് സമീപം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി നിര്‍മ്മിക്കുന്ന ടാങ്കാണ് നാട്ടുകാര്‍ സംഘടിച്ച് വീണ്ടും തടഞ്ഞത്. ദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് നിര്‍മ്മാണം അധികൃതര്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസനസമിതിയോഗത്തില്‍ പൊതുജനങ്ങളെപ്പോലും വെല്ലുവിളിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ടാങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് എംഎല്‍എ പിസി. വിഷ്ണുനാഥ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ തൊഴിലാളികളെത്തി ടാങ്കിനായി എടുത്ത കുഴിയില്‍ സിമിന്റ് കട്ടകള്‍ സ്ഥാപിക്കുന്നതിനിടയിലാണ് സമീപത്തുള്ള പത്തോളം കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പൊതുജനങ്ങള്‍ക്ക് മാത്രമായി തുറന്ന് നല്കുന്ന അമിനിറ്റിസെന്ററിന്റെ ടാങ്കിന് പത്ത് അടി താഴ്ച മാത്രമേ ഉള്ളുവെന്നും ഇത് ഒരാഴ്ചയ്ക്കുള്ളില്‍ നിറഞ്ഞ് പൊട്ടി ഒഴുകി കൂടുതല്‍ ദുരിതം വിതയ്ക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സെന്ററിലെനിലവിലുള്ള ടാങ്ക് ചോര്‍ന്നൊലിച്ച് കക്കൂസ് മാലിന്യങ്ങള്‍ അടക്കം സമീപമുള്ള വെട്ടുതോടിലേക്കാണ് എത്തുന്നത്. ഇതുമൂലം പരിസരവാസികളായ പത്തോളം കുടുംബങ്ങള്‍ അസഹ്യമായ ദുര്‍ഗന്ധം സഹിച്ചാണ് കഴിയുന്നത്. പ്രദേശത്തെ കിണറുകളിലെ ജലവും മലിനപ്പെട്ടിരുന്നു. ഇതിനെതിരെ നിരവധിതണ നാട്ടുകാര്‍ പ്രതിഷേധം അറിയിക്കുകയും അധികൃതര്‍ അമിനിറ്റി സെന്റര്‍ താത്ക്കാലികമായി പൂട്ടുകയും ചെയ്തിരുന്നെങ്കിലും കരാറുകാരന് പിന്നീട് ഇത് തുറന്ന് പ്രവൃത്തിപ്പിക്കുകയായിരുന്നു.
മാസങ്ങള്‍ മുന്‍പ് ഇതു സംബന്ധിച്ച് നാട്ടുകാര്‍ എറ്റിഒയ്ക്ക് പരാതിനല്‍കുകയും. ജനുവരി 22ന് നിലവിലുള്ള കരാര്‍ കാലാവധി അവസാനിക്കുമെന്നും, അതിന് ശേഷം ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എയെ സ്വാധീനിച്ച് കരാറുകാരന് വീണ്ടും തുറന്ന് പ്രവൃത്തിക്കുകയാണ് ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. നിലവിലെ ടാങ്ക് മുഖേന ദുരിതം അനുഭവിക്കുമ്പോള്‍ തന്നെ ഇതേസ്ഥലത്ത് മറ്റൊരു ടാങ്ക് കൂടി നിര്‍മ്മിക്കാന്‍ അനുമതി നല്കുന്ന എംഎല്‍എയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് സമീപവാസികള്‍ ഉയര്‍ത്തിയത്. പ്രതിഷേധം ശക്തമായതോടെ ടാങ്ക് നിര്‍മ്മാണം നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: