ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണി അച്ഛനായി. ധോണിയുടെ ഭാര്യ സാക്ഷി ധോണി വെള്ളിയാഴ്ച വൈകുന്നേരം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഗുഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം. കുഞ്ഞിന് 3.7 കിലോ തൂക്കമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
എം എസ് ധോണി – സാക്ഷി ധോണി ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ് ഇത്. 33കാരനായ ധോണി ഇപ്പോള്‍ ലോകകപ്പ് ക്രിക്കറ്റിനുള്ള പരിശീലനത്തില്‍ ഓസ്‌ട്രേലിയയിലാണ്. 15ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി. ഭര്‍ത്താവിനൊപ്പം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സാക്ഷി ഇത്തവണ ഓസ്ട്രേലിയയില്‍ നടക്കുന്ന മത്സരത്തില്‍ ധോണിയെ അനുഗമിക്കുന്നില്ല.
2010 ജൂലൈ നാലിനായിരുന്നു ധോണി തന്റെ ബാല്യകാല സുഹൃത്തായിരുന്ന സാക്ഷി സിങ് റാവത്തിനെ വിവാഹം ചെയ്തത്. സാക്ഷിയെയും കുഞ്ഞിനെയും കാണാന്‍ ധോണി നാട്ടിലേക്ക് തിരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം സാക്ഷി കഴിഞ്ഞ വര്‍ഷം പ്രസവിക്കേണ്ടതായിരുന്നു. ജൂലൈയില്‍ ജൂനിയര്‍ മഹി ജനിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതാരോ ഏപ്രില്‍ ഫൂളാക്കിയതാണ് എന്നും താന്‍ ഗര്‍ഭിണിയല്ല എന്നും സാക്ഷി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.
















