മണ്ണാര്‍ക്കാട്: കല്ലടി എംഇഎസ് കോളെജിലെ ക്രൂരമായ റാഗിങ്ങിലും അക്രമത്തിലും ഉള്‍പ്പെട്ട എട്ടുവിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമത്തിനും സംഘംചേരലിനും റാഗിങിനും അടക്കം വിവിധ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. ഇന്നലെ കോളെജില്‍ ചെര്‍ന്ന ആന്റി റാഗിങ് കമ്മിറ്റി നിര്‍ദ്ദേശം അനുസരിച്ച് പ്രിന്‍സിപ്പാള്‍ ആറ് പേരെ സസ്പെന്റ് ചെയ്യാനും നേരത്തെ സമാന കേസില്‍ ഉള്‍പ്പെട്ട് നടപടിക്ക് വിധേയരായ ഷാനില്‍, നൗഫല്‍ എന്നിവരെ കോളെജില്‍ പുറത്താക്കാനും തീരുമാനിച്ചു.
ഒന്നാം വര്‍ഷ ബകോം വിദ്യാര്‍ത്ഥിയായ ഒറ്റപ്പാലം ചുനങ്ങാട് മലപ്പുറം ചേക്കുമുസ്ലിയാരകത്ത് വീട്ടില്‍ ഇബ്രാഹീമിന്റെ മകന് മുഹമ്മദ് മുഹ്സിന് (19) ന്റെ കണ്ണിന്റെ കാഴ്ച റാഗിങിനെ തുടര്‍ന്നുണ്ടായ അക്രമണത്തില്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ കോളെജിലെ മൂപ്പന്‍സ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സംഘത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നൗഫല്‍, ഷാനില്‍, സുഹൈല്‍, റിഷാന്, ജൗഹര്‍, ജാബിര്‍, ആഷിഫ്, അനസ് എന്നിവരാണ് പ്രതികള്‍.
പ്രതികളായ എട്ടു വിദ്യര്ത്ഥികളും ഒളിവിലാണ്. ഇവര്‍ ഇതിനുമുമ്പും മുഹ്സിനെ മര്‍ദ്ദിക്കുകയും തലക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്കിയിരുന്നുവെഹ്കിലും പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
കല്ലടി കോളെജില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ തമ്മിലുളള സംഘട്ടനം പതിവാണ്. അധികൃതരുടെ ഭാഗത്തുനിന്ന് ഇത് നിയന്ത്രിക്കുവാനുളള ശ്രമങ്ങളൊന്നുമുണ്ടാവുന്നില്ലെന്ന് ശക്തമായ ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം മുഹ്സിന് നേരെ നടന്ന റാഗിങും അക്രമവും ഒതുക്കി തീര്‍ക്കാനുളള ശ്രമമുണ്ടായിരുന്നു. മാധ്യമങ്ങളുടെ ഇടപെടലാണ് റാഗിന്റെ ഗുരുതരാവസ്ഥ പുറം ലോകം അറിയാനിടയാക്കിയത്. ആന്റിറാഗിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലെന്ന ആരോപണങ്ങളും രക്ഷിതാക്കള്‍ ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: