മുഹമ്മ: മണ്ണഞ്ചേരി 21-ാം വാര്‍ഡ് പുതുവല്‍വെളി വേണുഗോപാലി (46)നെ കൊലപ്പെടുത്തിയ കേസില്‍ സിഐടിയു നേതാവടക്കം അഞ്ചുപേര്‍ പിടിയിലായി. എക്സല്‍ ഗ്ലാസസിലെ സിഐടിയു യൂണിയന് ട്രഷററും ചെത്തു തൊഴിലാളി യൂണിയന് നേതാവിന്റെ മകനുമായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാര്‍ഡ് തണല്‍ വീട്ടില്‍ ഗിരീഷ് (39), പത്തനംതിട്ട കോഴഞ്ചേരി നന്ദനത്തില്‍ ഷാരോണ്‍ (26), മണ്ണഞ്ചേരി 14-ാം വാര്‍ഡ് കുന്നിനകം കോളനിയില്‍ കണ്ണന് (24), മണ്ണഞ്ചേരി 20-ാം വാര്‍ഡ് തറമൂട് ഭാഗത്ത് ആനക്കാട്ടുവീട്ടില് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അസറുദീന്‍ (19), മണ്ണഞ്ചേരി നേതാജി വട്ടച്ചിറ ജയരാജ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
2013 മാര്‍ച്ചില്‍ ഗുണ്ടാസംഘ തലവനായ മണ്ണഞ്ചേരി പന്നിശേരി കോളനി ചന്ദ്രലാല്‍ (എമ്മാച്ചന്‍-36) കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് വേണുഗോപാലിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വേണുവിനെ കൊലപ്പെടുത്തുന്നതിനായി പ്രതികള്‍ ഒരുമാസമായി പ്രതികള്‍ ഗൂഢാലോചന നടത്തുകയായിരുന്നു. ഷാരോണ്‍ നിരവധി ക്വട്ടേഷന്‍ അക്രമ കേസുകളിലെ പ്രതിയാണ്. ഷാരോണിനെയും അസറുദിനെയും കണ്ണനാണ് കൃത്യനിര്‍വഹണത്തിന് ചുമതലപ്പെടുത്തിയത്. ഗിരീഷും ഗൂഢാലോചനയിലടക്കം പങ്കെടുത്തിരുന്നു.
കഴിഞ്ഞ 29ന് രാവിലെ ആറിന് സ്വന്തം വീട്ടില്‍ വച്ചാണ് ബിജെപി പ്രവര്‍ത്തകനായ വേണുഗോപാല്‍ കൊല്ലപ്പെട്ടത്. പിടിക്കപ്പെടാതിരിക്കാനായി പ്രതികള്‍ മൊബൈല്‍ ഫോണും സിമ്മുകളും നശിപ്പിച്ചിരുന്നു. ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. മൂന്ന് ബൈക്കുകളില്‍ ആറുപേരെത്തിയാണ് കൃത്യം നിര്‍വഹിച്ചത്. ഇതിലൊരു ബൈക്ക് പോലീസ് കണ്ടെടുത്തു. 28ന് രാത്രി ബാറില്‍ ഒത്തുകൂടി മദ്യപിച്ച ശേഷം 29ന് രാവിലെ കൃത്യം നിര്‍വഹിക്കുകയായിരുന്നു. കൂടികള്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയോടെ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ചേര്‍ത്തല ഡിവൈഎസ്പി: കെ.ജി. ബാബുകുമാര്‍, മാരാരിക്കുളം സിഐ: കെ.ജി. അനീഷ്, മണ്ണഞ്ചേരി എസ്ഐ: കെ.കെ. ഉത്തമന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: