ആലപ്പുഴ: കയര്‍ കേരളയുടെ മുഖ്യ ആകര്‍ഷകമായ ബയര്‍ സെല്ലര്‍ സംഗമം നടന്നു. സംഗമത്തിലൂടെ ഇരുന്നൂറിലധികം കോടി രൂപയുടെ കയറ്റുമതിക്കുള്ള വ്യാപാര ഇടപാടുകള്‍ക്കാണ് ധാരണയായത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വ്യവസായം പോലുള്ള കയര്‍ മേഖലയുടെ പുനരുജ്ജീവനത്തിന് യന്ത്രവല്‍ക്കരണവും ആധുനികവല്‍ക്കരണവും സഹായകമാകും. പാവപ്പെട്ട പതിനായിരക്കണക്കിനാളുകള്‍ക്ക് ഉപജീവനമാര്‍ഗം നല്കുന്ന പ്രധാന മേഖലയാണിതെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്രമേളയുടെ ശ്രദ്ധാകേന്ദ്രമായ ബയര്‍ സെല്ലര്‍ സംഗമത്തിലെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം കേരളത്തിലെ കയര്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള തലത്തിലുള്ള പ്രാധാന്യത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ബയര്‍ സെല്ലര്‍ സംഗമത്തിലൂടെ വന്‍തുകക്കുള്ള കയര്‍ ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡര്‍ നല്കുവാനാണ് സൗത്ത് ആഫ്രിക്കയിലെ കോര്ഡിസ്പെക്സ് സിസി കമ്പനി ഡയറക്ടര്‍ രാജ് മഹാരാജ് നാലാമതും എത്തിയത്. നിലവില്‍ കയര്‍ ബോര്‍ഡില്‍ നിന്നുള്ള ഉത്പന്നങ്ങളും ഇവര്‍ വിപണനം ചെയ്യുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്ത ചവിട്ടികള്‍ക്കും മറ്റു കയര്‍ ഉത്പന്നങ്ങള്‍ക്കും ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നൂതന കയര്‍ ഉല്‍പ്പന്നങ്ങള്‍ ലക്ഷ്യമിട്ടാണ് കനേഡിയന്‍ കമ്പനി ഫൂട് ലൂസ് ഡിസൈന്‍സിന്റെ ജനറല്‍ മാനേജര്‍ നാസിര്‍ കേശവ്ജിയും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ജീവിത പങ്കാളിയുമായ വേദദ് കേശവ്ജിക്കൊപ്പം കയര്‍ കേരളക്കെത്തിയത്. സംഗമത്തിലൂടെ മികച്ച കയര്‍ ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ വാങ്ങുന്നതിനുള്ള ധാരണകള്‍ ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് നൈജീരിയന്‍ കമ്പനിയായ കാംഗോള്‍ നൈജീരിയ ലിമിറ്റഡ് പ്രതിനിധി ജി.എസ്. ബാദ്മസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: