ചവറ: കെഎംഎംഎല്‍ കോവില്‍ത്തോട്ടം മൈനിങ്ങില്‍ കോടികളുടെ അഴിമതി നടക്കുന്നതായി ആരോപണം. ചവറ കരുത്തറയിലുള്ള സ്വകാര്യസ്ഥാപനമാണ് മൈനിങ്ങ് കരാര്‍ എടുത്തിട്ടുള്ളത്. മന്ത്രി ഷിബുവിന്റെ ഒത്താശയോടെ കമ്പനി ഉദ്യോഗസ്ഥനായ യുടിയുസിയുടെ യൂണിയന് നേതാവ്, മൈനിങ്ങ് മാനേജര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍സംഘമാണ് ഈ അഴിമതിക്ക് പിന്നിലെന്ന് തൊഴിലാളികള്‍ പറയുന്നു. മൈനിങ്ങ് നടത്തിയ മുന്‍കരാറുകാരന്‍ 55000 ടണ്‍ വെള്ളമണ്ണിട്ട് റീഫില്ല് ചെയ്ത പ്രദേശമുള്പ്പെടെയാണ് പുതിയ കരാറുകാര്‍ മൈനിങ്ങ് നടത്തുന്നത്.
കോവില്‍ത്തോട്ടം പള്ളിയുടെ തെക്കുവശം മൈന്‍ ചെയ്ത മണ്ണ് കമ്പനിക്ക് സപ്ലൈ ചെയ്തപ്പോള്‍ വെള്ളമണ്ണും കരിമണ്ണുമായി കലര്‍ത്തി നല്‍കിയാണ് കോടികള്‍ തട്ടിയതെന്നും പറയപ്പെടുന്നു. എട്ട് ടണ്‍ വരെ മാത്രം കയറ്റാന്‍ പറ്റുന്ന ടിപ്പര്‍ലോറിയില്‍ 15 മുതല്‍ 20 ടണ്‍ വരെ കയറ്റി കമ്പനിയുടെ വേബ്രിഡ്ജില്‍ തൂക്കി നല്‍കിയതായി കള്ളരേഖകള്‍ ഉണ്ടാക്കി. കോടികളുടെ തട്ടിപ്പ് നടത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അഴിമതിക്കാര്‍ക്ക് വേണ്ട ഒത്താശ ചെയ്തുനല്കിക്കൊണ്ടിരിക്കുന്ന മന്ത്രി ഷിബുവിനും ഇതില്‍ പങ്കുള്ളതായി തൊഴിലാളികള്‍ പറയുന്നു.
കോവില്‍ത്തോട്ടം നിവാസികള്‍ മൈനിങ്ങ് ഭൂമി വിട്ടുനല്‍കിയത് 2015 ഫെബ്രുവരി 15നുള്ളില്‍ റീഫില്ല് ചെയ്ത ഭൂമി തിരികെ നല്കി പുനരധിവാസം നടത്താമെന്ന കരാറിലാണ്. എന്നാല്‍ മൈനിങ്ങ് നടത്തിക്കൊണ്ടിരുന്ന പ്രദേശം പൂര്‍ണമായും മൈന്‍ ചെയ്യാതെ പള്ളിക്ക് വടക്കുവശം മൈനിങ്ങ് ചെയ്യാനുള്ള കോണ്‍ട്രാക്ടറുടെ ശ്രമം പ്രദേശവാസികളും തൊഴിലാളികളും തടഞ്ഞിരിക്കുകയാണ്. മൈനിങ്ങ് ചെയ്തുകൊണ്ടിരുന്ന സ്ഥലം പൂര്‍ണമായും മൈനിങ്ങ് ചെയ്ത് വെള്ളമണ്ണിട്ട് നികത്തി പുനരധിവാസം നടപ്പാക്കിയാല്‍ മാത്രമേ പുതിയ സ്ഥലം മൈനിങ്ങ് ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന് തൊഴിലാളികള്‍ പറയുന്നു. മന്ത്രി ഷിബുവിന്റെ ഇടപെടലിലാണ് കോവില്‍ത്തോട്ടം മൈനിങ്ങ് മേഖലയില്‍ കോടികളുടെ അഴിമതിക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: