വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് ശിലാസ്ഥാപനം നടത്തിയിട്ട് നാലു വര്‍ഷം
വാഴൂര്‍: ശിലാസ്ഥാപനം നടത്തി നാലുവര്‍ഷം പിന്നിടുമ്പോളും വാഴൂര്‍ വില്ലേജ് ഓഫീസ് നിര്‍മ്മാണം ഫയലില്‍ ഉറങ്ങുന്നു. പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയ ശേഷം വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് തറക്കല്ലിട്ട പദ്ധതിയാണ് ശിലാസ്ഥാനത്തിന്റെ നാലാം വാര്‍ഷികത്തില്‍ എത്തിനില്‍ക്കുന്നത്. പണികള്‍ നടത്താതിരുന്നതോടെ പദ്ധതി പ്രദേശം കാട്കയറിയ നിലയിലാണ്.
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണത്തിനായി റവന്യു വകുപ്പില്‍ നിന്നും 15 ലക്ഷം അനുവദിച്ചതാണ്. കെട്ടിട നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തു. ഓഫീസ് നിര്‍മ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി പോയ അധികൃതര്‍ പിന്നീട് പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പദ്ധതി വൈകുന്നതോടെ വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രദേശത്തെ ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി റവന്യു വകുപ്പിന്റെ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്ത് വക സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന് മാതൃകയില്‍ കെട്ടിട സമുച്ചയം പണിയുമെന്ന പ്രഖ്യാപനവും ഇതുവരെ നടപ്പായിട്ടില്ല. ടൗണില്‍ വിവിധയിടങ്ങളില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി ഓഫീസ്, പൊതുമരാമത്ത് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, ഐസിഡിഎസ് ഓഫീസ് എന്നിവയും ഒരു കെട്ടിടത്തില്‍ കൊണ്ടുവരുന്നത് ലക്ഷ്യം വച്ചാണ് ഷോപ്പിംങ് കോംപ്ലക്സ് നിര്‍മ്മാണത്തിന് നടപടികള്‍ ആരംഭിച്ചത്. വാടക ഇനത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി ചിലവഴിക്കുന്ന പണം ലാഭിക്കാമെന്നതും, വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കെട്ടിടത്തില്‍ കേന്ദ്രീകരിക്കുന്നതും പദ്ധതിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ കടലാസില്‍ ഉറങ്ങുന്ന സ്വപ്നപദ്ധതി പ്രദേശം കാടുകയറി സാമുഹ്യവിരുദ്ധര്‍ താവളമാക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായതോടെ കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രദേശം സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം വൃത്തിയാക്കിയിരുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോളും സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച് അനാസ്ഥ തുടരുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: