കൊച്ചി: കൊച്ചിന് പോര്‍ട്ടിനെ സംരക്ഷിക്കുക എന്ന ആവശ്യമുയര്‍ത്തി കൊച്ചിന് പോര്‍ട്ട് ജോയിന്റ് ട്രേഡ് യൂണിയന് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഒരുവര്‍ഷം പൂര്‍ത്തിയായി.
തുറമുഖം നേരിടുന്ന പ്രധാന പ്രശ്നം ലൈസന്‍സ് എഗ്രിമെന്റ് പ്രകാരം 14.5 മീറ്റര്‍ ആഴം ചാനലില്‍ നിലനിര്ത്തിക്കൊടുക്കണമെന്നുള്ള കരാര്‍ വ്യവസ്ഥയാണ്. 160 കോടിരൂപ ഡ്രഡ്ജിങ്ങിനുവേണ്ടി തുറമുഖം ചിലവാക്കുമ്പോള്‍ ഐസിടിടിയില്നിന്ന് തുറമുഖത്തിന് കിട്ടുന്ന വരുമാനം കേവലം 50 കോടിരൂപയാണ്. കൂടാതെ കൊളംബോ തുറമുഖമായി മത്സരക്ഷമത വരുത്തുന്നതിന് വെസ്സല്‍ റിലേറ്റഡ് ചാര്‍ജ്ജില്‍ 86% ഇളവ് നല്കുന്നതുമൂലം തുറമുഖത്തിന് വന്‍ സാമ്പത്തിക ബാദ്ധ്യത വരുകയും ചെയ്തിട്ടുണ്ട്. 2011 മുതല്‍ 2014 വരെ തുറമുഖ ഖജനാവില്‍നിന്ന് മാത്രം 510 കോടിരൂപ ഡ്രഡ്ജിങ്ങിനായി ചെലവഴിച്ചു.
രണ്ടുവര്‍ഷത്തിനിടയില്‍ സംസ്ഥാന മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാര്‍, എംഎല്‍എമാര്‍, കേരളത്തിലെ രാജ്യസഭാ, ലോകസഭാ എംപിമാര്‍ തുടങ്ങിയവരെയെല്ലാം ട്രേഡ് യൂണിയന് ഫോറം നേതാക്കള്‍ നേരിട്ട് കാണുകയും നിവേദനം നല്‍കുകയും ചെയ്തു. കൂടാതെ മുന്‍ യുപിഎ ഗവണ്മെന്റിലെ വകുപ്പ് മന്ത്രിക്കും കേരളത്തില്‍നിന്നും മന്ത്രിസഭയില്‍ അംഗമായിരുന്ന എല്ലാ മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിരുന്നു.
പുതിയ കേന്ദ്രമന്ത്രിസഭയിലെ ഷിപ്പിങ് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തുറമുഖം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ നേരില്‍കാണുകയും തുറമുഖ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 365-ാം ദിവസം സമരം തോമസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പി. ബി. ശിവപ്രസാദ്, എ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. എം. കെ. വിജയന്, സെബാസ്റ്റ്യന്‍, ഷാലന് എന്നിവരാണ് 365-ാം ദിവസം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: