ആലപ്പുഴ: കൃഷി, എക്സൈസ് വകുപ്പുകളുടെ പ്രത്യേക അനുമതിയില്ലാതെ നീര ഉത്പാദിപ്പിക്കാന്‍ അനുവദിക്കുമെന്ന മന്ത്രി കെ.പി. മോഹനന്റെ പ്രസ്താവനയില്‍ കേരള പ്രദേശ് ടോഡി ആന്‍ഡ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്) സംസ്ഥാന സമിതി പ്രതിഷേധിച്ചു.
തെങ്ങില്‍ നിന്നു ലഭിക്കുന്ന ലഹരിയുള്ള പാനീയം പിന്നീട് മാത്രമാണ് ലഹരി ഒഴിവാക്കി നീരയാക്കുന്നത്. തെങ്ങുകൃഷി ചെയ്യുന്ന എല്ലാവരും ലഹരിയുള്ള പാനീയം ഉത്പാദിപ്പിക്കുകയും അത് യഥേഷ്ടം യാതൊരു നിയന്ത്രണവുമില്ലാതെ വില്പന നടത്തുകയും ചെയ്താല്‍ ഉണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങള്‍ ഗുരുതരമായിരിക്കും.
എന്നാല്‍ സ്വന്തം വീട്ടിലെ തെങ്ങില്‍ നിന്ന് നീര ഉത്പാദിപ്പിക്കാന്‍ വിവിധ വകുപ്പുകളുടെ കാലുപിടിക്കേണ്ട ഗതികേട് ഒഴിവാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണ്. ഇതനുസരിച്ചാണെങ്കില്‍ സ്വന്തം വീട്ടില്‍ കഞ്ചാവ് കൃഷി ചെയ്യുന്നവന്റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാന്‍ അനുവദിക്കേണ്ടി വരും. കള്ളു ചെത്ത് വ്യവസായത്തിന് ദോഷം വരാത്ത വിധം നീര ഉത്പാദിപ്പിക്കാന്‍ എക്സൈസ് വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ മാത്രമേ അനുവാദം നല്‍കൂവെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് മന്ത്രിയുടെ പ്രസ്താവന. ഇത് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫെഡറേഷന് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. രാജശേഖരന്, വൈസ് പ്രസിഡന്റ് വി.എന്‍. രവീന്ദ്രന്, കെ.കെ. സ്റ്റാലിന്, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: