രാമന് ചോദിച്ചു: ആരാണീ സിദ്ധന്മാര്, സാദ്ധ്യന്മാര്, യമന്‍, ബ്രഹ്മാവ്, വിദ്യാധരന്മാര്, ഗന്ധര്വ്വന്മാര്, എന്നെല്ലാം അറിയപ്പെടുന്ന സത്വങ്ങള്‍? അവരുടെ ലോകങ്ങള്‍ എന്തൊക്കെയാണ്?
വസിഷ്ഠന് പറഞ്ഞു: നിന്റെ പിന്നിലും മുന്നിലുമുള്ള ഓരോ ദിനരാത്രങ്ങളിലും നീ സിദ്ധാദികളുടെ ലോകങ്ങളെ കണ്ടുകൊണ്ടിരിക്കുന്നു. നീ അവരെ കാണാന്‍ ആഗ്രഹിക്കുന്നപക്ഷം നിനക്കവരെ കാണാം. അവരെ നിനക്ക് കാണണ്ട എന്നാണെങ്കില്‍ അതും അപ്രകാരം സംഭവിക്കുന്നു.
അവരെ കാണുന്നതിനായുള്ള പരിശീലനം നിനക്ക് ലഭിച്ചിട്ടില്ലെങ്കില്‍ അവര്‍ അങ്ങകലെ മാഞ്ഞു മറഞ്ഞിരിക്കുന്നതായി നിനക്ക് തോന്നും. ഈ ലോകങ്ങള്‍ അതീവ സൂക്ഷ്മങ്ങളാണ്, അതിഭൗതീകങ്ങളുമാണവ. വിഹായസ്സുമുഴുവന്‍ അവരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. നാം കാണുന്ന ഈ ലോകം എപ്രകാരം ഭ്രമാത്മകമായിരിക്കുന്നുവോ അതുപോലെ സിദ്ധഗന്ധര്വ്വന്മാരുടെ ലോകങ്ങളും ഭ്രമാത്മകം തന്നെയാണ്.
അവരുടെ മാനസീകശക്തികൊണ്ട് അവര്‍ അതത് ലോകങ്ങളെ പ്രബലമാക്കിയതുപോലെ നിനക്കും നിന്റെ സങ്കല്പ്പ ലോകങ്ങളെ തീവ്രധ്യാനത്തിലൂടെ പ്രബലത്വമുള്ളതാക്കിത്തീര്ക്കാം. സിദ്ധന്മാരും മറ്റും അവരവരുടെ ലോകങ്ങളെ പ്രബലമാക്കിഎന്ന് പറഞ്ഞു, എന്നാല്‍ മറ്റുള്ളവര്‍ക്ക് അതത്ര എളുപ്പമല്ല എന്നും നാമറിയണം.
വിശ്വം മുഴുവന്‍ വ്യാപരിച്ചിരിക്കുന്നത് അനന്തബോധമാണ്. ആ ബോധത്തില്‍ സ്വയം ഉണര്‍ന്നുയരുന്ന സങ്കല്പ്പങ്ങളാണീ വിശ്വം.
ഈ വിശ്വം ഒന്നില്‍ നിന്നോ ഒന്നിനാലോ നിര്‍മ്മിക്കപ്പെട്ടതല്ല. അങ്ങനെയൊരു കാരണം സൃഷ്ടിയാദ്യത്തില്‍ ഉണ്ടായിട്ടേയില്ല. ബോധത്തില്‍ ഉരുവാകുന്ന സങ്കല്‍പ്പം വിശ്വമാകുന്നു എന്ന് മാത്രം. സത്യത്തില്‍ അങ്ങനെയൊരു ‘മല’ ഒരിടത്തുമില്ല, എങ്കിലും മനസ്സില്‍ ഒരാള്‍ ഒരു പര്‍വ്വതത്തെ കാണുന്നതുപോലെയാണ് ലോകനിര്‍മ്മിതിയും.
അതിനാല്‍ സത്യജ്ഞാനികള്‍ ഈ ലോകത്ത് വിഹരിക്കുന്നത് ചലിക്കുന്ന വൃക്ഷങ്ങള്‍ എന്നതുപോലെയാണ്. ഉണ്ടായി മറയുന്ന തിരകള്‍ സമുദ്രത്തില്‍ നിന്നും വിഭിന്നമല്ലാത്തതുപോലെ വിശ്വങ്ങള്‍ ബ്രഹ്മത്തില്‍ ഉണ്ടായി മറയുന്നു.
ഈ ലോകം ഏറെക്കാലമായി നിലനില്‍ക്കുന്നതായി നാം അനുഭവിക്കുന്നുവെങ്കിലും സത്യമെന്ന തോന്നല്‍ അതിനുണ്ടാക്കാന്‍ സാധിക്കുന്നുവെങ്കിലും അത് വെറും ശൂന്യമാണ്. ഒരു സങ്കല്പ്പനഗരത്തിന്റെ രൂഢിയേ അതിനുള്ളു. മനുഷ്യര്‍ അവരവരുടെ അസ്തിത്വം അനുഭവിച്ചിട്ടുണ്ടെങ്കിലും അത് സത്തല്ല. ചിലപ്പോള്‍ സ്വപ്നത്തില്‍ ഒരാള്‍ അവനവന്റെ മരണം പോലും കണ്ടുവെന്നിരിക്കുമല്ലോ!
അസത്ത് സത്തായി കാണപ്പെടുന്നു.! പരമപുരുഷന്റെ രണ്ടു ഭാവങ്ങളാണ് സത്തും അസത്തും. ഭാവാഭാവങ്ങള്‍ മാത്രമാണവ. ഇപ്പറഞ്ഞ പരമപുരുഷനും ഒരു സങ്കല്‍പ്പധാരണ മാത്രമാണ്.
‘കാര്യങ്ങള്‍ ഇങ്ങനെയിരുന്നുകൊള്ളട്ടെ. അല്ലെങ്കില്‍ സത്യം ഇതില്‍ നിന്നെല്ലാം വിഭിന്നമായിക്കൊള്ളട്ടെ, എന്തിനാണ് നാം ചിന്താക്കുഴപ്പത്തില്പ്പെടുന്നത്? എല്ലാ വിധത്തിലുള്ള കര്മ്മഫലസംഗവും അതിനായുള്ള തേടലും അവസാനിപ്പിക്കുക. നീ പ്രബുദ്ധനാണ്! വെറുതെ വ്യര്‍ത്ഥകര്‍മ്മങ്ങളില്‍ ആമഗ്നനാവാതിരിക്കുക!’
പ്രതികരിക്കാൻ ഇവിടെ എഴുതുക: