170. സര്വദേവശരീരോദ്യത്തേജോരാശിസമുദ്ഭവാഃ – സര്‍വദേവന്മാരുടെയും ശരീരങ്ങളില്‍ നിന്നുയര്‍ന്ന തേജസ്സുകളുടെ സമൂഹത്തില്‍ നിന്നുണ്ടായവള്‍. (40 മുതല്‍ 55 വരെ ശ്ലോകങ്ങള്‍ മാര്‍ക്കണ്ഡേയപുരാണത്തിന്റെ ഭാഗമായ ദേവീമാഹാത്മ്യത്തെ ആശ്രയിച്ച് ദേവിയുടെ ലീലകള്‍ സംഗ്രഹിക്കുന്നു.
മൂകാംബികാ ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളില്‍ ഒന്ന് ദേവീ മാഹാത്മ്യത്തിലെ എഴുന്നൂറുമന്ത്രങ്ങളും ചൊല്ലി ഹവിസ്സര്‍പ്പിക്കുന്ന ചണ്ഡീഹോമമാണ്.)
വരബലം കൊണ്ടു മദിച്ച മഹിഷാസുരന് ഇന്ദ്രനെയും ദേവന്മാരയും സ്വര്‍ഗ്ഗത്തില്‍നിന്നു പുറത്താക്കി. മഹിഷനെ എതിര്‍ത്ത ത്രിമൂര്‍ത്തികളും പരാജയപ്പെട്ടു.
മഹിഷാസുരന്റെ ദുര്‍ഭരണം ലോകത്തിനു ശല്യമായിത്തീര്‍ന്നപ്പോള്‍ എല്ലാ ദേവന്മാരും ഒത്തുകൂടി ത്രിമൂര്‍ത്തികളെ അഭയംപ്രാപിച്ചു. മഹിഷാസുരന്റെ ദുഷ്ടതകള്‍ അവര്‍ സങ്കടത്തോടെ വിവരിച്ചതു കേട്ട് വിഷ്ണുവും ശിവനും ബ്രഹ്മാവും കോപിച്ചു. കോപം കൊണ്ട് അവരുടെ പുരികകൊടികള്‍ വളഞ്ഞു.
കോപിഷ്ഠരായ ത്രിമൂര്‍ത്തികളില്‍ ഓരോരുത്തരുടെയും മുഖത്തുനിന്ന് ഓരോ തേജസ്സു പുറത്തുവന്നു. അപ്പോള്‍ ഇന്ദ്രന് തുടങ്ങിയ എല്ലാ ദേവന്മാരുടെയും മുഖത്തുനിന്ന് ഓരോ തേജസ്സുണ്ടായി. ആ തേജസ്സുകള്‍ ഒത്തുചേര്‍ന്നു ജ്വലിക്കുന്ന പര്വതംപോലെയുള്ള ഒരു വലിയ തേജസ്സ് കൂടമായി. ലോകങ്ങളെയാകെ പ്രഭാദീപ്തമാക്കിയ ആ തേജസ്സിനുള്ളില്‍ ലോകാനുഗ്രഹതത്പരയായ മഹാദേവിയുടെ രൂപം തെളിഞ്ഞു. ആ കഥ സൂചിപ്പിക്കുന്ന നാമം
171. ശിവശൂലവിനിഷ്കൃഷ്ടത്രിശൂലവരധാരിണീഃ – ശിവന്റെ ശൂലത്തില്നിന്നു വേര്‍പെടുത്തിയെടുത്ത ശ്രേഷ്ഠമായ ത്രിശൂലം എന്ന ആയുധം ധരിച്ചവള്‍. എല്ലാ ദേവന്മാരുടെയും തേജസ്സുകള്‍ ഏകീഭവിച്ചുണ്ടായ ദേവിക്ക് എല്ലാ ദേവന്മാരുംഅവരവരുടെ ആയുധങ്ങളും മറ്റുപഹാരങ്ങളും കാഴ്ചവച്ചു. ശിവന് തന്റെ പ്രധാന ആയുധമായ ത്രിശൂലത്തില്നിന്ന് മറ്റൊരു ത്രിശൂലം വേര്‍പ്പെടുത്തി എടുത്ത് ദേവിക്ക് സമര്‍പ്പിച്ചു.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: