നിങ്ങള്‍ സ്വന്തം മനസ്സ് പരിശോധിച്ച് തെറ്റുകള്‍ കണ്ടെത്തുക. എവിടെയാണ് പിഴവ് പറ്റിയതെന്നു അറിയണം. ആത്മപരിശോധന നടത്തുക ദുരുദ്ദേശങ്ങള്‍ മറ്റുള്ളവരില്‍ ആരോപിക്കരുത്. തെറ്റിന്റെ ഉത്തരവാദിത്വം സ്വയം ഏല്ക്കണം. അതാണ് മഹത്വം. അന്തര്‍മുഖത്വവും ആത്മപരിശോധനയും ധ്യാനവും മുഖേന ശുദ്ധീകരണം സാദ്ധ്യമാകും.
നിര്‍മ്മലമായ മനസ്സ് അതിസൂക്ഷമമായ മാനസികവൃത്തികളെപ്പോലും കണ്ടുപിടിക്കും. വെളുത്ത വസ്ത്രത്തിലെ കറുത്തപുള്ളി പ്രകടമായികാണും. എന്നാല്‍ വസ്ത്രം ആകെത്തന്നെ കറുത്തതാണെങ്കില്‍ കറുത്ത കല എങ്ങനെ കണ്ണില്‍പ്പെടും!. വ്യക്തിയുടെയെന്നല്ല, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെതന്നെയും വിജയരഹസ്യം നിലകൊള്ളുന്നത് ആദ്ധ്യാത്മികശക്തിയാകുന്ന അടിത്തറയിലാണ്. പുരാതനകാലത്ത് രാജാവ് സകലവിധ നന്മകളുടെയും ഉത്തമമാതൃകയായിരുന്നു.
ഈശ്വരവിശ്വാസത്താല് പ്രജകളെ സ്നേഹിച്ചിരുന്നു. സത്യസന്ധനും നീതിമാനും ഉദാരമതിയും ആയിരുന്നുവെങ്കിലും കുറ്റവാളികളെ ശിക്ഷിക്കുന്നതില്‍ ദാക്ഷ്യണ്യമില്ലായിരുന്നു. വല്ലപ്പോഴും രാജാവ് സാഹസത്തിനു ഒരുമ്പെടുകയോ നീതിരഹിതനാവുകയോ ചെയ്താല്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ മന്ത്രിയുണ്ടാകും. മന്ത്രി ഭരണകാര്യങ്ങളില്‍ സമര്‍ത്ഥനും രാജഭക്തനും പ്രജാസ്നേഹിയുമായിരുന്നു.
ഒരു സദ്ഗുരുവിന്റെ സ്വഭാവത്തെ അധികരിച്ച് അമ്മ ഇങ്ങനെ തുടര്‍ന്നു:-
ശിഷ്യന്റെ സമുദ്ധരണമാണ് സദ്ഗുരുവിലുളള സമുജ്ജ്വലമായ തീവ്രാഭിലാഷം. ശിഷ്യനോടുള്ള പ്രേമം സീമാതീതമാണ്. പക്ഷേ, ഗുരു നിസ്സംഗനാണ്. ഗുരു സ്വന്തം ആത്മസത്തയില്‍ ലയിച്ച്കൊണ്ടിരിക്കുന്നു. വ്യക്തികളെയോ പരിതസ്ഥിതികളേയോ ആശ്രയിക്കുന്നില്ല. ജീവന്മാരോടുള്ള കാരുണ്യപ്രഹര്ഷം മാത്രമേ ഗുരുവില്‍ പ്രകടമാവൂ.
ആദ്ധ്യാത്മിക ജീവിതത്തില്‍ ഗുരുവുമായുള്ള ആന്തരിക ബന്ധമാണ് പരമപ്രധാനം. ശിഷ്യനു ഗുരുവിന്റെ നേര്‍ക്ക് നിഷ്കളങ്ക ഭക്തിയും ഗുരുവചനത്തില്‍ അചഞ്ചല വിശ്വാസവുമുണ്ടെങ്കില്‍ അവന് എവിടെ കഴിഞ്ഞാലും പരമഗുരുവിന്റെ അദൃശ്യസമ്പര്ക്കവും നിയന്ത്രണവും സംസിദ്ധമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: