കൊല്ലം: കിഴക്കന്‍മേഖലയില്‍ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍.കെ.പ്രേമചന്ദ്രന് എംപി പറഞ്ഞു.
റോസ്മല, മാമ്പഴത്തറ, അച്ചന്‍കോവില്‍ പ്രദേശങ്ങളിലെ ഭൂമിപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാന്യം നല്‍കുമെന്നും എംപി പറഞ്ഞു. ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തുകളിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആലോചനായോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
റോസ്മലയിലെ 250 കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് പുനരധിവാസപദ്ധതി ഗുണകരമായിരിക്കുമെന്ന് എംപി അഭിപ്രായപ്പെട്ടു. റോസ്മലയിലെ ഭൂമി വനംവകുപ്പിന് കൈമാറി പകരം വാസയോഗ്യമായ പാതയോരത്തെ വനഭൂമി റോസ്മല നിവാസികള്‍ക്കായി വിട്ടുനല്‍കുന്ന പദ്ധതിയെക്കുറിച്ച് ആലോചിക്കുമെന്നും എംപി പറഞ്ഞു. ഇതിന്റെ സാധ്യത ആരായാന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തി.
കിഴക്കന്‍മേഖലയുടെ വികസനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് ഉറപ്പു വരുത്താന്‍ പ്രത്യേക മോണിറ്ററിങ് സെല്‍ തുടങ്ങുമെന്നും എംപി പറഞ്ഞു.
അച്ചന്‍കോവില്‍-കഴുതുരുട്ടി റോഡ് പിഡബ്ല്യൂഡി ഏറ്റെടുത്ത് നവീകരിക്കണം. വനംവകുപ്പിന്റെ അധീനതയിലുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വനംവകുപ്പ് തുക അനുവദിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയുടെ എംഎല്‍എ ഫണ്ടിന് പുറമേ കൂടുതല്‍ തുക റോഡിന്റെ നിര്‍മാണത്തിനായി കണ്ടെത്തുമെന്നും എംപി പറഞ്ഞു.അച്ചന്‍കോവില്‍ ആറിന് കുറുകെ 65 ലക്ഷം രൂപയ്ക്ക് പണിയുന്ന ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കും.
അച്ചന്‍കോവില്‍ ട്രൈബല്‍ ഹോസ്റ്റല്‍ പുതുക്കിപ്പണിയുക, തെന്മല ഡാമില്‍ നിന്നും മണല്‍ വാരുന്നതിന് അനുമതി നല്‍കുക, കൊല്ലത്ത് അനുവദിക്കുന്ന മെഡിക്കല്‍ കോളജ് കിഴക്കന്‍മേഖലയില്‍ സ്ഥാപിക്കുക, കുളത്തുപ്പുഴ സാംനഗര്‍ പട്ടയപ്രശ്നം പരിഹരിക്കുക, അരിപ്പഭൂസമരം ഒത്തുതീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കെ.രാജു എംഎല്‍എ യോഗത്തില്‍ ഉന്നയിച്ചു.
തോട്ടം തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന ഉടകള്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആര്‍പിഎല്‍, ഓയില്‍ ഫാം എന്നിവിടങ്ങളിലെ തൊഴിലവസരങ്ങളില്‍ ആദിവാസികള്‍ക്ക് സംവരണം ഉറപ്പുവരുത്തുക, പാട്ടക്കാലാവധി കഴിഞ്ഞ് സര്‍ക്കാര്‍ തിരിച്ചെടുക്കുന്ന തോട്ടഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്കുക, കിഴക്കന്‍മേഖലയിലെ തമിഴ് വംശജര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് ഉന്നയിച്ചു.
ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്, റൂറല്‍ എസ്പി എസ്.സുരേന്ദ്രന്, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരന്, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.അയ്യമ്മാള്‍, വൈസ് പ്രസിഡന്റ് മാമ്പഴത്തറ സലിം, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുഭിലാഷ് കുമാര്‍, അച്ചന്‍കോവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍.വാസവന്, ജില്ലാപഞ്ചായത്തംഗം എസ്.ഇ.സഞ്ജയ്ഖാന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: