ചേര്‍ത്തല: ചേര്‍ത്തലയിലെ ജില്ലാ ലാന്റ് ട്രിബ്യൂണല്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പട്ടയ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഈ ഓഫീസ് കോട്ടയം പത്തനംതിട്ട ജില്ലകളിലെ ഓഫീസുകളില്‍ ലയിപ്പിക്കുവാനാണ് ധനവകുപ്പ് റവന്യൂവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പട്ടയത്തിന്റെ സര്‍വേ നമ്പരുകളിലുള്ള അപാകതകള്‍, പട്ടയത്തിന്റെ പകര്‍പ്പുകള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. 1970 മുതല്‍ 95 വരെയുള്ള കാലഘട്ടത്തില്‍ കുടികിടപ്പ് പട്ടയം, സുമോട്ടോ പട്ടയം എന്നിവയാണ് ജില്ലയില്‍ പ്രധാനമായും വിതരണം ചെയ്തത്. ഇത് സംബന്ധിച്ച് 200 ലധികം പരാതികളാണ് പ്രതിമാസം ഇവിടെ കൈകാര്യം ചെയ്യുന്നത്. പട്ടയത്തിന്റെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് ആഴ്ചയില്‍ നൂറിലധികം അപേക്ഷകളും ലഭിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ താലൂക്കുകളിലും പട്ടയസംബന്ധമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചേര്‍ത്തലയില്‍ നിന്നാണ് ഏറ്റവും അധികം പരാതികള്‍ വരുന്നത്.
1998ലാണ് ചേര്‍ത്തലയില്‍ ജില്ലാ ലാന്‍ഡ് ട്രൈബ്യൂണല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1970 മുതല്‍ ജില്ലയില്‍ ഉണ്ടായിരുന്ന 23 ഓളം ലാന്‍ഡ് ട്രൈബ്യൂണലുകള്‍ നിര്‍ത്തലാക്കിയാണ് ഈ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. 23 ലാന്‍ഡ് ട്രൈബ്യൂണലുകളിലെയും ഫയലുകള്‍ ചേര്‍ത്തലയിലെ ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയ ഏകദേശം അഞ്ചു ലക്ഷത്തോളം വരുന്ന ഫയലുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് തന്നെ ഭാവിയില്‍ രേഖകള്‍ നഷ്ടപ്പെടുവാന്‍ കാരണമാകും.
ആയിരത്തിലധികം പരാതികളും, പകര്‍പ്പിനുള്ള അപേക്ഷകളും നടപടിയാകാതെ നിലവില്‍ ഉള്ളപ്പോഴാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഓഫീസ് ചേര്‍ത്തലയില്‍ നിന്ന് മാറ്റുവാനുള്ള നീക്കം പട്ടയത്തിനായി കാത്തിരിക്കുന്നവരേയും വിചാരണയ്ക്ക് ഹാജരാകേണ്ടവരേയുമാണ് ഏറ്റവുമധികം ബാധിക്കുക. പതിനാറോളം ജീവനക്കാരുള്ള ഈ ഓഫീസ് സര്‍ക്കാര്‍ തീരുമാനത്തോടെ ഇല്ലാതാകുമ്പോള്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ ഭൂമിസംബന്ധമായ രേഖകള്‍ ലഭിക്കാതെ വരും.
ഇനി പരാതികള്‍ നല്കണമെങ്കില് ജില്ലയിലുള്ളവര്‍ കോട്ടയം, പത്തനംതിട്ട ജില്ലാ ഓഫീസുകളെ ആശ്രയിക്കേണ്ടി വരും. ജില്ലാ ലാന്റ് ട്രിബ്യൂണല്‍ ഓഫീസ് ചേര്‍ത്തലയില്‍ നിന്ന് മാറ്റുവാനുള്ള നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് പി. തിലോത്തമന് എംഎല്‍എ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ ഇല്ലാതാക്കിയല്ല സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: