വസിഷ്ഠന് പറഞ്ഞു: ഒരു പുണ്യതീര്‍ത്ഥത്തില്‍ വസിക്കുന്ന ഒരാളുടെ സുഹൃത്തും ശത്രുവും അയാള്‍ക്ക് യഥാക്രമം നന്മയും തിന്മയും വരാന്‍ പ്രാര്‍ത്ഥിക്കുന്നതിനെപ്പറ്റി നീ പറയുകയുണ്ടായി. ഇതെല്ലാം അനന്ത ബോധം ആദ്യമേ തന്നെ നിര്‍ണ്ണയിച്ചിട്ടുള്ളതാണ്.
ഒരു സ്ഥലത്തിന്റെ പവിത്രതയും ചെയ്യുന്ന കര്‍മ്മങ്ങളുടെ പാവനതയും ഒരാള്‍ക്ക് പുണ്യങ്ങള്‍ നേടിക്കൊടുക്കുന്നു. അയാള്‍ ഒരു പാപിയായിരുന്നാല്‍ക്കൂടി അയാളുടെ പാപഭാരം ലഘൂകരിക്കാന്‍ ഈ പുണ്യതീര്‍ത്ഥങ്ങള്‍ക്ക് കഴിയും. എന്നാല്‍ പുണ്യത്തിന്റെ അംശം പാപഭാരത്തെക്കാള്‍ കൂടുതലാണെങ്കില്‍ സകല പാപങ്ങളും തുടച്ചു നീക്കപ്പെടുന്നു. പാപപുണ്യ സമ്പത്തുകള്‍ ഒരേയളവിലാണെങ്കില്‍ രണ്ടും ബോധത്തില്‍ പ്രത്യക്ഷപ്പെട്ടു പരസ്പരപൂരകങ്ങളായി ശൂന്യവത്താകുന്നു.
അനന്തബോധത്തില്‍ എന്തെന്തു ധാരണകള്‍ ഉരുത്തിരിയുന്നുവോ എന്തെന്തു ഭാവാഭാവങ്ങള്‍ നിലകൊള്ളുന്നുവോ അവയാണ് പാപപുണ്യങ്ങളെ നിര്‍ണ്ണയിക്കുന്നത്. ഞാനും നീയും ഇതെല്ലാം തന്നെയും അനന്തബോധത്തിലെ സങ്കല്പ്പങ്ങളില് അധിഷ്ടിതമാണ്. ആ സങ്കല്‍പ്പങ്ങള്‍ നിര്‍മ്മലമോ പങ്കിലമോ ആയാലും അവ ബോധത്തില്‍ നിലകൊള്ളുന്നു. മരിക്കാന്‍പോകുന്നയാള്‍ തന്റെ ആസന്നമരണത്തെ സങ്കല്‍പ്പിക്കുന്നു. മറ്റുള്ളവര്‍ അവനായി കണ്ണീര് പൊഴിക്കുന്നു.!
അതുപോലെയാണ് മരണത്തെയും മരണാനന്തര കര്‍മ്മങ്ങളെപ്പറ്റിയുമൊക്കെയുള്ള ധാരണകള്‍ ബന്ധുജനങ്ങളില് ഉണ്ടായിട്ട് അവര്‍ കണ്ണീര് പൊഴിക്കുന്നതും.
മരണത്തെ അഭിമുഖീകരിക്കുന്നയാള്‍ ലോകത്തെ അയാള്‍ക്ക് എങ്ങിനെ കാണപ്പെടുന്നുവോ അങ്ങിനെ നേരിടുന്നു. എന്നാല്‍ അയാളുടെ മരണത്തിനായി പ്രാര്ത്ഥിച്ചിരുന്നയാള് വിചാരിക്കുന്നു അയാള്‍ മരിച്ചുവെന്ന്. അയാളുടെ നന്മയ്ക്കായി ആഗ്രഹിച്ചയാള്‍ വിചാരിക്കുന്നത് തന്റെ സുഹൃത്ത് അമര്‍ത്ത്യതയെ പുല്കി എന്നത്രേ! അങ്ങിനെ രണ്ടു പ്രാര്‍ത്ഥനകളും സഫലമായി എന്ന് പറയാം.
‘മൂന്നു ലോകങ്ങള്‍ വിഭ്രമത്തിന്റെ ഫലമായുണ്ടാകുന്ന ഭ്രമകാഴ്ചകളാണ്. എന്നാല്‍ ഭ്രമക്കാഴ്ചകളില്‍ അസാദ്ധ്യമായി ഒന്നുമില്ലാത്തതിനാല്‍ ആ കാഴ്ചകളില്‍ അസാംഗത്യം ഒന്നും കാണേണ്ടതില്ല.’
രാജാവ് ചോദിച്ചു: എങ്ങിനെയാണ് നാമരൂപരഹിതമായ പുണ്യപാപങ്ങള്‍ക്ക് ദേഹങ്ങളെ ഉണ്ടാക്കാന്‍ കഴിയുക?
വസിഷ്ഠന് പറഞ്ഞു: ഈ ലോകമെന്നത് ബ്രഹ്മാവിന്റെ സ്വപ്നനഗരമായിരിക്കെ അതില്‍ എന്തെന്തുതന്നെ സാദ്ധ്യമല്ല? അതില്‍ അസാദ്ധ്യമായി യാതൊന്നുമില്ല. ദിവാ സ്വപ്നത്തില്‍ അല്ലെങ്കില്‍ സാധാരണ സ്വപ്നത്തില്‍ ഒരാള്‍ക്ക് കോടീശ്വരനാവാം. അതുപോലെ സ്വയം പലതാവാന്‍, സഹസ്രാവതാരങ്ങളാവാന്‍ അനന്തബോധത്തിന് ‘സ്വപ്നം’ കാണാമല്ലോ.
അതുപോലെ തന്നെ ഈ ആയിരവും സുഷുപ്തിയില്‍ ഒന്നായി ചുരുങ്ങുമല്ലോ. അതിനാല്‍ എന്തെങ്കിലും ഇവിടെ അസംഭാവ്യം എന്ന് പറയുന്നത് ശരിയല്ല. അതുപോലെ എന്തെങ്കിലും ഇവിടെ സംഭവ്യം എന്ന് പറയുന്നതും ശരിയല്ല.
എന്തെല്ലാം അനുഭവിക്കപ്പെടുന്നുവോ അവ അങ്ങിനെയാണ് സംഭവിക്കുന്നത്, എന്ന ഭാവത്തിലാണ് ജ്ഞാനികള്‍ എല്ലാറ്റിനെയും കാണുന്നത്. യാതൊരു വിരോധാഭാസവും അസംഭാവീകതയും അവരതില്‍ കാണുന്നില്ല. സംഭവ്യം, അസംഭവ്യം എന്നിങ്ങിനെ ഒരു കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്യണമെങ്കില്‍ ആ വസ്തു സത്യമായിരിക്കണം.
വെറും സങ്കല്‍പ്പസൃഷ്ടിയെപ്പറ്റി അത്തരത്തിലൊരു ചര്‍ച്ചയെങ്ങിനെ യുക്തിസഹമാവും? ലോകമെന്ന കാഴ്ചതന്നെ വെറും ഭ്രമദൃശ്യമാവുമ്പോള്‍ അത്തരം ചര്‍ച്ചകള്‍ വൃഥാവിലാണ്. സ്വപ്നസദൃശ്യമായ ഒരു സത്തയില്‍ മാനദണ്ഡമായി കണക്കാക്കാവുന്നത് അനുഭവങ്ങളെ മാത്രമാണ്. എന്തെന്ത് അനുഭവമാകുന്നുവോ അവയെല്ലാം സത്യമായി അനുഭവിക്കുകയാണ്. ഇവിടെ നിലകൊള്ളുന്നതായ എല്ലാമെല്ലാം അനന്തബോധത്തിലുയരുന്ന സങ്കല്പനങ്ങള് മാത്രമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: