കുന്നത്തൂര്‍: മാസങ്ങളായി കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്നുവരുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ തുടര്‍ച്ചയായി യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.
ആര്‍എസ്പി അംഗത്തിന്റെ പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസാവുകയായിരുന്നു. അതോടെ ഏഴുമാസം കാലാവധിയുണ്ടായിരുന്ന യുഡിഎഫ് ഭരണത്തിന് അവസാനമായി.
നിലവിലെ പഞ്ചായത്ത് പ്രസിഡന്റായ കോണ്‍ഗ്രസിലേക്ക് കൂറുമാറിയ സിപിഎം സ്വതന്ത്ര തങ്കച്ചി സദാനന്ദനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ആര്‍എസ്പി അംഗം ആര്.ഗോപാലകൃഷ്ണപിള്ളയുടെ പിന്തുണയോടെയാണ് പാസായത്. 30 വര്‍ഷത്തോളമായി എല്‍ഡിഎഫ് ഭരണം നിലവിലുള്ള കുന്നത്തൂരില്‍ മുന്‍തെരഞ്ഞെടുപ്പ് ധാരണാപ്രകാരം പ്രസിഡന്റ് സ്ഥാനം സിപിഐക്ക് നല്‍കുന്നതിനായി സിപിഎമ്മിലെ ബി.അരുണാമണി രാജിവച്ചിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര തങ്കച്ചി സദാനന്ദന് പ്രസിഡന്റാവുകയായിരുന്നു.
അതോടൊപ്പം ആര്‍എസ്പി അംഗം ആര്.ഗോപാലകൃഷ്ണപിള്ളയെ വൈസ്പ്രസിഡന്റാക്കാന് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസംഗം കാലുവാരിയതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. അന്നു മുതല്‍ യുഡിഎഫുമായി അകല്‍ച്ചയിലായിരുന്ന ഗോപാലകൃഷ്ണപിള്ളയെ പ്രലോഭനങ്ങള്‍ നല്കി സിപിഎം ഒപ്പം കൂട്ടുകയായിരുന്നു.
17 അംഗങ്ങളാണ് പഞ്ചായത്ത് ഭരണസമിതിയിലുള്ളത്. ആര്‍എസ്പി അംഗം എല്‍ഡിഎഫില്‍ ചേര്‍ന്നതോടെ ഒമ്പത് അംഗങ്ങളുടെ പിന്തുണയില്‍ എല്‍ഡിഎഫ് ഭരണം തിരിച്ച് പിടിച്ചിരിക്കുകയാണ്.
പ്രസിഡന്റ് സ്ഥാനം സിപിഐക്ക് ലഭിക്കും. വൈസ്പ്രസിഡന്റ് സ്ഥാനം ആര്‍എസ്പി വിമത അംഗം ആര്.ഗോപാലകൃഷ്ണപിള്ളക്ക് നല്കാന് നീക്കം നടക്കുകയാണ്. കഴിഞ്ഞ കുറേനാളുകളായി കുന്നത്തൂര്‍ പഞ്ചായത്തില്‍ നടക്കുന്ന രാഷ്ട്രീയ വടംവലിയും കുതിരക്കച്ചവടവും പഞ്ചായത്തിന്റെ ഭരണം സ്തംഭിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: