തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് എഡിജിപി ജേക്കബ് തോമസിന് സ്ഥാനക്കയറ്റം നല്‍കിയതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്തി രമേശ് ചെന്നിത്തല. ധനമന്ത്രി കെ.എം.മാണി ആരോപണവിധേയനായ ബാര്‍ കോഴ കേസിന്റെ മേല്‍നോട്ടം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോളിനാണെന്നും ചെന്നിത്തല വ്യക്തമാക്കി.
നാല് എ.ഡി.ജി.പിമാര്‍ക്ക് ഡി.ജി.പി പദവി നല്‍കിയെന്ന മാദ്ധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. നേരത്തേ ഡി.ജി.പി ആക്കിയ എം.എന്‍.കൃഷ്ണമൂര്‍ത്തി, വിന്‍സണ്‍ എം. പോള്‍ ഉള്‍പ്പെടെയുള്ള ആറു പേര് ഡി.ജി.പി പദവിക്ക് യോഗ്യരാണെന്ന സ്ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുക മാത്രമാണ് ചെയ്തത്. ഇതിനെ ഡി.ജി.പി പദവി നല്‍കിയെന്ന രീതിയിലുള്ള പ്രചരണം ശരിയല്ല.
30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 1984-85 ബാച്ചിലെ ഐ.പി.എസുകാരായ അരുണ്‍കുമാര്‍ സിന്‍ഹ, ഡോ. ജേക്കബ് തോമസ്, ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, എന്നിവര്‍ ഡി.ജി.പി പദവിക്ക് യോഗ്യരാണെന്ന കമ്മിറ്റിയുടെ നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കും. ഡി.ജി.പി ആയി ഓരോരുത്തര്‍ക്കും പോസ്റ്റിംഗ് നല്‍കുന്നത് പിന്നീട് ഒഴിവു വരുന്ന മുറയ്ക്കു മാത്രമാണ്. 2013ല്‍ സ്ക്രീനിംഗ് കമ്മിറ്റി ഡി.ജി.പി പദവിക്ക് ശുപാര്‍ശ നല്കിയ സെന്‍കുമാറിന് ആ പദവിയില്‍ പോസ്റ്റിംഗ് ലഭിച്ചത് ഒരു വര്‍ഷത്തിനു ശേഷം മാത്രമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: