ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കിരണ്‍ ബേദിയെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി വൈകി ചേര്‍ന്ന പാര്‍ലമെന്റ് ബോര്‍ഡ് യോഗത്തിനു ശേഷം ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് കിരണ്‍ബേദിയുടെ നേതൃത്വത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് നേരിടുമെന്ന് വ്യക്തമാക്കിയത്. സംസ്ഥാനത്തെ 62 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെയും പാര്ലമെന്റ്ബോര്ഡ് യോഗം തീരുമാനിച്ചു.
ബിജെപി തീരുമാനം വന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തുവന്ന അഭിപ്രായ സര്‍വ്വേയില്‍ അരവിന്ദ് കേജ്രിവാളിനു തുല്യമായ ജനസ്വാധീനമുള്ള നേതാവാണ് കിരണ്‍ ബേദിയെന്ന് വ്യക്തമായി. എബിപി-നീല്‍സണ്‍ നടത്തിയ സര്‍വ്വേയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 47 ശതമാനം പേര് അരവിന്ദ് കേജ്രിവാളിനെ അനുകൂലിച്ചപ്പോള്‍ കിരണ്‍ ബേദിക്ക് 44 ശതമാനത്തിന്റെ പിന്തുണ ലഭിച്ചു. ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പ്, ജനുവരി 17നും 19നും ഇടയില്‍ നടന്ന സര്‍വ്വേയില്‍ ഇത്രയധികം പിന്തുണ കിരണ്ബേദിക്കു ലഭിച്ചെങ്കില്‍ വരും ദിവസങ്ങളില്‍ ജനപിന്തുണ വലിയ തോതില്‍ വര്‍ദ്ധിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍.
ബിജെപിയുടെ പരമ്പരാഗത മണ്ഡലമായ കൃഷ്ണനഗറില്‍ നിന്നാണ് ബേദി മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡോ. ഹര്ഷവര്ദ്ധന് വിജയിച്ച മണ്ഡലമാണിത്.
അരവിന്ദ് കേജ്രിവാള് മത്സരിക്കുന്ന ന്യൂദല്‍ഹി മണ്ഡലത്തില്‍ ബിജെപി വനിതാ നേതാവ് നൂപുര്‍ ശര്‍മ്മയാണ് സ്ഥാനാര്‍ത്ഥി. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠനം പൂര്‍ത്തിയാക്കിയ നൂപുര്‍ മുന്ദല്ഹി യൂണിവേഴ്സിറ്റി പ്രസിഡന്റുകൂടിയാണ്. മുപ്പതുകാരിയായ നൂപുര്‍ ശര്‍മ്മ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നു. കോണ്‍ഗ്രസ് വിട്ടുവന്ന മുന്‍കേന്ദ്രമന്ത്രിയും ദളിത് നേതാവുമായ കൃഷ്ണ തിരത് സംവരണമണ്ഡലമായ പട്ടേല്‍ നഗറില്‍ നിന്നും മത്സരിക്കും.
വിജേന്ദര്‍ ഗുപ്ത രോഹിണിയിലും ജഗദീഷ് മുഖി ജനക്പുരിയിലും എംഎസ് ധിര്‍ ജാങ്പുരയിലും മത്സരിക്കും. എഎപി വിട്ടുവന്ന മുന്‍ എംഎല്‍എ വിനോദ്കുമാര്‍ ബിന്നി പട്പട്ഗഞ്ചില്‍ നിന്നും ജനവിധി തേടും. 2013 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ എംഎല്‍എമാര്‍ക്കും വീണ്ടും സീറ്റു നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് ഉപാദ്ധ്യായ മത്സര രംഗത്തില്ല. എഎപിയില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ഷാസിയ ഇല്‍മിയും മത്സര രംഗത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: