കൊച്ചി: കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വ്യവസായ സൗഹൃദ സമിതിയുടെ (ഐആര്‍സി) യോഗത്തില്‍ 12 മണിക്കൂര്‍ നീളുന്ന രണ്ടു ഷിഫ്റ്റുകളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനമായത്. ഈ വര്‍ഷം ഡിസംബറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ബിപിസിഎല്‍ എക്സിക്യുട്ടിവ് ഡയറക്റ്റര്‍ പ്രസാദ് പണിക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2016 ഏപ്രിലില്‍ പദ്ധതി കമ്മീഷന് ചെയും. നിലവില്‍ 70 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും പറഞ്ഞു. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് പൊതുമേഖലയിലെ ഏറ്റവും വലിയ റിഫൈനറിയായി കൊച്ചി റിഫൈനറി മാറും. പദ്ധതി കമ്മീഷന് ചെയുന്നതോടെ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് 4 ഇന്ധനം കേരളത്തില്‍ ലഭ്യമാകുമെന്നും അദ്ദേഹം. ഇതിനു മുന്നോടിയായി മാര്‍ച്ച് 15 മുതല്‍ കൊച്ചിയിലും തിരുവനന്തപുരത്തും ഭാരത് സ്റ്റേജ് 4 ഇന്ധനം ലഭ്യമാക്കും. മികച്ച ഗുണമേന്മയോടൊപ്പം ഇന്ധനക്ഷമതയും പരിസ്ഥിതി സൗഹൃദവും ഉറപ്പ് വരുത്തുന്നതാകും ഇതെന്നും പറഞ്ഞു.
സംയോജിത റിഫൈനറി വിപുലീകരണ പദ്ധതിയിലൂടെ കൊച്ചി റിഫൈനറിയുടെ സംസ്കരണ ശേഷി 60 ശതമാനമായി വര്‍ധിക്കും. ഇതിലൂടെ നിലവിലുള്ള 9.5 മില്യണ്‍ മെട്രിക് ടണ്ണില്‍ നിന്നും 15.5 മില്യണ്‍ മെട്രിക് ടണ്ണായി ശേഷി വര്‍ധിക്കും. ഇതോടെ എല്‍പിജി, മണ്ണണ്ണ, പെട്രോള്‍, ഡീസല്‍ എന്നിവയടക്കമുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത വന്‍തോതില്‍ വര്‍ധിക്കും. 4800 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തത്തില്‍ 24,500 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതികളാണ് കൊച്ചി റിഫൈനറി നിലവില്‍ നടപ്പാക്കുന്നത്.
പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പെറ്റ്കൊക് ഉപയോഗിച്ച് 500 മെഗാ വാട്ട് വൈദ്യുതി ഉണ്ടാക്കാന്‍ സാധിക്കും. റിഫൈനറിയുടെ ഭാവി വികസനത്തിന്റെ ഭാഗമായി കൊച്ചി മുതല്‍ കോയമ്പത്തൂര്‍ – സേലം വരെ വാതക പൈപ്പ്ലൈന് പദ്ധതി നടപ്പാക്കും. അതോടെ കേരളം എല്‍പിജിയുടെ കാര്യത്തില്‍ 100 ശതമാനം സ്വയം പര്യാപ്തത നേടും.
തൊഴില്‍ സമരത്തിന്റെ പേരില്‍ ഒരു ദിവസം പോലും ഇവിടെ നിര്‍മാണം തടസപ്പെടില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ഉറപ്പ് നല്കി. ആഴ്ചയില്‍ ഏഴു ദിവസവും ജോലി ചെയ്ത് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം. തൊഴിലാളികളില്‍ 9000 ഇതര സംസ്ഥാനക്കാരും 12,000 തദ്ദേശ തൊഴിലാളികളുമാണ്. തുല്യ ജോലിക്ക് തുല്യ വേതനം നല്കാന് തീരുമാനിച്ചിട്ടുണ്ടെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഗോമസ്, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: