കൊല്ലം: ദേശീയഗെയിംസിന് മുന്നോടിയായി സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം ഇന്ന് രാവിലെ 10.30ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലാതല മെഗാറണ്‍ ശാരദാമഠത്തിനു സമീപത്തെ വേദിയില്‍ സാംസ്കാരിക, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഫഌഗ് ഓഫ് ചെയ്യും.
എംപിമാരായ എന്‍.കെ.പ്രേമചന്ദ്രന്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എംഎല്‍എമാരായ എ.എ.അസീസും കോവൂര്‍ കുഞ്ഞുമോനും ചേര്‍ന്ന് മന്ത്രിക്ക് ഫഌഗ് കൈമാറും. കൂട്ടയോട്ടത്തിനു മുമ്പ് രാവിലെ 10ന് മേയര്‍ ഹണി ബഞ്ചമിനും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹനും എസ്എന്‍ വനിതാകോളേജ് വളപ്പില്‍ വൃക്ഷത്തൈകള്‍ നടും.
കൂട്ടയോട്ടം എസ്എന്‍ കോളേജ്, എആര്‍ ക്യാമ്പ് വഴി ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് സ്റ്റേഡിയത്തില്‍ വര്ണ്ണബലൂണുകള് പറത്തും. ജില്ലയിലെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും മിനി മെഗാറണ്ണുകള് നടത്തും. എംഎല്‍എമാരായ കെ.രാജു, ഐഷാപോറ്റി, മുല്ലക്കര രത്നാകരന്, സി.ദിവാകരന്, ജി.എസ്.ജയലാല്‍ എന്നിവര്‍ യഥാക്രമം പുനലൂര്‍, കൊട്ടാരക്കര, ചടയമംഗലം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ റാലി ഫഌഗ് ഓഫ് ചെയ്യും.
ജില്ലയില്‍ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ കൂട്ടയോട്ടങ്ങള്‍ നടക്കും. ജനപ്രതിനിധികള്‍, സാംസ്കാരികനായകന്മാര്, കായികതാരങ്ങള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, ക്ലബുകളുടെയും സംഘടനകളുടെയും പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കുചേരും.
കുടുംബശ്രീ അംഗങ്ങളായ നൂറുവനിതകള്വീതം സിഡിഎസ് പരിധിയിലെ മുന്‍കൂട്ടി നിശ്ചയിച്ച റണ്ണിംഗ് പോയിന്റില്‍ രാവിലെ 10ന് എത്തിച്ചേരണമെന്നും അതത് സിഡിഎസുകളുമായി ബന്ധപ്പെട്ട് പരിപാടി വിജിയമാക്കണമെന്നും ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പ്രധാന കേന്ദ്രങ്ങളിലെ കൂട്ടയോട്ടങ്ങള്ക്ക് വാദ്യമേളങ്ങളും കലാരൂപങ്ങളും കൊഴുപ്പേകും.
കേരള റണില്‍ പങ്കെടുക്കും
കൊല്ലം: റണ്‍ കേരള റണ്‍ പരിപാടിയില്‍ കോര്‍പ്പറേഷനിലെ എല്ലാ ജനപ്രതിനിധികളും ജീവനക്കാരും അംഗന്‍വാടി പ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് മേയര്‍ ഹണി ബഞ്ചമിന് അറിയിച്ചു.
കൊല്ലം: കുരീപ്പുഴ വിവേകാനന്ദ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റണ്‍ കേരള റണ്‍ പരിപാടി വിജയിപ്പിക്കാന്‍ തീരുമാനിച്ചു. അസോസിയേഷന് അംഗങ്ങളും ഇന്ന് രാവിലെ 10ന് ഓട്ടത്തില്‍ അണിചേരുമെന്ന് സെക്രട്ടറി കുട്ടന് കോട്ടവീട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: