കരുനാഗപ്പള്ളി: സുനാമി പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആയിരത്തി അറുനൂറ് കോടിരൂപ എങ്ങനെ ചെലവഴിച്ചുവെന്നതിനെപ്പറ്റി സമഗ്രമായി അന്വേഷിക്കുമെന്ന് കേന്ദ്രഭക്ഷ്യസംസ്കരണവകുപ്പ് സഹമന്ത്രി സ്വാധ്വി നിരഞ്ജന് ജ്യോതി. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് മൂക്കുംപുഴ ദേവിക്ഷേത്രത്തില്‍ മകരഭരണി മഹോത്സവത്തിന് തിരിതെളിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തീരദേശത്തെ ജനതയുടെ ജീവിതസുരക്ഷയ്ക്ക് വലിയ പരിഗണന നല്‍കുമെന്ന് അവര്‍ പറഞ്ഞു. മനുഷ്യസമൂഹത്തിന് ഹാനികരമാകുന്ന രീതിയില്‍ ഒരു തരത്തിലുമുള്ള മൈനിങും തീരപ്രദേശത്ത് അനുവദിക്കില്ല. തീരദേശവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. ആലപ്പാട് പ്രദേശത്ത് സുനാമി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും സമുദ്രം അതിന്റെ മര്യാദ കാണിക്കുമ്പോള്‍ മനുഷ്യനും മര്യാദ കാണിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. സമുദ്രതീരത്തെ മൈനിങ് മൂലമുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും.
കഴിഞ്ഞ ആറുമാസം കൊണ്ട് പെട്രോള്‍, ഡീസല്‍ വില ഉള്‍പ്പെടെ സര്‍വരംഗങ്ങളിലും വിലക്കുറവുണ്ടായി.ആലപ്പാട് പ്രദേശത്തിനെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ധീവരസമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
ഭാരതത്തിന്റെ സമുദ്രതീരങ്ങളിലുടനീളം മത്സ്യസമ്പത്ത് കേടുകൂടാതെ സൂക്ഷിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള കോള്‍ഡ് സ്റ്റോറേജുകള്‍ സ്ഥാപിക്കുമെന്നും ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ അപകടപ്പെടുന്നവര്ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ഉറപ്പു നല്കി. മന്ത്രിയുടെ പ്രസംഗം വിഎച്ച്പി സംസ്ഥാന വൈസ്പ്രസിഡന്റ് കെ.കെ.പിള്ള പരിഭാഷപ്പെടുത്തി. അഖിലകേരള ധീവരസഭ ജനറല്‍സെക്രട്ടറി വി.ദിനകരന് അദ്ധ്യക്ഷനായിരുന്നു.
മത്സ്യതൊഴിലാളി മേഖലയില്‍പ്പെട്ട ഒരു വനിതയെ മന്ത്രിയാക്കിയതില്‍ ദിനകരന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. മത്സ്യമേഖലയ്ക്ക് ഒരു മന്ത്രാലയം വേണമെന്നും തീരദേശ പരിപാലനനിയമം നടപ്പിലാക്കണമെന്നും മീനാകുമാരി കമ്മീഷന് റദ്ദുചെയ്യണമെന്നും സുനാമി ബാധിതര്‍ക്ക് കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും യോഗത്തില്‍ ദിനകരന് നിവേദനത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ എ.വി. താമരാക്ഷന്‍, ധീവരസഭാ ജില്ലാപ്രസിഡന്റ് എസ്. കൃഷ്ണന്, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.രാജപ്രിയന്‍, ജില്ലാപഞ്ചായത്ത് അംഗം സി. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെര്‍ളി ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. വത്സലന്‍, പി. സലീന, എസ്. സതീരത്നം തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ കരയോഗം പ്രസിഡന്റ് പി.പങ്കജന്‍ സ്വാഗതവും സെക്രട്ടറി എസ്.ദീപുരാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: