കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ വന്‍ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നില്‍ ഭാരതം പ്രവര്‍ത്തിച്ചതായി സംശയമുണ്ടെന്ന് റിപ്പോര്‍ട്ട്. ഭാരതത്തിന്റെ രഹസ്യാന്വേഷണ സംഘടനയായ റോയുടെ ശ്രീലങ്കയിലെ മേധാവി തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന് സംശയമുണ്ടെന്നാണ്് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്.ശ്രീലങ്കയും ചൈനയും തമ്മിലുള്ള രഹസ്യ ബന്ധം മുറുകിയതിനെത്തുടര്ന്നാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലങ്കന്‍ പത്രമായ സണ്‍ഡേ ടൈമിനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്.
എന്നാല്‍ ഇത്സംബന്ധിച്ച് ഭാരതം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഭാരത രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ശ്രീലങ്കയിലെ മേധാവി ലങ്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നും രാജപക്ഷെയ്ക്ക് എതിരാളിയായി സിരിസേനയെ സ്ഥാനാര്‍ഥിയാക്കിയതു പോലും റോയുടെ ഉപദേശപ്രകാരമായിരുന്നുവെന്നുമാണ് വാര്‍ത്ത. ഇദ്ദേഹം പ്രതിപക്ഷവുമായി ചേര്‍ന്നതിനാലാണ് ലങ്കന്‍ അധികൃതര്‍ പുറത്താക്കിയതെന്നാണ് പത്രം പറയുന്നത്.
എന്നാല്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയെന്ന വാര്‍ത്ത ഭാരതം നിഷേധിച്ചു. പതിവു സ്ഥലം മാറ്റം മാത്രമാണെന്ന് അധികൃതര്‍ പറഞ്ഞു. ഭാരതത്തിന്റെ തെരഞ്ഞെടുപ്പ് ഇടപെടല്‍ സംബന്ധിച്ച് ഒന്നും അറിയില്ലെന്നാണ് രാജപക്ഷെയുടെ പ്രതികരണമെന്നും റോയിട്ടേഴ്സ് പറയുന്നു. പ്രതിപക്ഷത്തെ സഹായിച്ചതിന് ഉദ്യോഗസ്ഥനെ പിന്‍വലിക്കാന്‍ ലങ്കന്‍ സര്‍ക്കാര്‍ ഭാരതത്തോട് ആവശ്യപ്പെട്ടതായും റോയിട്ടേഴ്സ് പറയുന്നുണ്ട്. ഡിസംബര്‍ 28ന്റെ ലങ്കന്‍ ടൈംസാണ് ഇക്കാര്യം പുറത്തുവിട്ടത്. ജനുവരി എട്ടിനായിരുന്നു തെരഞ്ഞെടുപ്പ്.
രാജപക്ഷെയുടെ ഭരണകാലത്ത് ശ്രീലങ്ക ചൈനയോട് വളടെ അടുത്ത ബന്ധവും വിധേയത്വവുമാണ് പുലര്‍ത്തിയിരുന്നത്. ഭാരതവുമായുള്ള ബന്ധം കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഒടുവില്‍ ചൈനീസ് നാവിക സേനയുടെ രണ്ട് അന്തര്‍വാഹിനികള്‍ ശ്രീലങ്കയില്‍ എത്തി. ഇതിന് രാജപക്ഷെ സര്‍ക്കാര്‍ അനുവാദവും നല്കി. ശ്രീലങ്കയുമായുള്ള ധാരണ പ്രകാരം ഇത് ഭാരതത്തെ അറിയിക്കേണ്ടതാണ്. എന്നാല്‍ രാജപക്ഷെ ഇത് ചെയ്തില്ല. മാത്രമല്ല കോടാനുകോടിയുടെ നിക്ഷേപമാണ് ചൈന ശ്രീലങ്കയില്‍ നടത്തുന്നത്. ഇവയില്‍ പലതും ഭാരത താല്‍പ്പര്യത്തിന് എതിരാണ്. പലകുറി ചൈന സന്ദര്‍ശിച്ച രാജപക്ഷെ പലപ്പോഴും ചൈനയെ ഭാരതത്തിന് എതിരെ തിരിക്കാനും ശ്രമിച്ചിരുന്നു. തെക്കന്‍ മേഖലയില്‍ ഭാരതത്തിന് ചൈനീസ് വെല്ലുവിളി വലിയ ഭീഷണിയാകുന്നയവസ്ഥവരെയുണ്ട്. ഇതില്‍ ഭാരതം അസ്വസ്ഥവുമാണ്, റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
അന്തര്‍വാഹിനി പ്രശ്നം ഭാരതത്തെ രോഷം കൊള്ളിച്ചതായും ഇത് ബന്ധം വഷളാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. ചൈനീസ് അന്തര്‍വാഹിനികള്‍ വന്ന വിവരം ഭാരതത്തെ അറിയിക്കാത്തതിലും കരാര്‍ ലംഘിച്ചതിലുമുള്ള പ്രതിഷേധവും രോഷവും ന്യൂയോര്‍ക്കില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജപക്ഷെയെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരമൊരവസ്ഥയില്‍ റോയുടെ സഹായത്തോടെ ഭാരതം രാജപക്ഷെയുടെ മൂന്നാം വരവ് തടഞ്ഞുവെന്നാണ് വാര്‍ത്തയിലെ സൂചന. റോ ഉദ്യോഗസ്ഥന്റെ തെരഞ്ഞെടുപ്പ് ഇടപെടലിനെക്കുറിച്ച് റോയിട്ടേഴ്സ് വാര്‍ത്ത പറയുന്നതിങ്ങനെ: തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷത്തെ പല നേതാക്കളുമായി ചര്‍ച്ചനടത്തി. പ്രതിപക്ഷത്തെ ഒന്നിപ്പിച്ചു.സിരിസേനയടക്കം പല എംപിമാരെയും രാജപക്ഷെയുടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തു ചാടിച്ചു. രാജപക്ഷെയ്ക്ക് എതിരെ മുന്‍പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെക്കു പകരം വിജയം ഉറപ്പുള്ള ഒരാളെ മത്സരിപ്പിക്കാന്‍ പ്രേരിപ്പിച്ചു. മുന്‍പ്രസിഡന്റും രാജപക്ഷെയുടെ കടുത്ത വിമര്‍ശകയുമായ ചന്ദ്രിക കുമാരതുംഗെയെ കണ്ട് ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് ചന്ദ്രികയാണ് സിരിസേനയെ രാജപക്ഷെയ്ക്ക് എതിരെ സ്ഥാനാര്‍ഥിയാകാന്‍ പ്രേരിപ്പിച്ചത്. ഇക്കാര്യങ്ങള്‍ ലങ്കന്‍ സര്‍ക്കാരിലെ ഒരു പ്രമുഖന് പറഞ്ഞതായാണ് റോയിട്ടേഴ്സ് വെളിപ്പെടുത്തുന്നത്.
വോട്ടെടുപ്പിന് മുന്‍പ് റോയുടെ ആള് മൂന്നാലു തവണ വിക്രമസിംഗെയെ കണ്ടു. വിക്രമസിംഗെ ഭാരത നയതന്ത്രപ്രതിനിധിയെയും സന്ദര്‍ശിച്ചു. ചന്ദ്രിക കുമാരതുംഗെ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.
റോ ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതായി ഭാരത സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് ലങ്കന്‍ പ്രതിരോധ സെക്രട്ടറിയും രാജപക്ഷെയുടെ സഹോദരനുമായ ഗോട്ടാബയ രാജപക്ഷെ, കഴിഞ്ഞ നവംബറില്‍ പരാതിപ്പെട്ടിരുന്നു.
താന്‍ ആദ്യം സന്ദര്‍ശിക്കുന്ന രാജ്യം ഭാരതമായിരിക്കുമെന്ന് പുതിയ പ്രസിഡന്റ് മൈത്രീപാല സിരിസേന പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ചൈനയ്ക്ക് അനുകൂലമായ നിലപാട് തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍, ചൈനയുമായി ചേര്‍ന്നുള്ള പദ്ധതികള്‍ പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ചു. സിരിസേന ജയിച്ചയുടന്‍ ശ്രീലങ്കയിലെ ഭാരത ഹൈക്കമ്മീഷണര്‍ വൈകെ സിംഗ് ബൊക്കെ നല്കി അദ്ദേഹത്തെ അനുമോദിച്ചിരുന്നു. ചൈനീസ് അംബാസിഡര്‍ക്ക് ആറു ദിവസം കഴിഞ്ഞേ സിരിസേനയെ കാണാന്‍ കഴിഞ്ഞിരുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: