ന്യൂദല്‍ഹി: പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ബീഹാര്‍, അസം, മണിപ്പൂര്‍, മേഘാലയ, ത്രിപുര എന്നീ ആറ് സംസ്ഥാനങ്ങളിലേക്ക് 20 ദിവസത്തിനുള്ളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുന്നതാണ്. രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ അധിക ചുമതല വഹിക്കുന്നവരാണ് ഇവിടുത്തെ ഗവര്‍ണര്‍മാര്‍.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി ബീഹാറിന്റേയും മേഘാലയയുടേയും അധിക ചുമതല വഹിക്കുന്നുണ്ട്. കൂടാതെ നാഗാലാന്‍ഡ് ഗവര്‍ണര്‍ പി. ബി. ആചാര്യ അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളുടേയും ഉത്തരാഖണ്ഡ് ഗവര്‍ണര്‍ കെ. കെ. പോള്‍ മണിപ്പൂരിന്റേയും ചുമതല വഹിക്കുന്നുണ്ട്. അതേ സമയം തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ അടുത്തമാസം വിരമിക്കും. ആ ഒഴിവിലേക്കും പുതിയ നിയമനം നടത്തേണ്ടതായുണ്ട്.
നിലവിലെ ഗവര്‍ണര്‍മാരില്‍ ചിലരെ യുപിഎ സര്‍ക്കാര്‍ നിയമിച്ചതാണ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ യുപിഎ നിയമിച്ച ഗവര്‍ണര്‍മാരോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്, ഹരിയാന, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക, നാഗാലാന്‍ഡ്. ഗോവ എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ രാജിവെച്ച് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിനെതുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: