അഗര്‍ത്തല: അമ്മ സമയത്തിടപെട്ടതിനാല് പത്തുവയസുകാരി മകളെ ജീവനോടെ കുഴിച്ചുമൂടാനുള്ള അച്ഛന്റെ ശ്രമം വിഫലമായി. നാട്ടുകാരുടെ ഇടപെടലില്‍ അച്ഛന് അബ്ദുള്‍ ഹുസൈന് അറസ്റ്റിലായി.
പെണ്‍കുഞ്ഞായതിലുള്ള വെറുപ്പാണ് ഹുസൈന ഇതിനു പ്രേരിപ്പിച്ചത്. ത്രിപുരയില്‍ ഭാരത ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള പുടിയ ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം.
ഭാര്യയില്ലാത്ത സമയത്ത് ഹുസൈന് വീടിനു പിന്നില്‍ കുഴിയെടുത്തു.
മകള്‍ റുക്സാനയുടെ കൈകള്‍ കെട്ടി, വായ് പ്ലാസ്റ്റര്‍ ഒട്ടിച്ച് മൂടിക്കെട്ടി. പിന്നീട് അവളെ കുഴിയിലിറക്കി നിര്‍ത്തി മണ്ണിടുകയായിരുന്നു. നെഞ്ചുവരെ മണ്ണു മൂടിയപ്പോള്‍ റുക്സാനയുടെ അമ്മ തിരികെ വന്നതറിഞ്ഞ് ഇയാള്‍ മുളങ്കുട്ട എടുത്ത് കുട്ടിയുടെ തല മൂടി.
ഭാര്യ വീണ്ടും പുറത്തു പോകുമ്പോള്‍ ബാക്കി ഭാഗം കൂടി മൂടാനായിരുന്നു പരിപാടി. എന്നാല്‍ മകളെ കാണാഞ്ഞ അമ്മ തെരച്ചിലിനിടെ കുട്ട പൊക്കിനോക്കിയപ്പോഴാണ് നെഞ്ചുവരെ മണ്ണില്‍ മൂടി, അവശനിലയില്‍ മകളെ കണ്ടത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് റുക്സാനയെ പുറത്തെടുത്തത്.
അവര്‍ ഹുസൈനെ മര്‍ദ്ദിച്ചവശനാക്കി പോലീസിലേല്‍പ്പിച്ചു. കൊലപാതക ശ്രമത്തിന് പോലീസ് കേസ് എടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: