ന്യൂദല്‍ഹി: സ്വയംഭരണാധികാരമുള്ള സെന്‍സര്‍ ബോര്‍ഡില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ബോര്‍ഡ് അദ്ധ്യക്ഷയായിരുന്ന ലീലാ സാംസണിനു മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍. മാസങ്ങളായി ബോര്‍ഡ് യോഗം വിളിക്കാതിരുന്നതിന്റെ ഉത്തരവാദിത്വം പ്രവര്‍ത്തിക്കാതെ വെറുതെയിരുന്ന ബോര്‍ഡ് അദ്ധ്യക്ഷയ്ക്കാണെന്ന് തുറന്നടിച്ച് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രസ്താവന നടത്തി.
അദ്ധ്യക്ഷ ലീലാ സാംസണ് തന്നെ വെളിപ്പെടുത്തിയ ബോര്‍ഡിലെ അഴിമതിയെക്കുറിച്ച് ഉടന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും.
സെന്‍സര്‍ ബോര്‍ഡില്‍ നിന്നും കയ്യകലം പാലിച്ചാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതലയുള്ള താനും സഹമന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡും പ്രവര്‍ത്തിക്കുന്നത്.
തങ്ങള്‍ ബോര്‍ഡ് അദ്ധ്യക്ഷയേയോ അംഗങ്ങളെയോ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെട്ടിട്ടില്ല. ഇതുവരെയും സെന്‍സര്‍ബോര്‍ഡിലെ ഒരംഗത്തെ കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല. സെന്‍സര്‍ ബോര്‍ഡ് ചെലവഴിക്കാതെ പാഴാക്കിയ തുകയാണ് മന്ത്രാലയം തിരിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥരില്‍ നിന്നും അറിഞ്ഞു. അഴിമതിയാക്ഷേപമുണ്ടെങ്കില് ബോര്‍ഡ് അദ്ധ്യക്ഷ മന്ത്രിയെന്ന നിലയില്‍ തന്നോട് പറയേണ്ടതായിരുന്നു. എന്നാല്‍ അദ്ധ്യക്ഷസ്ഥാനത്തിരുന്നിട്ടും പ്രവര്‍ത്തിക്കാത്ത ലീലാ സാംസണ് അതു ചെയ്തില്ല.
ബോര്‍ഡ് യോഗം വിളിക്കേണ്ടത് വകുപ്പ് മന്ത്രിയുടേയോ മന്ത്രാലയ സെക്രട്ടറിയുടേയോ ജോലിയല്ല. അതു ചെയ്യേണ്ടത് അദ്ധ്യക്ഷയാണ്, ജെയ്റ്റ്ലിയുടെ പ്രസ്താവനയില്‍ പറയുന്നു.
കോണ്‍ഗ്രസ് ഭരണകാലത്ത് രാഷ്ട്രീയവല്‍ക്കരിച്ച് നശിപ്പിച്ച സെന്‍സര്‍ ബോര്‍ഡ് അപ്പീല്‍ ട്രിബ്യൂണലിന്റെ തലപ്പത്ത് ഏറ്റവും ആദരണീയനായ വിരമിച്ച ഒരു ന്യായാധിപനെ നിയമിക്കുക മാത്രമാണ് എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തത്.
അപ്പീല്‍ ട്രിബ്യൂണലിന്റെ അംഗത്വം പോലും കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിച്ചു. അപ്പീല്‍ ട്രിബ്യൂണല്‍ സെന്‍സര്‍ ബോര്‍ഡിനോട് വിയോജിച്ചത് നിയമപ്രക്രിയയുടെ ഭാഗം മാത്രമാണ്. അതില്‍ സെന്‍സര്‍ ബോര്‍ഡിന്റെ സ്വയം ഭരണത്തെ ബാധിക്കുന്നതെന്താണുള്ളത്. പരാതി പരിഹാര സംവിധാനത്തിന്റെ തീരുമാനത്തിന്റെ പേരില്‍ ഏതെങ്കിലും അതോറിറ്റികള്‍ കരയാറുണ്ടോ, ജെയ്റ്റ്ലി ചോദിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച സെന്‍സര്‍ ബോര്‍ഡാണ് ഇപ്പോഴും തുടരുന്നത്.
2004ല്‍ യുപിഎ സര്‍ക്കാര്‍ നിലവില്‍ വന്നയുടന്‍ തന്നെ അനുപം ഖേര്‍ അദ്ധ്യക്ഷനായി നിലവിലുണ്ടായിരുന്ന സെന്‍സര്‍ബോര്‍ഡിനെ പിരിച്ചു വിടുകയാണ് ചെയ്തത്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ദൈനംദിനമുള്ള കാര്യങ്ങള്‍ പോലും യുപിഎ സര്‍ക്കാര്‍ നിയമിച്ച ബോര്‍ഡംഗങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനോട് സര്‍ക്കാരിന് യോജിക്കാനാവില്ലെന്നും കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: