ഏതോ തരത്തില്‍, നമ്മുടെ മനസ്സിന്റെ ഘടനാനിയമമനുസരിച്ച് അനന്തത എന്ന ആശയം നീലവിണ്ണിന്റെയോ കടലിന്റെയോ പ്രതീതിയോട് അന്വയിക്കേണ്ടിയിരിക്കുന്നത് നമുക്കനുഭവമാണ്. ഇതുപോലെ വിശുദ്ധതയെക്കുറിച്ചുള്ള നമ്മുടെ ആശയത്തെ നാം സ്വാഭാവികമായി പള്ളിയുടെയോ മസ്ജിദിന്റെയോ കുരിശിന്റെയോ പ്രതിരൂപത്തോടു ഘടിപ്പിക്കുന്നു. വിശുദ്ധത, നൈര്‍മ്മല്യം, സത്യം, സര്‍വവ്യാപിത്വം മുതലായ ആശയങ്ങളെ ഹിന്ദുക്കള്‍ പല വിഗ്രഹങ്ങളോടും രൂപങ്ങളോടും ചേര്‍ത്തു കല്‍പ്പിക്കുന്നു. ‘
എന്നാല്‍ ഈ വിത്യാസമുണ്ട്. ചിലര്‍ അവരുടെ ജീവിതം മുഴുവന്‍ പള്ളി എന്ന തനതു വിഗ്രഹത്തിനു സമര്‍പ്പിച്ചിട്ട് അതിനുപരി തെല്ലും ഉയരുന്നതേ ഇല്ല. അവര്‍ക്ക് മതമെന്നുവച്ചാല്‍ ചില തത്വങ്ങളെ ബുദ്ധിക്കൊണ്ടനുകൂലിക്കയും സഹജീവികള്‍ക്ക് നന്മ ചെയ്യുകയും മാത്രമാണ്. ഹിന്ദുവിന്റെ ധര്‍മ്മമാകട്ടെ മുഴുവനും സാക്ഷാത്കാരത്തില്‍ കേന്ദ്രീകൃതമാണ്.
മനുഷ്യന്‍ ഈശ്വരത്വം സാക്ഷാത്കരിച്ച് ഈശ്വരനായിത്തീരണം. വിഗ്രഹങ്ങളും ക്ഷേത്രങ്ങളും പള്ളികളും ഗ്രന്ഥങ്ങളും അവന്റെ ആദ്ധ്യാത്മികശൈശവത്തിലെ താങ്ങും തുണയും മാത്രമാണ്. എന്നാല്‍ അവന്‍ മുന്നോട്ടു മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കണം.
















