കരഘോഷങ്ങള്‍ എത്രതന്നെ ഏറ്റുവാങ്ങിയാലും ആ ശബ്ദം നമ്മെ ഇന്നും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മലയാള സംഗീത സാമ്രാജ്യത്തിന്റെ അധിപനായി അരനൂറ്റാണ്ടിലേറെയായി വിരാചിക്കുന്ന ശബ്ദം. ഏതൊരു യാത്രയിലും ഒഴിവു വേളയിലും ആദ്യം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പാട്ടിന്റെ ഉടമ. വളരുംതോറും വിനയപുരസ്സരം സംഗീതത്തിന്റെ പുതിയ തലങ്ങളിലേയ്ക്ക് യാത്ര ചെയ്ത മഹാനുഭാവന്. വര്‍ഷങ്ങളായി തുടരുന്ന ഗാനതപസ്യ. ശബ്ദമാധുര്യത്താല്‍ എത്രയോ പെണ്കൊടിമാര്ക്ക് പ്രണയം പകുത്തുനല്‍കിയ കാമുകന്. ഗന്ധര്‍വ്വ ഗായകന് എന്ന് നമ്മള് വിളിക്കുന്ന യേശുദാസ്.
തുടര്‍ച്ചയായി നാല്‍പ്പത്തിയഞ്ചാം തവണയും ആ പാദവും മനസ്സും കൊല്ലൂരിന്റെ മണ്ണില്‍ തൊട്ടു. മൂകാംബികയെ മനംനിറഞ്ഞ് തൊഴാന്‍, ഹൃദയം തുറന്ന് പാടാന്‍. ഒപ്പം തന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ മധുരം നുണയാനുള്ള യാത്ര. വെള്ള കസവുമുണ്ടുടുത്ത് മേല്‍മുണ്ട് വിരിച്ച് ദേവീസന്നിധിയിയില്‍ അദ്ദേഹം സപ്തസ്വരങ്ങളാല്‍ സംഗീതധാര തൂകി.
മൂകാംബിക യാത്രകള്‍ യേശുദാസ് എന്ന ഭക്തന് ഇന്നും അനിര്‍വ്വചനീയമാണ്. അമ്മയുടെ മടിത്തട്ടിലേക്ക് ഭാര്യ പ്രഭയുമൊത്തുള്ള പ്രിയപ്പെട്ട യാത്ര. ഒരു വര്‍ഷംപോലും മുടങ്ങാതെ തുടരുന്ന ദര്‍ശന സപര്യയ്ക്കായി ഇത്തവണയും അദ്ദേഹം തലേന്നാള്‍തന്നെ സന്നിദ്ധി പുല്കിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ ഏറെ നേരം ശ്രീകോവിലിനു മുന്നില്‍ നിന്ന് കണ്‍നിറയെ വാഗ്ദേവതയെ തൊഴുതു. മനമുരുകി പ്രാര്‍ത്ഥിച്ചു.
എന്തിനെന്നറിയാതെ ഇടയ്ക്ക് കണ്ണുകള്‍ ഈറനണിഞ്ഞു. പിന്നീട് അമ്മയ്ക്ക് സപ്തസ്വരങ്ങളാകുന്ന സംഗീതാര്‍ച്ചനയാല്‍ തന്നെത്തന്നെ സമര്‍പ്പിച്ചു. തനിക്ക് സ്വരമായും ശക്തിയായും ധൈര്യം പകര്‍ന്ന സരസ്വതി ദേവിയുടെ രാഗരംഗപീഠത്തില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടുള്ള രാഗധാര. അതില്‍ സായൂജ്യമടഞ്ഞ് തിരികെ മറ്റു പരിപാടികളിലേക്ക്.
മൂകാംബികയില്‍ എല്ലാ വര്‍ഷവും യേശുദാസെന്ന ഭക്തന്റെ ദേവിയ്ക്കുള്ള നേര്‍ച്ചയാണ് ഇത്. തന്റെ പിറന്നാള്‍ ദിനം വിദ്യാപാണിയായ സരസ്വതിയുടെ മുന്നില്‍ ചെലവഴിക്കുക എന്നത് പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്.
തന്റെ പ്രിയപ്പെട്ട സുഹൃത്ത് കൂടിയായ കുമാരകേരള വര്‍മ്മയെന്ന സംഗീതാചാര്യനെ പൊന്നാടയണിയിച്ച് ആദരിച്ചു കൊണ്ടാണ് അദ്ദേഹം ഇത്തവണ പിറന്നാള്‍ ദിനം അവിസ്മരണീയമാക്കിയത്. അദ്ദേഹത്തിന് സൗപര്‍ണ്ണികാതീര്‍ത്ഥ പുരസ്കാരവും യേശുദാസ് സമ്മാനിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതായിരുന്നു പുരസ്കാരം. തുടര്‍ന്ന് അടുത്ത സുഹൃത്ത് കൂടിയായ സംഗീതജ്ഞന് കാഞ്ഞങ്ങാട് രാമചന്ദ്രന്, ഗാനഗന്ധര്‍വ്വനെ പൊന്നാട അണിയിക്കുകയുണ്ടായി.
ക്യാമറകള്‍ ഇന്ന് ക്ഷേത്രത്തിനുള്ളില്‍ വരെ മറയില്ലാതെ കടന്നുചെല്ലുന്നത് ശരിയായ രീതിയല്ലെന്ന അഭിപ്രായവും അദ്ദേഹം തുറന്ന് പറയുകയുണ്ടായി. ദേവിയുടെ അനുഗ്രഹത്തിനായി വരുന്നവര്‍ മനസ്സ് തുറന്നുപ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന ഗാനഗന്ധര്‍വ്വന്റെ പരാമര്‍ശം വരും ദിവസങ്ങളില്‍ ഒരുപക്ഷേ അടുത്ത വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കാം. ഒരു മറയുമില്ലാത്ത ക്യാമറ ദര്‍ശന സമയങ്ങളില്‍ പരമാവധി ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം അവിടെ സൂചിപ്പിക്കുകയുണ്ടായി. ഒടുവില്‍ അമ്മയെ മനസ്സില്‍ ധ്യാനിച്ച് അദ്ദേഹം യാത്ര തിരിച്ചു. വരുന്ന വര്‍ഷവും മൂകാംബികയുടെ തിരുമുറ്റത്ത് എത്തിക്കണേ എന്ന പ്രാര്‍ത്ഥനയോടെ.
അരനൂറ്റാണ്ടിലധികമായി യേശുദാസിന്റെ ശബ്ദം നമ്മള് കേള്‍ക്കുന്നു.
മറ്റ പല പാട്ടുകാരും ഗാനരംഗത്ത് പ്രതിഭ തെളിയിച്ച് മുന്നേറുമ്പോഴും ഇനിയും കേട്ട് കൊതിതീരാത്ത ശബ്ദവിസ്മയമാണ് അദ്ദേഹത്തിന്റേത്. മലയാള ഗാനശാഖയുടെ സുവര്‍ണ്ണകാലമായിരുന്ന അറുപതുകളിലും, എഴുപത്, എണ്‍പത് കാലഘട്ടങ്ങളിലും നമ്മുടെ ഗാനശില്‍പ്പങ്ങളെ അത്യുന്നതങ്ങളില്‍ എത്തിച്ചതില്‍ അന്നത്തെ പ്രമുഖര്‍ക്കൊപ്പം യേശുദാസ് വഹിച്ച പങ്കും വളരെ വലുതാണ്. മേല്‍പ്പറഞ്ഞ മുപ്പത് വര്‍ഷം നീണ്ട കാലഘട്ടത്തിലും തുടര്‍ച്ചയായി സിനിമാ പിന്നണി ഗാനരംഗത്ത് മുന്‍നിരയില്‍ നിന്ന് പാടാന്‍ അപൂര്‍വ്വ സൗഭാഗ്യം ലഭിച്ച ഗായകന് കൂടിയാണ് അദ്ദേഹം. പിന്നണി ഗായകന് എന്നാല്‍ യേശുദാസ് മാത്രമായിരുന്ന കാലം.
പ്രശസ്ത സംഗീതരത്നമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ 1974ല്‍ മരിക്കുന്നതു വരെ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പ്രധാനി കൂടിയായിരുന്നു അദ്ദേഹം.
1961 നവംബര്‍ 14നാണ് യേശുദാസ് എന്ന പ്രതിഭയുടെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. കെ.എസ്.ആന്റണി എന്ന സംവിധായകന്റെ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ പാടിത്തുടങ്ങിയ അദ്ദേഹം വളര്‍ച്ചയുടെ പടവുകള്‍ കയറിയതും മലയാളികളുടെ അഭിമാനമായി മാറിയതും നാം കണ്ടറിഞ്ഞതാണ്.
ഗാനരംഗത്ത് മുന്‍നിരയിലേക്കുള്ള അദ്ദേഹത്തിന്റെ കാല്‍വെയ്പ്പും നാം അനുഭവിച്ചറിഞ്ഞതാണ്. ആദ്യമായി ഗുരുദേവ കീര്‍ത്തനമായ ജാതിഭേദം..മതദ്വേഷം എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. ശേഷം ലോകമറിയുന്ന പാട്ടുകാരന് എന്ന നിലയിലേക്കുള്ള ഗന്ധര്‍വ്വശബ്ദത്തിന്റെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. എഴുപത്തിയഞ്ച് വര്‍ഷം ആഘോഷിച്ച് പൂര്‍ണ്ണചന്ദ്രനെപ്പോല്‍ വിളങ്ങി നില്‍ക്കുമ്പോഴും, ഇന്നും മലയാള നാടിന്റെ, സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട സ്വരമായി ആ മധുരശബ്ദം നമ്മുടെ കാതില്‍ മുഴങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: