കൊല്ലം: മുഖമാകെ ടവല്‍ കൊണ്ട് മറച്ചല്ലാതെ ചിന്നക്കടയുടെ ഹൃദയവീഥികളില്‍ നടക്കാനാവാത്ത സ്ഥിതിയാണ്. സമീപത്തെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്നവര്‍ ശ്വാസകോശരോഗങ്ങളുടെ ഭീഷണിയിലാണ്. ചിലര്‍ ഇവിടെയുള്ള ജോലി ഉപേക്ഷിച്ച് പോയി. മുന്‍കരുതലില്ലാതെ ഒരാഴ്ച ചിന്നക്കടയിലെ ഈ പൊടി അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചാല്‍ ആസ്തമാ പിടിപെടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ചിന്നക്കട അടിപ്പാത നിര്‍മാണം പുതുവര്‍ഷം പിന്നിട്ട് മുന്നേറുമ്പോള്‍ ജനങ്ങളുടെ ദുരിതപര്‍വം ഇരട്ടിക്കുന്നു. സഞ്ചാര സ്വാതന്ത്യം നിഷേധിച്ച് നടപ്പാത കെട്ടിയടച്ചതും രൂക്ഷമായ പൊടിശല്യവും ജനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും തീരാദുരിതമായിരിക്കുകയാണ്.
ഡിസംബര്‍ 31ന് മുന്‍പ് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് മേയര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ പറഞ്ഞത്. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മാസത്തിലധികം വേണമെന്ന അവസ്ഥയാണിപ്പോള്‍.
മേല്പാലമൊഴികെ അടിപ്പാതയുടെ ടാറിങ് ഒഴികെയുള്ള നിര്‍മാണങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. വാര്‍ഷിക അറ്റകുറ്റപണിക്കായി കൊച്ചിന് റിഫൈനറി അടച്ചതിനാല്‍ ടാര്‍ കിട്ടാത്തതാണ് ടാറിങ് നീളാന്‍ കാരണമായിരിക്കുന്നത്. ഇതൊക്കെ സാങ്കേതിക പ്രശ്നമായി പറയുമ്പോഴും ജനങ്ങളുടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. ചിന്നക്കടയിലെത്തുന്നവര് പൊടി ശ്വസിക്കാതെ കടന്നുപോകാനാവാത്ത അവസ്ഥയാണ്. മേല്‍പാലത്തിനായി മണ്ണിട്ടു ഉയര്‍ത്തുന്നതും റോഡ് കുഴിക്കുന്നതും മൂലം പൊടി പരസര പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. പല കടകളുടെയും മുന്‍വശം മണ്ണും പൊടിയും നിറഞ്ഞ് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. ഇതിനിടയില്‍ സഞ്ചാരയോഗ്യമായ സ്ഥലങ്ങളെല്ലാം കെട്ടിയടച്ചത് കാല്‍നടയാത്രികരെ വലക്കുന്നു. റെയില്‍വേ സ്റ്റേഷനിലേക്കും പ്രസ് ക്ലബിലേക്കും കുമാര്‍ തീയറ്ററിന് മുന്നിലേക്കും പോകണമെങ്കില്‍ സര്‍ക്കസ് അഭ്യാസം പഠിക്കണമെന്ന അവസ്ഥയാണ്.
ഇതോടൊപ്പമാണ് രൂക്ഷമായ പൊടിശല്യം. ചിന്നക്കട റൗണ്ടില്‍ വച്ച് മൂക്കുപൊത്തിയാല്‍ റെയില്‍വെ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ എത്താതെ തുറക്കാനാവില്ല. അടിപ്പാതയ്ക്കായി ഗതാഗതം തടസപ്പെടുത്തിയ ബീച്ച് റോഡിന്റെ പുനര്‍നിര്‍മാണവും എന്ന് പൂര്ത്തികുമെന്നറിയില്ല. അടിപ്പാതയ്ക്കുവേണ്ടി റെയില്‍വേ മേല്‍പ്പാലം പൊളിച്ചപ്പോള്‍ത്തന്നെ അവിടെയുള്ള കടകളിലെ കച്ചവടം കുറഞ്ഞു. വില്പനക്കായി വച്ചിരിക്കുന്ന സാധനങ്ങളിലൊക്കെ പൊടിപിടിച്ചതിനാല്‍ പഴകിയതാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ വാങ്ങാതെ പോകുന്നതായി കടക്കാര് പരാതിപ്പെടുന്നു. അടിപ്പാതയ്ക്കായി റോഡും വഴിയുമെല്ലാം മാറ്റിയപ്പോള്‍ കച്ചവടത്തിന്റെ തിരക്കും കൂടിയാണ് ഓര്‍മയായത്. വാഹനങ്ങളൊക്കെ കടപ്പാക്കടയിലൂടെ പോകുന്നതിനാല്‍ ചിന്നക്കടയുടെ കച്ചവടത്തിരക്കിപ്പോള് അവിടെയാണ്. അടിപ്പാതയുടെ പണി എന്ന് തീരുമെന്ന് ഒരുറപ്പുമില്ല. എങ്കിലും അതുവരെ പൊടിതിന്ന് ഒടുവില്‍ ചിന്നക്കടയിലെ കച്ചവടക്കാരും സന്ദര്‍ശകരുമെല്ലാം നിത്യരോഗികളായി മാറുമെന്നുറപ്പാണ്.
അടിപ്പാത ഇന്ന് തുറക്കും, പണി നാളെ തീരുമെന്നൊക്കെ പറയാന്‍ തുടങ്ങിയിട്ട് കാലം കഴിയുകയാണ്. ഓരോമാസം തുടങ്ങുമ്പോഴും അടുത്തമാസം തീര്‍ക്കുമെന്ന് മുന്‍കൂറായി പറയുന്നതാണ് കോര്പ്പറേഷന് അധികാരികളുടെ പതിവ്. ഒടുവില്‍ അത് മടുത്തപ്പോള്‍ പണി വൈകുമെന്ന് മന്ത്രിതന്നെ വന്ന് പറഞ്ഞു. ഡിസംബര്‍ 31നകം 90 ശതമാനം പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നായിരുന്നു സ്ഥാനമേറ്റയുടനെ പുതിയ മേയറുടെ പക്ഷം. പൊടിശല്യം ഒഴിവാക്കാന്‍ മണ്ണില്‍ വെള്ളം നനയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഇത്തരം നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ച് നനയ്ക്കുന്നത് പതിവാണ്. എന്നാല്‍ എവിടെ അതുമുണ്ടാവുന്നില്ല. ഇരുചക്രവാഹനയാത്രികര്‍ ഉള്‍പ്പടെയുള്ളവരെ കറക്കുന്നതാണ് മറ്റൊരു പ്രശ്നം. റോഡിന്റെ ഒരു ഭാഗം തുറക്കുകയും മറുഭാഗം അടക്കുകയും ചെയ്യും. ഇതറിയാതെ എത്തുന്ന വാഹനയാത്രികര്‍ക്ക് അടിച്ചിട്ട ഭാഗത്തെത്തി പൊടി തന്ന് മടങ്ങേണ്ടി വരുന്നു. ചിന്നക്കടയിലെ ദുരിതങ്ങള്‍ അവസാനിക്കാന്‍ ജനം രംഗത്തിറങ്ങേണ്ട സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: