ന്യൂദല്‍ഹി: എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് താരം ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതെന്ന് ഐപിഎല്‍ വിചാരണക്കോടതി. ശ്രീശാന്ത് പണം കൈപ്പറ്റിയതിന് എവിടെയാണ് തെളിവ്. വാതുവെയ്പ്പുകാരുമായി ശ്രീശാന്ത് സംസാരിച്ചതിന് യാതൊരു തെളിവുമില്ല, കോടതി പറഞ്ഞു. തുടര്‍ന്ന് കേസില്‍ ഹാജരാകുന്നതില്‍ നിന്നും ശ്രീശാന്തിനെ പട്യാല ഹൗസ് കോടതി ഒഴിവാക്കി.
ശ്രീശാന്തിന് വലിയ ആശ്വാസം നല്‍കുന്നതാണ് വിചാരണക്കോടതിയുടെ പരാമര്‍ശം. കേസില്‍ തനിക്കെതിരെ മകോക ചുമത്തിയ നടപടി റദ്ദാക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വിചാരണയ്ക്കിടെ ഇന്നലെ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ആശ്വാസം നല്‍കുന്നതാണെന്നും ക്രിക്കറ്റ് ടീമില്‍ തിരികെ എത്താമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പ്രതികരിച്ചു.
വാതുവെയ്പ്പുകാരുമായി സംസാരിച്ചത് ജിജു ജനാര്‍ദ്ദനനാണ്. ശ്രീശാന്ത് അവരുമായി സംസാരിച്ചതിന് തെളിവുകളില്ല. ഷോപ്പിംഗ് നടത്തിയത് വാതുവെപ്പുകാരുടെ പണമുപയോഗിച്ചാണെന്നതിന് തെളിവുകളില്ല. വാതുവെയ്പ്പ് സംഘാംഗമായ ചന്ദ്രേഷുമായി ജിജു നടത്തുന്ന ഫോണ്‍ സംഭാഷണമാണ് തനിക്കെതിരായ തെളിവായി പോലീസ് പറയുന്നത്. എന്നാല്‍ ഫോണ്‍ സംഭാഷണത്തില്‍ ഒത്തുകളിക്ക് ശ്രീശാന്ത് വഴങ്ങിയിട്ടില്ലെന്ന് വ്യക്തമാണ്, ശ്രീശാന്തിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
കേസില്‍ ഇനി 15 പേരുടെ വിചാരണകൂടിയാണ് പൂര്‍ത്തിയാകാനുള്ളത്. ഇന്നലെ ജിജു ജനാര്‍ദ്ദനന്റെ വിചാരണ നടന്നപ്പോള്‍ വാതുവെയ്പ്പുകാരുമായി സംസാരിച്ചതും ഇടപാടുകള്‍ നടത്തിയതും ശ്രീശാന്ത് തന്നെയാണെന്ന് ജിജു കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: