ഭാരതത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കുകയും അതുവഴി ഹിന്ദുമതത്തെ നശിപ്പിച്ച് ഭാരതീയരെ ക്രിസ്ത്യാനികളായി പരിവര്‍ത്തനം ചെയ്തെടുക്കാമെന്ന് ബ്രിട്ടീഷ് രാജ്ഞിക്ക് റിപ്പോര്‍ട്ട് തയ്യാറാക്കികൊടുക്കുകയും ചെയ്ത മെക്കാളെപ്രഭുവിന്റെ ശബ്ദമാണ് മാര്‍ ജോസഫ് പവ്വത്തിലിന്റെയും സഹായികളുടേയും വചനങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.
മാക്സ് മുള്ളറെ ഉപയോഗപ്പെടുത്തി ആര്യനാക്രമണസിദ്ധാന്തം എന്ന നുണപ്രചരിപ്പിച്ച് ഭാരതത്തെ സാംസ്കാരികമായി വിഘടിപ്പിക്കാനുള്ള പരിശ്രമം നടത്തുകയും ഭാരതം ഒരു രാഷ്ട്രമായിരുന്നില്ലെന്ന് പഠിപ്പിക്കുകയും ചെയ്ത വിദ്യാഭ്യാസപദ്ധതി ക്രിസ്ത്യന്‍-മുസ്ലിം മതപരിവര്‍ത്തനശ്രമങ്ങളെ ത്വരിതപ്പെടുത്തി.
ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കേരളത്തില്‍ മരുന്നുകൊടുത്തും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സാധാരണമനുഷ്യരെ ക്രിസ്തുമതത്തിലേക്ക് മാറ്റിക്കൊണ്ടിരുന്നതിന്റെ വലിപ്പം അസഹനീയമായ ഘട്ടത്തില്‍, ശ്രമദ് ചട്ടമ്പിസ്വാമികളെപ്പോലൊരു സാത്വികനായ സന്ന്യാസിശ്രേഷ്ഠന് ക്രിസ്തുമതഛേദനം എന്നൊരു പുസ്തകം എഴുതി പ്രതികരിച്ചത് പുതിയ മെക്കാളെമാര് മറക്കാതിരിക്കുന്നത് നന്നായിരിക്കും.
ശ്രീനാരായണഗുരുവിനെപ്പോലും ക്രിസ്ത്യാനിയാക്കാനുള്ള ശ്രമം നടന്നു. അന്ന് നിര്‍ബന്ധപൂര്‍വ്വം മതം മാറ്റപ്പെട്ടവരുടെ പിന്മുറക്കാര് അവരുടെ ശ്രേഷ്ഠപാരമ്പര്യത്തിലേക്ക് മടങ്ങിവരുന്നത് ഭാരതത്തിന്റെ മതേതരത്ത്വത്തിന് ശക്തിപകരുകമാത്രമേ ചെയ്യുകയുള്ളൂ.
ഭാരതം ഒരിക്കലും ഒരു രാഷ്ട്രമായിരുന്നില്ലെന്നും ബ്രിട്ടീഷുകാരാണ് ആധുനിക ഭാരതത്തിന്റെ സ്രഷ്ടാക്കളെന്നും ക്രൈസ്തവപാരമ്പര്യമുള്ക്കൊള്ളുന്ന യൂറോപ്യന്‍ പാഠമാണ്. അതേതട്ടിപ്പുതന്നെയാണ് പവ്വത്തിലിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്. ‘”’ഭാരതമെന്ന സങ്കല്പംപോലും ഒരുകാലത്ത് വടക്കേ ഇന്ത്യയില്‍ ഒതുങ്ങിനില്ക്കുകയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായിട്ടാണ് നമ്മുടെ ദേശീയബോധം ഉണര്‍ന്നത്.’ അറിഞ്ഞുകൊണ്ട് അസത്യം പ്രചരിപ്പിക്കുന്നവരെ തിരുത്തുക സാധ്യമല്ല. എന്നാല്‍ ഭാരതത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന വിഘടനവാദികള്‍ ഉറപ്പിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് ക്രൈസ്തവ പുരോഹിതന്റെ കുറിപ്പടിയിലൂടെ തെളിയുന്നത്.
അമ്പതോ നൂറോ പേര്, പവ്വത്തിലിന്റെ ഭാഷയില്‍ തെറ്റുമനസ്സിലാക്കിയവര്, തിരിച്ചുവരുമ്പോള്‍ ഇത്രയധികം വേവലാതിപ്പെടുന്നുവെങ്കില്‍ ഹിന്ദുസമൂഹത്തില്‍നിന്ന് ലക്ഷക്കണക്കിന് ആള്‍ക്കാരെ മരുന്നും പണവും നല്‍കിയും, കുതന്ത്രങ്ങളിലൂടെ കെണിയില്‍ വീഴ്ത്തിയും മതംമാറ്റിക്കൊണ്ടുപോകുമ്പോള് ഹിന്ദുക്കള്‍ എത്രമാത്രം പ്രകോപനം ഉണ്ടാക്കണം? അവര്‍ എത്രവലിയ കലാപം നടത്തണം?
മാര്‍ പവ്വത്തില്‍ കൊട്ടിഘോഷിക്കുന്ന മതസൗഹാര്‍ദ്ദം ഹിന്ദുസമൂഹത്തിന്റെ സൗജന്യമാണെന്നു മനസ്സിലാക്കണം. ഭാരതത്തില്‍ ഹിന്ദുക്കള്‍ അതിവേഗം ന്യൂനപക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ അമ്പത് വര്‍ഷത്തെ ജനസംഖ്യാ രേഖകള്‍ സൂചിപ്പിക്കുന്നു. ഭാരതത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ പിന്നെ ഇവിടെ മതേതരത്വത്തിന്റെ പൊടിപോലുമുണ്ടാവില്ലെന്ന് നിസ്സംശയം പറയാം. ക്രൈസ്തവരാജ്യമല്ലെന്ന ്പവ്വത്തില് പ്രഖ്യാപിച്ച വത്തിക്കാനില്‍ ഒരു ഗുരുവായൂരപ്പക്ഷേത്രം സങ്കല്പിക്കാമോ; ശബരിമലയുടെ താഴ്വാരത്തില്‍ നിലയ്ക്കല്‍ പള്ളിപോലെ; മെക്കയില്‍ ഒരു അയ്യപ്പക്ഷേത്രം അനുവദിക്കുമോ? ശബരിമലയിലെ വാവരുപള്ളിപോലെ?
ക്രൈസ്തവ – ഇസ്ലാമിക രാജ്യങ്ങളിലെവിടെയെങ്കിലും വ്യത്യസ്ത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്നതായി അറിവില്ല.
അത് ഭാരതത്തിലേയുള്ളൂ. കാരണം ഇവിടെ ഹിന്ദുക്കള്‍ ഭൂരിപക്ഷമായതുകൊണ്ട്. ഇവിടം എന്നാണോ ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാതാകുന്നത് അന്ന് മുതല്‍ മതസൗഹാര്‍ദ്ദവും അവസാനിക്കും. ബഹുസ്വരതയും വൈവിധ്യവും അസ്തമിക്കും. വിവിധങ്ങളായ ആരാധനാക്രമങ്ങള്‍ അവസാനിക്കും. അതിനുള്ള ബൃഹത്പദ്ധതി ആഗോളതലത്തില്‍ ഉണ്ടെന്ന് പോപ്പ് മുന്നേ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. 1999 നവംബര്‍ 6 ന് ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ ദല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമായി ഒരു കാര്യം വിശദീകരിച്ചിട്ടുണ്ട്. ക്രിസ്തുവര്‍ഷം ഒന്നാം സഹസ്രാബ്ദത്തില്‍ യൂറോപ്പും രണ്ടാം സഹസ്രാബ്ദത്തില്‍ അമേരിക്കയും ആഫ്രിക്കയും ക്രൈസ്തവവല്‍ക്കരിക്കപ്പെട്ടു. ഇനിവരുന്ന മൂന്നാം ക്രിസ്ത്യന്‍ സഹസ്രാബ്ദം ആകുമ്പോഴേക്കും സമ്പന്നവും വിശാലവുമായ ഏഷ്യാഭൂഖണ്ഡത്തെ സമ്പൂര്‍ണ്ണമായും മതപരിവര്‍ത്തനം നടത്തണം.
ഇതു സാധിക്കുന്നതിന് മാര്‍ ജോസഫ് പവ്വത്തിലും സഭയും തങ്ങളുടേതായ പങ്കുവഹിക്കുന്നു എന്നു മാത്രം. അതിനു മറയായി മതസൗഹാര്‍ദ്ദവും ഭരണഘടനയും ന്യൂനപക്ഷ സംരക്ഷണവും ഒക്കെ ഉപയോഗിക്കുന്നു എന്നു വേണം കണക്കാക്കാന്‍. നിലവിലുള്ള സൗഹാര്‍ദ്ദവും സ്നേഹവും തകര്‍ക്കാന്‍ പവ്വത്തിലിനെപ്പോലെയുള്ളവര് പണിയെടുക്കരുതെന്ന് അഭ്യര്തിഥിക്കുന്നു.
(ഭാരതീയവിചാരകേന്ദ്രം സംഘടനാ
സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: