തിരുവനന്തപുരം: പാറ്റൂരിലെ അനധികൃത ഫഌറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്.
സര്‍ക്കാര്‍ ഭൂമി കയ്യേറി സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനി ഫഌറ്റ് സമുച്ചയം നിര്‍മിച്ചതില്‍ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, മൂന്നു കളക്ടര്‍മാര്‍, ജല അതോറിറ്റി എംഡി എന്നിങ്ങനെയുള്ള ഉന്നതോദ്യോഗസ്ഥരുടെയും അഴിമതിയും അധികാരദുര്‍വിനിയോഗവും നടന്നിട്ടുണ്ടെന്നു കാട്ടിയാണ് എഡിജിപി ജേക്കബ്ബ് തോമസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബന്ധപ്പെട്ടവര്‍ക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ഇത് ദുരൂഹവും സംശയകരവുമാണ്. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തയ്യാറാകണമെന്ന് വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അടങ്ങുന്ന ഉന്നതര്‍ നിയമങ്ങള്‍ ലംഘിച്ചും അനധികൃതമായും സര്‍ക്കാര്‍ ഭൂമി കയ്യേറാനും സ്വകാര്യ വ്യക്തിക്ക് ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കാനും കൂട്ടുനില്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരമുള്ള പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്കിയിരിക്കുന്നതായാണ് അറിയുന്നത്. ഇത് മുഖ്യമന്ത്രിയുടെ കര്‍ശന നിര്ദേശപ്രകാരവുമാണ്. ഇത് സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും വിഎസ് പറഞ്ഞു.
പാറ്റൂര്‍ അഴിമതി നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ഇത്തരം നിയമവിരുദ്ധ നടപടികളൊന്നും നടന്നിട്ടില്ലെന്നാണ് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞത്. എന്നാല്‍ ഫയല്‍ രണ്ടു മാസത്തിലേറെ മുഖ്യമന്ത്രി കൈവശം വച്ചശേഷം റവന്യു മന്ത്രി അറിയാതെ ചീഫ് സെക്രട്ടറിക്ക് കൈമാറിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ലാന്‍ഡ് റവന്യു കമ്മീഷണറുടെ ശുപാര്‍ശയെങ്കിലും, വിഷയം ‘സെറ്റില്‍’ ചെയ്യാനുള്ള വിചിത്രമായ നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി നല്‍കിയതെന്നും വിഎസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: