ന്യൂദല്‍ഹി: സുനന്ദ പുഷ്കര്‍ കൊലക്കേസ് അന്വേഷണം ശശി തരൂരിന്റെ സുഹൃത്ത് സഞ്ജയ് ധവാനിലേക്ക് നീളുന്നു. സഞ്ജയ് ധവാന് 5.50ന് സുനന്ദയെ മുറിയിലെത്തി സന്ദര്‍ശിച്ച ശേഷം മറ്റാരും മുറിയിലേക്ക് കടന്നിട്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ധവാന്റെ ഫോണില്‍ നിന്ന് ശശി തരൂരിലേക്ക് പോയ സന്ദേശങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
സുനന്ദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജനുവരി 17ന് വൈകുന്നേരം 4.30 മുതല്‍ വിളിച്ചുണര്‍ത്താന്‍ പലരും ശ്രമിച്ചിട്ടും സുനന്ദ ഉണര്‍ന്നില്ലെന്ന് ജോലിക്കാരന് നാരായണ്‍ സിങിന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍ കുടുംബ സുഹൃത്തായ സഞ്ജയ് ധവാന് 5.50ന് സുനന്ദയുടെ മുറിയിലെത്തി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെന്നാണ് ധവാന്റെ മൊഴി വ്യക്തമാക്കുന്നത്. ഇതിനു ശേഷം സുനന്ദയുടെ മൃതദേഹമാണ് പുറംലോകം കാണുന്നത്. നിരവധി പേര് വിളിച്ചിട്ടും സുനന്ദ ഉണരാതിരുന്നിട്ടും എഐസിസി സമ്മേളനം കഴിഞ്ഞ് 7മണിക്ക് ഹോട്ടലില്‍ എത്തിയ തരൂര്‍ സുനന്ദയുടെ അടുത്തെത്തുന്നത് 8.20ന് മാത്രമാണ്. സമയം വൈകിച്ചത് സുനന്ദ രക്ഷപ്പെടാനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയതായി പോലീസ് കരുതുന്നു.
സുനന്ദയുടെ മരണം സംബന്ധിച്ച് തരൂരും സുഹൃത്തായ ധവാനും പറയുന്നതിലെ പൊരുത്തക്കേടുകളും പോലീസിനെ സംശയിപ്പിക്കുന്നു. സുനന്ദ മരിച്ചത് 345-ാം നമ്പര്‍ മുറിയിലാണെന്ന് തരൂര്‍ പറയുമ്പോള്‍ ധവാന് പറയുന്നത് 307-ാം നമ്പര്‍ മുറിയിലാണ് അവരെ അബോധാവസ്ഥയില്‍ കണ്ടതെന്നാണ്. അങ്ങനെയെങ്കില്‍ എങ്ങനെ സുനന്ദയുടെ മൃതദേഹം 345-ാം നമ്പര്‍ മുറിയിലെത്തിയെന്നതാണ് ദുരൂഹത ഉണര്‍ത്തുന്നത്. ആഫ്രിക്കയിലെ കേപ്പ് വേര്‍ഡ് എന്ന ദ്വീപിലെ ഭാരതത്തിന്റെ ഓണററി കൗണ്‍സിലാണ് സഞ്ജയ് ധവാന്.
അതിനിടെ സുനന്ദ ലൂപ്പസ് ബാധിതയാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നതിനായി 2013ല്‍ ശശി തരൂര്‍ രണ്ട് ഡോക്ടര്‍മാരെ ഏര്‍പ്പാടാക്കിയിരുന്നതായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി ആരോപിച്ചു. ഇതാണ് സുനന്ദയെ മാനസികസമ്മര്‍ദ്ദത്തിലേക്ക് നയിച്ചത്. എന്നാല്‍ പിന്നീട് കേരളത്തിന് വെളിയില്‍ പരിശോധന നടത്താന്‍ സുനന്ദ തീരുമാനിക്കുകയും തനിക്ക് ലൂപ്പസ് ഇല്ലെന്ന് തിരിച്ചറിയുകയും ചെയ്തു. ഇരുവരും തിരുവനന്തപുരത്തു ഉള്ളപ്പോഴാണ് ഇതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാകുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് ദല്‍ഹിയിലേക്കുള്ള വിമാനത്തിലും ദല്‍ഹിയിലും നടന്നത്. കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി അടക്കം ഇതിനു സാക്ഷിയാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
സുനന്ദ പുഷ്കര്‍ കൊല്ലപ്പെട്ടതിന് തൊട്ടുമുമ്പും അതിനു ശേഷവുമുള്ള ശശി തരൂരിന്റെ യാത്രകളും ഫോണ്‍ സംഭാഷണങ്ങളും ഫോണ്‍ സന്ദേശങ്ങളും ഇമെയിലുകളും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. തരൂരിനെ ചോദ്യം ചെയ്യുന്നതിനൊപ്പം ലാപ്ടോപ്പ് അടക്കമുള്ളവ പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: