പ്രകൃതിയെ ഈശ്വരീയ സങ്കല്‍പ്പത്തില്‍ കണ്ടാരാധിക്കുന്നതാണ് ഭാരതീയ വിശ്വാസപ്രമാണം. ഈശ്വരചൈതന്യം കുടികൊള്ളുന്ന സങ്കേതമാണ് ക്ഷേത്രമെന്നുപറയുമ്പോള്‍ ക്ഷേത്രാനുബന്ധമായിട്ടുള്ളതെല്ലാം ആ ചൈതന്യത്തെ ഭക്തനിലേക്ക് പ്രസരിപ്പിക്കുന്ന തീര്‍ത്ഥസ്ഥാനങ്ങളാണ്.
കാവുകളും മലകളും കുളങ്ങളും നദികളും പക്ഷിമൃഗാധികളും വൃക്ഷലതാദികളുമെന്നുവേണ്ട ക്ഷേത്രസംബന്ധിയായിട്ടുള്ളതെല്ലാം ഭക്തനില്‍ നിറഞ്ഞുനില്‍ക്കുന്ന ആത്മചൈതന്യത്തെ കൂടുതല്‍ പ്രകാശിതമാക്കുവാനുതകുന്ന തീര്‍ത്ഥസ്ഥാനങ്ങള്‍ തന്നെ.
പണ്ട് മുനിമാര്‍ തപസുചെയ്യുവാനും വ്യക്തി അവന്റെ ചതുരാശ്രമഘട്ടങ്ങളിലൂടെ ആത്മസാക്ഷാത്ക്കാരം നേടുവാനും മേല്‍ സൂചിതമായ പുണ്യസ്ഥാനങ്ങളെ തിരഞ്ഞെടുത്തിരുന്നു. ഇന്ന് നാം ക്ഷേത്ര ശ്രീകോവിലില്‍ കുടിയിരുത്തി പൂജിക്കുന്ന മൂര്‍ത്തികളൊക്കെയും നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇത്തരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുയര്‍ന്നുവന്നവയാണെന്ന് ക്ഷേത്രൈതിഹ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തില്‍ ഇന്നും ക്ഷേത്രോത്സവങ്ങളുടെ സമാപനത്തോടനുബന്ധിച്ചുനടന്നുവരുന്ന ആറാട്ടെന്ന ആചാരം തീര്‍ത്ഥസ്ഥാനത്തിന്റെ മഹത്വം വ്യക്തമാക്കി തരുന്നതാണ്. ക്ഷേത്രോത്സവങ്ങള്‍ തികഞ്ഞ ആഹ്ലാദത്തോടെയും പ്രാധാന്യത്തോടുമാണ് ഇന്നും കൊണ്ടാടപ്പെടുന്നത്. തലമുറകള്‍ കൈമാറിയ ആചാരാനുഷ്ഠങ്ങള്‍ അണുവിടതെറ്റാതെ നടത്തിപ്പോരുന്ന ഭക്തസമൂഹം നിര്‍ഭാഗ്യവശാല്‍ ക്ഷേത്രങ്ങള്‍ക്കെന്നല്ല വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമൊക്കെ ഹേതുവായ തീര്‍ത്ഥസ്ഥാനങ്ങളെ കഴിഞ്ഞ മൂന്ന് – നാല് പതിറ്റാണ്ടുകളായി മലിനമാക്കുകയോ ക്ഷേത്രവികസനത്തിന്റെ പേരു പറഞ്ഞ് നശീകരണത്തിനു വിധേയമാക്കുകയോ ചെയ്തിരിക്കുന്നു.
ലോകത്തിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയുടെ അവസ്ഥതന്നെ ഉദാഹരിയ്‌ക്കാം; സ്വാമിയുടെ പൂങ്കാവനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയും പരിസരപ്രദേശങ്ങളുമെങ്ങനെ ശോഷണത്തിനുവിധേയമായി! ഭക്തമനസ്സിനെന്നും കുളിരുപകര്‍ന്ന് ഒഴുകുന്ന ദക്ഷിണഭാഗീരഥിയായ പമ്പയും മലയുടെ മാറില്‍ നിന്നൊഴുകി വരുന്ന മറ്റ് തീര്‍ത്ഥവാഹിനികളുമെങ്ങനെ മലിനമാക്കപ്പെട്ടു? വ്രതശുദ്ധിയോടെ ഭക്തന്‍ അണിയുന്ന വസ്ത്രങ്ങളും മാലകളും, വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും മാത്രമല്ല ഭക്തന്റെ വിസര്‍ജ്യങ്ങളെപ്പോലും വഹിക്കുന്ന അഴുക്ക് ചാലായി പുണ്യനദിയായ പമ്പ ഇന്ന് അധഃപതിച്ചില്ലേ?
(തുടരും)
















