ഇസ്ലാമാബാദ് : പെഷവാറിലെ സൈനിക സ്കൂളിലെ കൂട്ടക്കുരുതിക്കു പിന്നാലെ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് താലിബാന്‍. സൈനിക സ്കൂളില്‍ ഉണ്ടായതിലും കൂടുതല്‍ ഭയാനകമായ ആക്രമണങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് തെഹ്‌രീക്ക് ഇ താലിബാന്‍ പാകിസ്ഥാന്‍ (റ്റിറ്റിപി) കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ സംഘടന തലവനായ മുല്ല ഫസലുള്ള ഭീഷണി മുഴക്കിയിരിക്കുന്നത്.
വീഡിയോ എവിടെ വച്ച് ചിത്രീകരിച്ചുവെന്ന കാര്യം വ്യക്തമല്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കായി കഴിഞ്ഞ ദിവസമാണ് വീഡിയോ പുറത്തു വിട്ടത്. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വൃക്ഷനിബഡമായ പ്രദേശത്താണ് ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയില്‍ മുഖം മറച്ച ആയുധധാരികളെയും കാണാനാകും. പാഷ്തോ ഭാഷയിലാണ് ഭീഷണി സന്ദേശം.
പെഷവാര്‍ സ്കൂളിലെ കുട്ടികളെ ബന്ദികളാക്കാമെന്നാണ് കരുതിയതെന്നും എന്നാല്‍ സൈന്യം വെടി വച്ചതോടെയാണ് സ്ഥിതിഗതികള്‍ മാറി മറിഞ്ഞെതെന്ന് ഫസലുള്ള പറഞ്ഞു. ”മുതിര്‍ന്ന കുട്ടികളെയാണ് ഞങ്ങള്‍ കൊന്നത്. അവര്‍ ആര്‍മിയുടെ കുട്ടികളായിരുന്നു. നാളെ അവര്‍ വളര്‍ന്ന് ആര്‍മിയില്‍ ചേര്‍ന്ന് ഞങ്ങളുമായി യുദ്ധം ചെയ്യും”. തങ്ങളുടെ തടവുകാരെ ഇനിയും ദ്രോഹിച്ചാല്‍ പെഷവാര്‍ മറക്കേണ്ടി വരുമെന്ന് റ്റി.റ്റി.പി തലവന്‍ മുന്നറിയിപ്പ് നല്‍കി. ഇത് തങ്ങളും സൈന്യവുമായുള്ള യുദ്ധമാണെന്നും അവര്‍ തങ്ങളുടെ ആളുകളെ കൊന്നാല്‍ തങ്ങള്‍ തിരിച്ചും അതു പോലെ ചെയ്യുമെന്നും ഭീഷണി മുഴക്കി. സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.
പെഷവാറില്‍ നടന്ന ആക്രമണത്തിള്‍ 140 പേരാണ് മരിച്ചത്. ഇവരിലേറെയും സ്കൂള്‍ കുട്ടികളായിരുന്നു. പെഷവാര്‍ കൂട്ടക്കൊലയ്‌ക്ക് ശേഷം പാകിസ്ഥാന്‍ സേന നടത്തിയ നീക്കത്തില്‍ മൗലാനാ ഫസുലുള്ള കൊല്ലപ്പെട്ടതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ റ്റിറ്റിപിയുടെ പുതിയ വീഡിയോ പുറത്തു വന്നതോടു കൂടി ഇയാള്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു.
















